മനുഷ്യന്‍റെ കാല്‍പാദം ആദ്യമായി ചന്ദ്രനില്‍ പതിഞ്ഞിട്ട് ഇന്ന് 55 വര്‍ഷം പിന്നിടുകയാണ്. 1969ലെ ജൂലൈ 20നായിരുന്നു ആ ചരിത്ര നിമിഷത്തിന് ലോകം സാക്ഷിയായത്. ഈ മഹാസംഭവത്തിന്‍റെ ഓര്‍മ്മ പുതുക്കലായാണ് ലോകമെമ്പാടും ഇന്ന് ചാന്ദ്ര ദിനം ആചരിക്കുന്നത്.
ജ്യോതിശാസ്‌ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്‍റെ പ്രാധാന്യം, മനുഷ്യന്‍റെ ആദ്യ ചന്ദ്രയാത്രയുടെ പ്രസക്‌തി എന്നിവ ജനങ്ങളെ ഓര്‍മ്മിപ്പിക്കാനും വിദ്യാര്‍ഥികളിലടക്കം ഇത് സംബന്ധിച്ച അവബോധം വളര്‍ത്താനുമാണ് ഈ ദിനം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്‌ത്രസംഘടനകളുടെ നേതൃത്വത്തിലും ശാസ്‌ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
ഐക്യരാഷ്‌ട്രസഭ പൊതുസഭയാണ് എല്ലാക്കൊല്ലവും ജൂലൈ 20 രാജ്യാന്തര ചാന്ദ്രദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. 2021ല്‍ ബഹിരാകാശത്തിന് വെളിയില്‍ സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ 76ല്‍ 76 വോട്ടും നേടിയാണ് ഇതിനുള്ള പ്രമേയം സഭ പാസാക്കിയത്.
എല്ലാത്തിന്‍റെയും തുടക്കം: 'മനുഷ്യന് ചെറിയ ഒരു കാല്‍വയ്‌പ്, മാനവരാശിക്കോ ഒരു കുതിച്ചുചാട്ടം...' ആദ്യമായി ചന്ദ്രനില്‍ കാല്‍തൊട്ട ശേഷം നീല്‍ ആംസ്ട്രോങ് പറഞ്ഞ വാക്കുകള്‍. അപ്പോളോ 11 പേടകത്തിലായിരുന്നു നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവര്‍ നാസയുടെ ചാന്ദ്രദൗത്യത്തില്‍ പങ്കാളികളായത്.
തങ്ങള്‍ കാലുകുത്തിയ ഭാഗത്തിന് പ്രശാന്തതയുടെ തീരം എന്നാണ് ഇവര്‍ പേര് നല്‍കിയത്. ബഹിരാകാശ യാത്രയുടെ ചരിത്രത്തിലെ പുതു അധ്യായത്തിന് അവിടെ തുടക്കമാകുകയായിരുന്നു. നീല്‍ ആംസ്ട്രോങ് ആദ്യം ചന്ദ്രനില്‍ ഇറങ്ങി നടന്നു. പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങി. ദൗത്യത്തിന് ഇവരെ സഹായിച്ച ലൂണാര്‍ മൊഡ്യൂള്‍ ഈഗിള്‍ സ്പേസ്ക്രാഫ്‌റ്റ് നിയന്ത്രിക്കാനുള്ള ദൗത്യമായിരുന്നു കോളിന്‍സിനുണ്ടായിരുന്നത്.
ചന്ദ്രനില്‍ ഇറങ്ങി ആറ് മണിക്കൂറിന് ശേഷമായിരുന്നു ചന്ദ്ര പ്രതലത്തിലേക്ക് ആംസ്‌ട്രോങ് കാലെടുത്ത് വച്ചത്. ബഹിരാകാശ പേടകത്തിന് പുറത്ത് അദ്ദേഹം രണ്ടരമണിക്കൂറോളം സമയം ചെലവഴിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെയായിരുന്നു ചന്ദ്രോപരിതലത്തിലേക്ക് എഡ്വിൻ ആല്‍ഡ്രിൻ ഇറങ്ങിയത്. 21 മണിക്കൂറിലധികം നേരം ചന്ദ്രോപരിതലത്തില്‍ 'ട്രാൻക്വിലിറ്റി ബേസ്' എന്ന് സ്ഥലത്ത് ചെലവഴിച്ച ഇരുവരും ചേര്‍ന്ന് 21.5 കിലോഗ്രാം ചാന്ദ്രവസ്‌തുക്കളും ശേഖരിച്ചിരുന്നു. ചരിത്രനേട്ടം സാധ്യമാക്കിയതിന് പിന്നാലെ ജൂലൈ 24നായിരുന്നു ഭൂമിയിലേക്കുള്ള ഇവരുടെ മടക്കം.
ചന്ദ്രന്‍: ആകാശത്ത് എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും വിധമാണ് ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്. നമ്മോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ചന്ദ്രന് നമ്മുടെ സംസ്‌കാരവുമായി ഏറെ ബന്ധമുണ്ട്. ഇതിന് പുറമെ ഭൂമിയിലെ വേലിയേറ്റ വേലിയിറക്കങ്ങളെയും ചന്ദ്രന്‍ സ്വാധീനിക്കുന്നു.
ഭൂമിയുടെ മൂന്നിലൊന്ന് മാത്രമാണ് ഈ ഗോളത്തിന്‍റെ വലുപ്പം. 10,917 കിലോമീറ്ററാണ് ഇതിന്‍റെ വ്യാസം. ചന്ദ്രന് അന്തരീക്ഷമില്ല. അതുകൊണ്ട് തന്നെ ചന്ദ്രന് താപനില നിലനിര്‍ത്താനാകില്ല. ഭൂമിയില്‍ നിന്ന് 384,400 കിലോമീറ്റര്‍ അകലെയായാണ് ചന്ദ്രന്‍റെ സ്ഥാനം. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് 17 ദിവസം വേണം.
നാസയില്‍ നിന്നുള്ള കണക്കുകള്‍ ഇങ്ങനെ
- ഭൂമിയില്‍ നിന്നുള്ള ശരാശരി അകലം: 238,855 മൈല്‍(384,400 കിലോമീറ്റര്‍)
- ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയോട് ഏറ്റവും അടുപ്പം(Perigee): 225,700 മൈല്‍(363,300 കിലോമീറ്റര്‍)
- ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയോട് ഏറ്റവും കൂടിയ അകലം(Apogee): 252,000 മൈല്‍(405,500 കിലോമീറ്റര്‍)
- ഭ്രമണപഥ ചുറ്റളവ്: 1,499,618 മൈല്‍(2,413,402 കിലോമീറ്റര്‍)
- ശരാശരി ഭ്രമണപഥ പ്രവേഗം: മണിക്കൂറില്‍ 2,287 മൈല്‍( മണിക്കൂറില്‍ 3,680.5 കിലോമീറ്റര്‍)
ചന്ദ്രന്‍ എങ്ങനെയാണ് വേലിയേറ്റ വേലിയിറക്കങ്ങള്‍ക്ക് കാരണമാകുന്നത്?: ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണം മൂലം വെള്ളം മുകളിലേക്ക് ഉയരുന്നു. ഇത് ഉയര്‍ന്ന തിരമാലകള്‍ക്കും വേലിയേറ്റത്തിനും കാരണമാകുന്നു. ഭൂമിയുടെ ആകര്‍ഷണം മൂലം ഇത് നേരെ തിരിച്ചും സംഭവിക്കുന്നു. ഇത് മൂലം ദിവസവും രണ്ട് വേലിയേറ്റവും രണ്ട് വേലിയിറക്കവും സംഭവിക്കുന്നു.
മനുഷ്യന്‍ ചന്ദ്രനിലെത്തിയത് എത്രതവണ?: ഇതുവരെ നാസ ആറ് പേരെ ചന്ദ്രനിലേക്ക് അയച്ചു. എല്ലാം അപ്പോളോ ദൗത്യത്തിലൂടെ തന്നെ ആയിരുന്നു. 1961നും 1972നുമിടയിലാണ് ഈ ദൗത്യങ്ങള്‍ എല്ലാം നടന്നത്.
അപ്പോളോ പതിനൊന്നില്‍ നീല്‍ ആംസ്ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും 1969 ജൂലൈ 20ന് ചന്ദ്രനില്‍ എത്തിച്ച ശേഷം അഞ്ച് ചാന്ദ്ര ദൗത്യങ്ങള്‍ കൂടി അമേരിക്ക നടത്തി. 1972 വരെയുള്ള കാലത്താണ് ഇത് നടന്നത്. 12 മനുഷ്യര്‍ ചന്ദ്രോപരിതലത്തില്‍ നടന്നു. പിന്നീടാരും ചന്ദ്രനിലേക്ക് പോയിട്ടില്ല.
എന്നാല്‍, നാസ വീണ്ടും ചാന്ദ്രദൗത്യങ്ങളുമായി സജീവമാകുകയാണ്. 2025ല്‍ ആര്‍ട്ടെമിസ് 3 ദൗത്യത്തിലൂടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് അവര്‍.
ഇന്ത്യ ചന്ദ്രനില്‍: 2023 ജൂലൈ പതിനാലിന് ചന്ദ്രയാന്‍ മൂന്ന് ദൗത്യം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയ രാജ്യമെന്ന ഖ്യാതി ഇതോടെ ഇന്ത്യ സ്വന്തമാക്കി. ചന്ദ്രയാന്‍-3 ദൗത്യം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിന് സമീപമാണ് ഇറങ്ങിയത്. 2023 ഓഗസ്റ്റ് 23നായിരുന്നു ഈ ചരിത്ര നേട്ടം. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് കേവലം 300 കിലോമീറ്റര്‍ മാത്രം അകലെയുള്ള മാലാപെര്‍ത്ത് എന്ന ഗര്‍ത്തത്തിന് സമീപമായിരുന്നു ലാൻഡിങ്.
ചന്ദ്രനിലിറങ്ങിയ രാജ്യങ്ങള്‍
സോവിയറ്റ് യൂണിയന്‍: സോവിയറ്റ് യൂണിയന്‍റെ 'ലൂണ 9' ആണ് ആദ്യമായി ചന്ദ്രനിലിറങ്ങിയ വാഹനം. 1966ലായിരുന്നു ഇത്.
അമേരിക്ക: 1969ല്‍ നാസയുടെ അപ്പോളോ 11 ദൗത്യം നീല്‍ ആംസ്ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും ചന്ദ്രനിലെത്തിച്ചു. ബഹിരാകാശ മത്സരത്തിലെ സുപ്രധാന സംഭവമായിരുന്നു ഇത്. പിന്നീട് ആറ് ദൗത്യങ്ങളിലായി അമേരിക്ക 12 ബഹിരാകാശ ഗവേഷകരെ ചന്ദ്രനിലിറക്കി.
ചൈന: ചൈനയുടെ ആദ്യ ചാന്ദ്രദൗത്യമായ 'യുതു' 2013ലാണ് ചന്ദ്രനിലിറങ്ങിയത്. ഇവരുടെ രണ്ടാം ചാന്ദ്രദൗത്യമായ 'യുതു 2' ചന്ദ്രന്‍റെ മറുവശത്ത് 2019ല്‍ ഇറങ്ങി.
റഷ്യ: റഷ്യ 1976ല്‍ ചന്ദ്രനില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു.
ഇന്ത്യ: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3 2023ല്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി അതോടെ രാജ്യം സ്വന്തമാക്കി.
ജപ്പാന്‍: ജപ്പാന്‍ ഈ ജനുവരിയിലാണ് ചന്ദ്രനെ തൊട്ടത്. പക്ഷേ ഇത് തെറ്റായ വശത്ത് ആയതിനാല്‍ സോളാര്‍പാനലുകള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല.
ചന്ദ്രനിലിറങ്ങിയ ആദ്യ മനുഷ്യന്‍ നീല്‍ ആംസ്ട്രോങ് ആണെങ്കില്‍ ഇതുവരെ ഇറങ്ങിയതില്‍ അവസാനത്തെ ആള്‍ ഹാരിസണ്‍ ഷ്‌മിറ്റ് ആണ്. ഏതായാലും ഇനിയും ചന്ദ്രന്‍റെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രകള്‍ മനുഷ്യര്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. ഐഎസ്‌ആര്‍ഒയും ചാന്ദ്രപര്യവേഷണങ്ങള്‍ തുടരുക തന്നെയാണ്. നാസയും റഷ്യയും അടക്കമുള്ള രാജ്യങ്ങളും ഒപ്പം തന്നെയുണ്ട്. നമുക്ക് ഇനിയും കൂടുതല്‍ ചന്ദ്ര വിശേഷങ്ങളറിയാന്‍ കാത്തിരിക്കാം.