വാഷിങ്ങ്ടണ്‍: ബോയിങ്ങ് സ്റ്റാര്‍ ലൈനറില്‍ ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ യാത്രികനായ ബച്ച് വില്‍മോറും സുനിതയ്ക്കൊപ്പമുണ്ട്. ഫ്ളോറിഡയിലെ കേപ് കാനവറല്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഇരുവരും സ്റ്റാര്‍ ലൈനറിലിന്‍റെ കന്നിയാത്രയുടെ ഭാഗമാകുന്നത്.
ഈ യാത്ര വിജയകരമായാല്‍ ബഹിരാകാശത്തേക്ക് മനുഷ്യരുമായി പറക്കുന്ന രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ വാഹനമെന്ന ഖ്യാതി ഇവര്‍ക്ക് സ്വന്തമാകും. പ്രാദേശിക സമയം ഇന്ന് രാത്രി 10.34-നാണ് ഇവര്‍ യാത്ര തിരിക്കുന്നത്. അതായത് ഇന്ത്യന്‍ സമയം നാളെ രാവിലെ 8.04-നാണ് യാത്ര.
2020-ല്‍ എലോണ്‍ മസ്‌കിന്‍റെ സ്പെയ്‌സ് എക്‌സാണ് ആദ്യമായി മനുഷ്യരുമായി ബഹിരാകാശത്തേക്ക് പറന്ന ആദ്യ സ്വകാര്യ ബഹിരാകാശ വാഹനം. പിന്നീട് പന്ത്രണ്ട് മനുഷ്യ ദൗത്യങ്ങള്‍ സ്പെയ്‌സ് എക്‌സ് നടത്തി. 2019 ഡിസംബറില്‍ പരാജയപ്പെട്ട ഒരു ദൗത്യത്തിന് ശേഷം സ്റ്റാര്‍ ലൈനര്‍ 2022ല്‍ മനുഷ്യരഹിത ദൗത്യം വിജയകരമായി ബഹിരാകാശത്തേക്ക് അയച്ചിരുന്നു.
അമേരിക്കന്‍ നാവിക സേനയുടെ വിരമിച്ച ക്യാപ്റ്റന്‍ സുനിത (59), വില്‍മോറുമാണ് ഈ ദൗത്യത്തെ നിയന്ത്രിക്കുന്നത്. ഒരാഴ്‌ച ദൗത്യം ബഹിരാകാശ നിലയത്തില്‍ ഉണ്ടാകും. 26 മണിക്കൂര്‍ കൊണ്ട് ദൗത്യം ബഹിരാകാശ കേന്ദ്രത്തിലെത്തുമെന്നാണ് കരുതുന്നത്. എട്ട് ദിവസം ഇരുവരും അവിടെ കഴിയും. മെയ് പതിനഞ്ചിന് മടങ്ങും.
പരീക്ഷണ പറക്കലുകളില്‍ ഇരുവരും നിരവധി പരിശോധനകള്‍ക്ക് വിധേയരായിരുന്നു. ഇരുവരും യാത്രയ്ക്ക് പൂര്‍ണ ആരോഗ്യമുള്ളവരാണെന്ന് നാസ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യുണൈറ്റഡ് ലോച്ച് അലിയന്‍സ് അറ്റ്ലസ് വി റോക്കറ്റിലാണ് ഇരുവരും രാജ്യന്തര ബഹിരാകാശ കേന്ദ്രത്തിലേക്ക് പോകുന്നത്.
അമേരിക്കന്‍ നേവല്‍ അക്കാഡമിയില്‍ നിന്നാണ് സുനിത ഫിസിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത്. ഫ്ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എഞ്ചിനീയറിങ്ങ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 2006 ഡിസംബറിലായിരുന്നു ആദ്യ ബഹിരാകാശ യാത്ര.
നാല് ബഹിരാകാശ നടത്തം എന്ന ബഹുമതി നേടുന്ന ആദ്യ വനിതയെന്ന ഖ്യാതിയും സുനിത അന്ന് സ്വന്തം പേരിലാക്കി. ഡിസ്‌കവറിയുടെ എസ്‌ടിഎസ് 116 ദൗത്യത്തിലായിരുന്നു സുനിതയുടെ കന്നി യാത്ര. അറ്റ്ലാന്‍റിസ് എസ്‌ടിഎസ് 117ല്‍ 2007 ജൂണ്‍22ന് കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തു.
1998 ജൂണില്‍ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇവര്‍ രണ്ട് ദൗത്യങ്ങളിലായി 322 ദിവസം ബഹിരാകാശത്ത് ചെലവിട്ടു. 50 മണിക്കൂറും നാല്‍പ്പത് മിനിറ്റും നീണ്ടു നിന്ന ഏഴ് ബഹിരാകാശ നടത്തവും അവര്‍ നടത്തി.
61കാരനായ വില്‍മോര്‍ 178 ദിവസം ബഹിരാകാശ കേന്ദ്രത്തില്‍ ചെലവിട്ടിട്ടുണ്ട്. 25 മണിക്കൂറും 36 മിനിറ്റും ബഹിരാകാശ നടത്തവും നടത്തി. അടുത്ത ആറ് വര്‍ഷത്തേക്ക് ആറ് മനുഷ്യ ദൗത്യങ്ങള്‍ ബോയിങ്ങ് ആസൂത്രണം ചെയ്‌തിട്ടുണ്ട്.
Also Read:സ്പേസ് എക്‌സ് ദൗത്യം വിജയം; നാല് യാത്രക്കാരും സുരക്ഷിതമായി തിരികെയെത്തി