മുംബൈ : ഇന്ത്യ സഖ്യത്തിനുള്ളിലെ ഏകോപനമില്ലായ്‌മയിൽ ആശങ്കയുണ്ടെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ദുര്‍ബലപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാഷണൽ കോൺഫറൻസ് നേതാവും കശ്‌മീര്‍ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള സഖ്യത്തിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് പറഞ്ഞതിനോട് യോജിക്കുന്നു എന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു.
'ഒമർ അബ്‌ദുള്ള പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ചാണ് പോരാടിയത്. അതിന്‍റെ ഫലങ്ങളും മികച്ചതായിരുന്നു. അതിനുശേഷം, ഇന്ത്യ സഖ്യത്തെ സജീവമായി നിലനിർത്തേണ്ടത് നമ്മുടെ എല്ലാവരുടെയും, പ്രത്യേകിച്ച് കോൺഗ്രസിന്‍റെയും ഉത്തരവാദിത്തമായിരുന്നു.' - റാവത്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിലെ അംഗങ്ങൾക്കിടയിൽ ഒരു യോഗമോ ഏകോപനമോ നടന്നിട്ടില്ലെന്നും ഇത് സഖ്യത്തിന്‍റെ ഐക്യത്തിന് ഹാനികരമാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
ഒമര്‍ അബ്‌ദുള്ളയ്ക്ക് പുറമേ, മമത ബാനർജി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ തുടങ്ങി വിവിധ പാർട്ടികളുടെ നേതാക്കളും സഖ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സഖ്യം വേർപിരിഞ്ഞാൽ അത് എന്നെന്നേക്കുമുള്ള ഒരു പിളർപ്പായിരിക്കുമെന്നും സഞ്‌ജയ് റാവത്ത് സൂചിപ്പിച്ചു. ജനങ്ങളുടെ മനസിൽ അത്തരമൊരു തോന്നൽ വന്നാൽ, സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസായിരിക്കും അതിന് ഉത്തരവാദി എന്നും റാവത്ത് വ്യക്തമാക്കി.
നേതൃത്വം, അജണ്ട, ബ്ലോക്കിന്‍റെ നിലനിൽപ്പ് എന്നിവയെക്കുറിച്ച് ഇന്ത്യ സഖ്യത്തിന് യാതൊരു വ്യക്തതയുമില്ല എന്നാണ് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യ സഖ്യം പാർലമെന്‍റ് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നെങ്കില്‍ അത് പൂട്ടിക്കെട്ടണമെന്നും ഒമര്‍ അബ്‌ദുള്ള പറഞ്ഞു.