ആഭ്യന്തര-രാജ്യാന്തര സഖ്യകളില്‍ അടിയന്തര തീരുമാനങ്ങള്‍ എടുത്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം വട്ട അധികാര യാത്ര ആരംഭിച്ചിരിക്കുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചതിലൂടെ തന്‍റെ പഴയ വിദേശനയം തുടരുമെന്ന സൂചന തന്നെയാണ് ഇതിലൂടെ അദ്ദേഹം നല്‍കുന്നത്. അധികാരത്തിലേറി ദിവസങ്ങള്‍ക്കകം തന്നെ അദ്ദേഹം ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെ അപുലിയയിലേക്ക് പോയി.
മൂന്നാം വട്ടം അധികാരത്തിലേറിയ ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ വിദേശ യാത്ര കൂടി ആയിരുന്നു ഇത്. ജി7ലെ ഇന്ത്യയുടെ പങ്കെടുക്കല്‍ യഥാര്‍ഥത്തില്‍ പാശ്ചാത്യ ശക്തികളുമായുള്ള ഇടപഴകാനുള്ള ഒരു അവസരം കൂടി ആയിരുന്നു. ഇന്ത്യ കരുത്തുറ്റ സാമ്പത്തിക ശക്തിയായി മാറുന്നുവെന്നത് ഇതിലൂടെ ആവര്‍ത്തിച്ച് അവരെ ബോധ്യപ്പെടുത്തുക എന്നതുമായി ഈ പങ്കാളിത്തം. ഒപ്പം ആഗോള ദക്ഷിണ മേഖലയുടെ ആശങ്കകള്‍ ക്രോഡീകരിക്കുക എന്നതും ഇതിന്‍റെ ലക്ഷ്യമായിരുന്നു.
ജി7നും ഇന്ത്യയും:
ജി7ന്‍റെ അന്‍പതാം വാര്‍ഷികമായിരുന്നു എന്നത് കൊണ്ട് തന്നെ ഇക്കുറി ഇറ്റലിയില്‍ വച്ച് നടന്ന ജി7 ഉച്ചകോടിക്ക് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. ശീത യുദ്ധകാലത്താണ് ജി7 എന്ന ആശയം ഉടലെടുത്തത്. അന്നത്തെ പ്രമുഖ സ്വതന്ത്ര ജനാധിപത്യ സാമ്പത്തിക ശക്തികള്‍ ഇതില്‍ അംഗങ്ങളുമായി. ഇന്നും ജി7 അതുപോലെ തന്നെ തുടരുന്നു. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവയാണ് അന്നുമിന്നും ജി7ലെ അംഗങ്ങള്‍.
ലോകത്തെ ആദ്യ അഞ്ച് സാമ്പത്തിക ശക്തികളില്‍ ഒന്നായി മാറിയിട്ടും ഇന്ത്യ ഇപ്പോഴും ജി7ല്‍ അംഗമല്ല. ഇപ്പോഴും നമ്മെ ഒരു വികസ്വര രാജ്യമായാണ് ലോകശക്തികള്‍ വിലയിരുത്തുന്നത്. അടുത്തിടെയായി നമ്മുടെ സമ്പദ്ഘടന നിര്‍ണായക വളര്‍ച്ച രേഖപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമെന്ന നിലയില്‍ ബഹുധ്രുവ ലോകത്ത് നാം സ്ഥിരത നിലനിര്‍ത്തുന്നുമുണ്ട്.
