ടെഹ്‌റാന്‍ : ഹെലികോപ്‌ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇറാനിയന്‍ പ്രസിഡന്‍റ് ഇബ്രാഹിം റൈസി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാന്‍ റെഡ് ക്രസന്‍റ് സൊസൈറ്റിയാണ് പ്രസിഡന്‍റിന്‍റെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്‌ടറില്‍ ഒപ്പമുണ്ടായിരുന്ന വിദേശകാര്യ മന്ത്രിയും മരിച്ചതായി സ്ഥിരീകരിച്ചു.
ഹെലികോപ്‌ടര്‍ അപകടത്തില്‍ പെട്ട മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്നെങ്കിലും റൈസിയേയോ മറ്റുള്ളവരെയോ കണ്ടെത്താനായിരുന്നില്ല. അതേസമയം ഹെലികോപ്‌ടറിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിരുന്നു. പൂര്‍ണമായി കത്തി നശിച്ച നിലയിലായിരുന്നു ഹെലികോപ്‌ടര്‍. ഇറാന്‍ മാധ്യമങ്ങളും പ്രസിഡന്‍റിന്‍റെ മരണം സ്ഥിരീകരിച്ചു.
അതേസമയം, ഇബ്രാഹിം റൈസിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധത്തില്‍ റൈസിയുടെ സംഭവാനകളെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ആണ് മോദി കുറിപ്പ് പങ്കുവച്ചത്.
'ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക് പ്രസിഡന്‍റ് ഡോ. സെയ്‌ദ് ഇബ്രാഹിം റൈസിയുടെ ദാരുണമായ വിയോഗത്തില്‍ അഗാധമായ ദുഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ഇറാന്‍ ജനതയ്‌ക്കും എന്‍റെ ഹൃദയംഗമമായ അനുശോചനം. ദുഖകരമായ ഈ സമയത്ത് ഇന്ത്യ, ഇറാനൊപ്പം നില്‍ക്കുന്നു' -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.