ഒട്ടാവ: കാനഡയിൽ റൂം മേറ്റുമായുള്ള വഴക്കിനിടെ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു. ലാംടൺ കോളജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെന്‍റ് വിദ്യാർഥിയായ ഗുരാസിസ് സിങ്ങാണ് (22) കൊല്ലപ്പെട്ടത്. പഞ്ചാബ് സ്വദേശിയാണ് ഗുരാസിസ് സിങ്. സംഭവത്തിൽ ക്രോസ്ലി ഹണ്ടർ (36) എന്ന പ്രതിയെ കൊലപാതക കുറ്റം ചുമത്തി റിമാൻഡ് ചെയ്‌തു.
സർനിയ പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ഞായറാഴ്‌ച (ഡിസംബർ 1) ക്യൂൻ സ്ട്രീറ്റിലെ ഒരു ഷെയർ റൂമിങ് ഹൗസിലാണ് സംഭവം നടന്നത്. 194 ക്വീൻ സ്ട്രീറ്റിൽ ഒരാൾക്ക് കുത്തേറ്റുവെന്ന് പൊലീസിനെ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരാസിസ് സിങിന് ഒന്നിലധികം തവണ കുത്തേറ്റതായി കണ്ടെത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രതിയായ ക്രോസ്ലി ഹണ്ടറെ കസ്‌റ്റഡിയിലെടുത്തു.
ഗുരാസിസ് സിങ്ങും ഹണ്ടറും തമ്മിൽ അടുക്കളയിൽ വച്ച് വഴക്കുണ്ടായി, ഇതിനിടയിലാണ് റൂം മേറ്റ് കത്തി ഉപയോഗിച്ച് സിങ്ങിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ ഗുരാസിസ് സിങ്ങിന് കുത്തേറ്റതായും കണ്ടെത്തിയിരുന്നു. അതേസമയം ഈ കുറ്റകൃത്യം വംശീയ പ്രേരിതമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. മാത്രമല്ല ക്രോസ്ലി ഹണ്ടറിനെ അറസ്‌റ്റ് ചെയ്തെങ്കിലും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് സർനിയ പൊലീസ് മേധാവി ഡെറക് ഡേവിസ് അറിയിച്ചു.
കൊലപാതകത്തിന് കാരണം എന്തെന്ന് വ്യക്തമാക്കാൻ ലഭ്യമായ എല്ലാ തെളിവുകളും ശേഖരിക്കുമെന്ന് സർനിയ പൊലീസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻസ് ഡിവിഷൻ അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, ഗുരാസിസിന്‍റെ മരണത്തിന് പിന്നാലെ സുഹൃത്തുക്കൾക്കും സഹപാഠികൾക്കും പിന്തുണ നൽകാൻ കൂടുതൽ പേര്‍ രംഗത്തെത്തി. സാർനിയയിലെ ലാംടൺ കോളജും വിദ്യാർഥിയുടെ മരണത്തിൽ അനുശേചിച്ചു. 'ഒന്നാം വർഷ ബിസിനസ് മാനേജ്‌മെന്‍റ് - ഇന്‍റർനാഷണൽ ബിസിനസ് വിദ്യാർഥിയായ ഗുരാസിസ് സിങ്ങിന്‍റെ വിയോഗത്തില്‍ ലാംടൺ കോളജ് അനുശോചനം അറിയിക്കുന്നു,' എന്ന് കോളജ് പ്രസ്‌താവനയിൽ പറഞ്ഞു.
ഗുരാസിസിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും തങ്ങൾ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കോളജ് പ്രസ്‌താവനയിൽ കുറിച്ചു. മാത്രമല്ല ഗുരാസിസിന്‍റെ കുടുംബവുമായി ബന്ധപ്പെടുകയും, ശവസംസ്‌കാര ക്രമീകരണങ്ങളിലും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിലും കുടുംബത്തെ സഹായിക്കുമെന്ന് കുടുംബത്തെ അറിയിച്ചതായും കോളജ് അധികൃതര്‍ കൂട്ടിച്ചേർത്തു.