ന്യൂഡൽഹി : റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷത്തിൽ റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്‌ത രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം. മോസ്‌കോയിലെ ഇന്ത്യൻ എംബസി മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
'മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു. മോസ്കോയിലെ ഞങ്ങളുടെ എംബസി മൃതശരീരങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. റഷ്യൻ സൈന്യത്തോടൊപ്പമുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും മോചിപ്പിക്കാനും തിരികെയെത്തിക്കാനുമുളള നടപടിയെടുത്തിട്ടുണ്ട്' -വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യയിൽ തൊഴില്‍ തേടുമ്പോൾ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇന്ത്യൻ പൗരന്മാരെ റഷ്യൻ ആർമിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തടയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഏജൻ്റുമാരാൽ കബളിപ്പിക്കപ്പെട്ടാണ് ഓരോ ഇന്ത്യൻ പൗരനും റഷ്യയിലെത്തുകയും സൈന്യത്തിൽ ചേരുകയും ചെയ്യുന്നത്.
ഈയിടെ സിബിഐ നിരവധി വാഗ്‌ദാനങ്ങൾ നൽകി ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം പ്രവർത്തിക്കുന്ന വലിയ മനുഷ്യക്കടത്ത് ശൃംഖലയിൽ പ്രവർത്തിക്കുന്നവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. വിദേശത്ത് ആകർഷകമായ ജോലി വാഗ്‌ദാനം ചെയ്യും. എന്നാൽ അവരെ റഷ്യ-യുക്രെയ്ൻ യുദ്ധമേഖലയിലേക്കാണ് റിക്രൂട്ട് ചെയ്യുന്നത്.
ഡൽഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ എന്നിങ്ങനെ 13 സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസി ഒരേസമയം തെരച്ചിൽ നടത്തുകയുണ്ടായി. റഷ്യയിൽ ഉയർന്ന ശമ്പളം വാഗ്‌ദാനം ചെയ്‌ത് ഇന്ത്യൻ പൗരന്മാരെ ആകര്‍ഷിക്കുകയാണ് ഇത്തരം ഏജന്‍സികള്‍ ചെയ്യുന്നതെന്ന് സിബിഐ പറഞ്ഞു.
Also Read: ബംഗ്ലാദേശ് എംപിയുടെ അരുംകൊല; ശരീര ഭാഗങ്ങള്‍ കണ്ടെത്താനാകാതെ അന്വേഷണ സംഘം, തെരച്ചില്‍ തുടരുന്നു