ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോയുടെ രാജിക്കായി സമ്മർദം ചെലുത്തി വിമത എംപിമാർ. ഇക്കാര്യത്തിൽ ഒക്ടോബർ 28 നകം തീരുമാനം ഉണ്ടാകണമെന്ന് ലിബറൽ എംപിമാർ ആവശ്യപ്പെട്ടു. ഹൗസ് ഓഫ് കോമൺസ് സെഷനോടൊപ്പം നടക്കാറുള്ള പ്രതിവാര കോക്കസ് മീറ്റിംഗുകളുടെ ഭാഗമായുള്ള ഒത്തുചേരലിലായിരുന്നു ട്രൂഡോയോടുള്ള വിയോജിപ്പുകളും പാർട്ടിക്കുള്ളിലെ അതൃപ്‌തികളും ലിബറൽ എംപിമാർ നേരിട്ട് അറിയിച്ചത്.
ട്രൂഡോയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടുള്ള കരാറിൽ 24 എംപിമാർ ഒപ്പുവെച്ചതായാണ് വിവരം. മീറ്റിംഗിൽ ബ്രിട്ടീഷ് കൊളംബിയ എംപി പാട്രിക് വെയ്‌ലർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തീരുമാനിച്ചതിന് ശേഷം ഡെമോക്രാറ്റുകൾ കണ്ടതിന് സമാനമായ മാറ്റം ട്രൂഡോയുടെ രാജിയിലൂടെ ലിബറൽ പാർട്ടിക്കും സാധ്യമാകുമെന്നാണ് പാട്രിക് വെയ്‌ലരുടെ വാദം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ എംപിമാർക്ക് പ്രസംഗിക്കാൻ രണ്ട് മിനിറ്റ് വീതം അനുവദിച്ചു. ചില എംപിമാർ ട്രൂഡോക്ക് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും കാനഡയും തമ്മിൽ വർധിച്ചുവരുന്ന നയതന്ത്ര സംഘർഷങ്ങള്‍ക്കിടയിലാണ് കാനഡയിലെ രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നത്.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ കഴിഞ്ഞ വർഷം കനേഡിയൻ പാർലമെൻ്റിൽ ആരോപിച്ചതിനെ തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങുന്നത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ ക്രിമിനലുകളെ പിന്തുണയ്‌ക്കുന്നുവെന്ന് ട്രൂഡോ അടുത്തിടെ ആരോപിച്ചു. 2020 ൽ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ, കഴിഞ്ഞ വർഷം ജൂണിൽ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.