ടെഹ്‌റാന്‍ : ഇറാനിയന്‍ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയും സഹപ്രവര്‍ത്തകരും സഞ്ചരിച്ച ഹെലികോപ്‌ടര്‍ തകര്‍ന്നുള്ള അപകടത്തില്‍ പുറത്തുവരുന്നത് ആശങ്കാജനകമായ വാര്‍ത്തകള്‍. അപകടം നടന്ന മേഖലയില്‍ നിന്ന് ഹെലികോപ്‌ടറിന്‍റെ അവശിഷ്‌ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും പ്രസിഡന്‍റ് റൈസി അടക്കമുള്ളവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് ഇറാനിയന്‍ റെഡ് ക്രസന്‍റ് സൊസൈറ്റി നല്‍കുന്ന വിവരം.
പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 73 രക്ഷാപ്രവര്‍ത്തകരാണ് മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. അസര്‍ബൈജാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങവെയാണ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്‌ടര്‍ അതിര്‍ത്തിയില്‍ അപകടത്തില്‍ പെടുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചോപ്പര്‍ ക്രാഷ് ലാന്‍ഡ് ചെയ്‌തതാകാമെന്ന തരത്തിലും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ തകര്‍ന്ന ഹെലികോപ്‌ടറിന്‍റെ ഭാഗങ്ങള്‍ ലഭിച്ചതോടെ അപകടം തന്നെയാണെന്ന് വ്യക്തമാണ്.
റൈസിയ്‌ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി തെരച്ചില്‍ നടക്കുമ്പോള്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇറാനിയന്‍ പ്രസിഡന്‍റിനും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. റഷ്യ അടക്കമുള്ള രാജ്യങ്ങളും ഇറാന് സഹായവുമായി രംഗത്തുവന്നു.