ജറുസലേം: ഇസ്രയേലിൽ ഇറാന്‍റെ മിസൈൽ ആക്രമണം. ഇരുന്നൂറോളം ബാലിസ്‌റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴക്കി. ഇന്ത്യക്കാരെ ഉൾപ്പെടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രള്ളയുടെ കൊലപാതകത്തിനും ലെബനനിൽ ഇസ്രയേൽ നടത്തിയ കര ആക്രമണത്തിനും പുറകെയാണ് ഇറാന്‍റെ മിസൈൽ ആക്രമണം നടന്നത്. ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള പരിമിതമായ കര ആക്രമണത്തിന് ഇസ്രയേൽ തുടക്കം കുറിച്ചിരുന്നു. ആക്രമണം ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ളതാണെന്നും പൗരന്മാർ തെക്കൻ ലെബനനിലെ 20 പട്ടണങ്ങൾ ഉടൻ ഒഴിയണമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാൻ ഇസ്രയേലിനെതിരെ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്താൻ തയ്യാറെടുക്കുകയാണെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് പുറകെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അതേസമയം ടെൽ അവീലിൽ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതായും റിപോർട്ടുകൾ ഉണ്ട്. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇറാൻ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്ഥിതിഗതികൾ വിലയിരുത്താനായി യുഎൻ രക്ഷാസമിതി യോഗം ചേരും. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും സംഭവങ്ങൾ നിരീക്ഷിച്ചു വരികയാണെന്നറിയിച്ചിട്ടുണ്ട്. അതേസമയം ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടു. ഇറാനിയൻ ആക്രമണങ്ങൾക്കെതിരായ ഇസ്രയേലിൻ്റെ പ്രതിരോധത്തെ സഹായിക്കാനും ഇസ്രയേലിനെ ലക്ഷ്യമിടുന്ന മിസൈലുകൾ വെടിവെച്ചിടാനും പ്രസിഡൻ്റ് ബൈഡൻ യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം മേഖലയിലെ സംഘർഷങ്ങള്‍ പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കാർ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
Also Read: ലബനനില്‍ കരയുദ്ധം തുടങ്ങിയെന്ന് ഇസ്രയേല്‍; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള