ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) ഈ വർഷം ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. യുഎഇയിലെ അബുദാബിയിൽ വച്ച് ഈ വർഷം ഫെബ്രുവരി 13നാണ് ഇന്ത്യയും യുഎഇയും തമ്മില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി 2024 ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപം ഉയര്‍ത്തിക്കൊണ്ടുവരുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള, സംരക്ഷണ ഉടമ്പടി ഈ വർഷം സെപ്റ്റംബർ 12ന് കാലഹരണപ്പെട്ടതിനാൽ കരാര്‍ പുതുക്കിയതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കരാര്‍ പ്രകാരം 2000 ഏപ്രിലിനും 2024 ജൂണിനുമിടയിൽ ഏകദേശം 19 ബില്യൺ യുഎസ് ഡോളര്‍ ഇന്ത്യയില്‍ യുഎഇ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏഴാമത്തെ വലിയ വിദേശ നിക്ഷേപകരാണ് യുഎഇ. അതേസമയം ഇക്കാലയളവിൽ ഇന്ത്യ യുഎഇയിൽ ഏകദേശം 15.26 ബില്യൺ ഡോളർ നിക്ഷേപിച്ചു.
പുതുക്കിയ ഉടമ്പടിയില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍:
പുതുക്കിയ ഉടമ്പടി പ്രകാരം നിക്ഷേപകര്‍ക്ക് നിക്ഷേപ സംരക്ഷണവും കൈമാറ്റങ്ങളില്‍ സുതാര്യതയും തക്കതായ നഷ്‌ടപരിഹാരവും ഉറപ്പ് നല്‍കുന്നു. കരാറിലെ ശ്രദ്ധേയമായ സവിശേഷത നിക്ഷേപക-തർക്ക പരിഹാര (ഐഎസ്‌ഡിഎസ്) സംവിധാനമാണ്. ഇത് നിക്ഷേപകര്‍ക്ക് ആർബിട്രേഷൻ അനുവദിക്കുന്നു. ഇതുവഴി നിക്ഷേപകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം കണ്ടെത്താൻ സാധിക്കും. നികുതിയിളവ്, സബ്‌സിഡികള്‍ ഉള്‍പ്പെടെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പുതിയ നയങ്ങളും ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉഭയകക്ഷി നിക്ഷേപ സംരക്ഷണ ഉടമ്പടി ഇന്ത്യ-യുഎഇ സാമ്പത്തിക ബന്ധത്തിലെ ഒരു നാഴികക്കല്ലായാണ് അടയാളപ്പെടുത്തുന്നത്. സാമ്പത്തിക പരമാധികാരം നിയന്ത്രിക്കാനും നിലനിർത്താനുമുള്ള ഇരുരാജ്യങ്ങളുടെയും അവകാശം സംരക്ഷിക്കുന്നതിനൊപ്പം നിക്ഷേപ അന്തരീക്ഷം വളർത്തുന്നതിനും ഇരുരാജ്യങ്ങളും പരസ്‌പരം സഹകരിക്കുന്നു. ഇനി പുതുക്കിയ ഉടമ്പടി പ്രകാരം നിക്ഷേപകര്‍ക്ക് കൂടുതല്‍ പരിരക്ഷകൾ പ്രാബല്യത്തില്‍ വരും. ഉഭയകക്ഷി നിക്ഷേപം വർധിപ്പിക്കാനും ബിസിനസുകളെ പ്രോത്സാഹിപ്പിക്കുവാനും ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും പുതിയ ഉടമ്പടി വഴിയൊരുക്കും.
ഉഭയകക്ഷി നിക്ഷേപം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും സമ്പദ്‌വ്യവസ്ഥകൾക്കും പ്രയോജനം ചെയ്യുന്നതിനും ഉടമ്പടി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. 2021മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന ഒരു സ്വതന്ത്ര വ്യാപാര കരാറും ഇരുരാജ്യങ്ങളും തമ്മില്‍ നടപ്പിലാക്കിയിരുന്നു.
Also Read: 'ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹം'