ന്യൂയോർക്ക് : യുഎസിലെ ബോസ്‌റ്റൺ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ എഞ്ചിനീയറിങ് വിദ്യാർഥിയായ 20 കാരനെ വനമേഖലയിൽ ഉപേക്ഷിച്ച കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് ഗുണ്ടൂരില്‍ നിന്ന് ഉപരിപഠനത്തിനായി യുഎസിലെത്തിയ അഭിജിത്ത് പരുചൂരി എന്ന വിദ്യാർഥിയാണ് മരിച്ചത്. മാർച്ച് 11 മുതലാണ് അഭിജിത്ത് പരുചൂരിനെ കാണാതായത്. സുഹൃത്തുക്കൾ ഇയാളെ കാണാതായതായി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് മൊബൈൽ ഫോൺ സിഗ്നലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഭിജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അജ്ഞാതരായ അക്രമികളാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക അന്വേഷണത്തില്‍ തെറ്റായ ഒന്നും കണ്ടെത്താനായില്ല എന്ന് അധികൃതർ പറഞ്ഞു. അഭിജിത്ത് പരുചൂരിന്‍റെ നിർഭാഗ്യകരമായ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ അഗാധമായ ദുഃഖം ഉണ്ടെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സില്‍ കുറിച്ചു.
പരുചൂരി ചക്രധറിന്‍റെയും ശ്രീലക്ഷ്‌മിയുടെയും ഏക മകനായ അഭിജിത്ത് മിടുക്കനായ വിദ്യാർഥിയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്‍റെ മൃതദേഹം വെള്ളിയാഴ്‌ച വൈകിട്ടാണ് ജന്മനാടായ ഗുണ്ടൂരിലെ ബുരിപാലം ഗ്രാമത്തിലെത്തിയത്. യുവാവിന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും ഡോക്യുമെന്‍റേഷനും ആവശ്യമായ സഹായം നൽകിയിട്ടുണ്ടെന്നും വിഷയത്തിൽ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.
20 കാരനായ അഭിജിത്തിന്‍റെ അന്ത്യകർമങ്ങൾ ഇതിനകം ആന്ധ്രാപ്രദേശിലെ അദ്ദേഹത്തിന്‍റെ ജന്മനാടായ തെനാലിയിൽ നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. യുഎസില്‍ പ്രവർത്തിക്കുന്ന സംഘടനയായ ടീം എയ്‌ഡ് അദ്ദേഹത്തിന്‍റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ സഹായിച്ചിരുന്നു.
2024 ന്‍റെ തുടക്കം മുതൽ, യുഎസിൽ നടന്ന ഇന്ത്യൻ വംശജരുടെ മരണങ്ങൾ : ഇന്ത്യൻ വംശജരായ വിദ്യാർഥികളുടെ അര ഡസൻ മരണങ്ങളെങ്കിലും 2024 ന്‍റെ തുടക്കം മുതൽ ഉണ്ടായിട്ടുണ്ട്. ആക്രമണങ്ങളുടെ എണ്ണത്തിൽ ഭയാനകമായ വർധനവ് സമൂഹത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
മാർച്ചിൽ, മിസോറിയിലെ സെന്‍റ് ലൂയിസിൽ, ഇന്ത്യയിൽ നിന്നുള്ള പരിശീലനം ലഭിച്ച ക്ലാസിക്കൽ നർത്തകനും വാഷിംഗ്‌ടൺ സർവകലാശാലയിലെ വിദ്യാർഥിയുമായ അമർനാഥ് ഘോഷ് (34) വെടിയേറ്റ് മരിച്ചിരുന്നു. കുച്ചിപ്പുഡി, ഭരതനാട്യം നർത്തകനായ ഘോഷ് തന്‍റെ നൃത്ത സ്വപ്‌നങ്ങൾ പിന്തുടരാൻ കഴിഞ്ഞ വർഷമാണ് പശ്ചിമ ബംഗാളിൽ നിന്ന് യുഎസിലേക്ക് കുടിയേറിയത്. സെന്‍റ് ലൂയിസ് അക്കാദമിയുടെയും സെൻട്രൽ വെസ്‌റ്റ് എൻഡിന്‍റെയും അതിർത്തിക്ക് സമീപം നിരവധി തവണയാണ് അമർനാഥിന് വെടിയേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചു.
ഫെബ്രുവരി 5 ന് ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ പർഡ്യൂ സർവകലാശാലയിലെ ഇന്ത്യൻ - അമേരിക്കൻ വിദ്യാർഥിയായ 23 കാരനായ സമീർ കാമത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഫെബ്രുവരി 2 ന്, വാഷിംഗ്‌ടണിലെ ഒരു റെസ്‌റ്റോറന്‍റിന് പുറത്ത് നടന്ന ആക്രമണത്തിനിടെ 41 കാരനും ഇന്ത്യൻ വംശജനുമായ ഐടി എക്‌സിക്യൂട്ടീവ് വിവേക് തനേജയ്ക്ക് ഗുരുതരമായ പരിക്കുകൾ പറ്റിയിരുന്നു.
അതിന് ഒരാഴ്‌ച മുമ്പ് ഷിക്കാഗോയിൽ വച്ച് ഇന്ത്യൻ വിദ്യാർഥി സയ്യിദ് മസാഹിർ അലി കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായി. നേരത്തെ, ജോർജിയ സ്‌റ്റേറ്റിലെ ലിത്തോണിയ നഗരത്തിൽ 25 കാരനായ ഇന്ത്യൻ വിദ്യാർഥി വിവേക് സൈനിയെ ഭവനരഹിതരായ മയക്കുമരുന്നിന് അടിമ മാരകമായി ആക്രമിച്ചിരുന്നു. ജനുവരിയിൽ ഒഹായോ സ്‌റ്റേറ്റിലെ ലിൻഡ്‌നർ സ്‌കൂൾ ഓഫ് ബിസിനസ് വിദ്യാർഥിയായ ശ്രേയസ് റെഡ്ഡി ബെനിഗർ എന്ന 19 കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇന്ത്യാനയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ നീൽ ആചാര്യ എന്ന മറ്റൊരു ഇന്ത്യൻ വിദ്യാർഥിയെ ജനുവരി 28 ന് കാണാതായി ദിവസങ്ങൾക്ക് ശേഷം മരിച്ചതായി സ്ഥിരീകരിച്ചു. ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിലെ ഉർബാന-ചാമ്പെയ്‌നിലെ 18 കാരനായ അകുൽ ബി ധവാനെ ഹൈപ്പോഥെർമിയയുടെ ലക്ഷണങ്ങളോടെ കഴിഞ്ഞ മാസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും/വിദ്യാർഥികൾക്കുമെതിരായ ആക്രമണ പരമ്പരകൾ വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസിയിലെയും വിവിധ സ്ഥലങ്ങളിലെ കോൺസുലേറ്റുകളിലെയും ഉദ്യോഗസ്ഥരെ യുഎസിലെമ്പാടുമുള്ള ഇന്ത്യൻ വിദ്യാർഥികളുമായി വെർച്വൽ ആശയവിനിമയം നടത്താൻ പ്രേരിപ്പിച്ചു.
ചാർജ് ഡി അഫയേഴ്‌സ് അംബാസഡർ ശ്രീപ്രിയ രംഗനാഥൻ നയിച്ച ആശയവിനിമയത്തിൽ 150 ഇന്ത്യൻ സ്‌റ്റുഡന്‍റ് അസോസിയേഷൻ ഭാരവാഹികളും 90 യുഎസ് സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളും പങ്കെടുത്തു. അറ്റ്ലാന്‍റ, ചിക്കാഗോ, ഹൂസ്‌റ്റൺ, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസൽ ജനറൽമാരും പങ്കെടുത്തു.