മുഴുവന്‍ സമയ അംഗമല്ലെങ്കിലും ഇന്ത്യ മിക്കപ്പോഴും ജി7 ഉച്ചകോടികളിലേക്ക് ക്ഷണിക്കപ്പെടാറുണ്ട്. ഇതുവരെ നമ്മള്‍ പതിനൊന്ന് ജി7 ഉച്ചകോടികളില്‍ പങ്കെടുത്തു. തുടര്‍ച്ചയായി അഞ്ച് തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ജി7 മിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് സാമ്പത്തിക വാണിജ്യ ഇടപാടുകളുണ്ട്. അത് കൊണ്ട് തന്നെ ഈ രാജ്യങ്ങളുമായി ബഹുകക്ഷി, ഉഭയകക്ഷി ഇടങ്ങളില്‍ സംവദിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോല്‍സ്, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവരുമായി മോദി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി. ഊര്‍ജം, ഉത്‌പാദനം, ബഹിരാകാശം, ടെലികോം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട ഉഭയകക്ഷി സാമ്പത്തിക ബന്ധത്തിന് ഇന്ത്യന്‍- ഇറ്റാലിയന്‍ പ്രധാനമന്ത്രിമാര്‍ ആഹ്വാനം ചെയ്‌തു.
പ്രത്യേക തന്ത്രപരമായ ആഗോള പങ്കാളിത്തത്തിന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആഹ്വാനം ചെയ്‌തു. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേ പദ്ധതി പോലുള്ളവയും ഇരുവരും ചര്‍ച്ച ചെയ്‌തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും മോദി ആശയവിനിമയം നടത്തി. ഉഭയകക്ഷി സ്വതന്ത്ര വാണിജ്യ കരാറില്‍ ഇന്ത്യയും ബ്രിട്ടനും ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ട് പോന്ന ശേഷം വളര്‍ന്ന് വരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്നതും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇരുരാഷ്‌ട്രത്തലവന്‍മാരും തമ്മില്‍ സ്വതന്ത്ര വാണിജ്യ ഇടപാടുകളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ചകള്‍ നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പോപ്പ് ഫ്രാന്‍സിസുമായി നടത്തിയ കൂടിക്കാഴ്‌ചയും ഏറെ ശ്രദ്ധേയമായി. ഇരുവരും പരസ്‌പരം ആശ്ലേഷിച്ച് കൊണ്ടാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പല വിഷയങ്ങളും അവരുടെ ഹ്രസ്വ ചര്‍ച്ചയില്‍ ഇടംപിടിച്ചു. പ്രധാനമന്ത്രി മോദി പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്ത് വിളിച്ചോതാന്‍ ജി7വേദിയെ പ്രധാനമന്ത്രി മോദി ഉപയോഗിച്ചു. അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയ പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വിവിധ അസാധാരണ മാര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ ജി7 രാജ്യങ്ങളില്‍ ഇക്കൊല്ലം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
അമേരിക്കയിലും ബ്രിട്ടനിലും ഇരുതലവന്‍മാരും ആദ്യ വട്ടം പൂര്‍ത്തിയാക്കുകയാണ്. ഇവര്‍ക്ക് പല ഭരണവിരുദ്ധ വികാരങ്ങളും നേരിടേണ്ടി വരുന്നുണ്ട്. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് വിജയം ലോകത്തിലെ മൊത്തം ജനാധിപത്യത്തിന്‍റെയും വിജയമെന്നാണ് ജി7 ഉച്ചകോടിയില്‍ മോദി അവകാശപ്പെട്ടത്.
ചൈനയും സംഘര്‍ഷവും: ഇന്ത്യ-പശ്ചിമേഷ്യ- കിഴക്കന്‍ യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് ജി7 നേതാക്കള്‍ ഏറെ പിന്തുണ പ്രകടിപ്പിച്ചു. അതേസമയം ആഗോള രാഷ്‌ട്രീയത്തില്‍ ചൈനയുടെ പങ്കിനെ ഇവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്‌തു. ചര്‍ച്ചകളില്‍ ഇരുപത്തിനാലോളം അവസരങ്ങളിലെങ്കിലും ചൈന വിമര്‍ശന വിധേയമായി. തായ്‌വാനിലും ദക്ഷിണ ചൈനാക്കടലിലും ചൈന നടത്തുന്ന ആക്രമണങ്ങളെ ഉച്ചകോടി അപലപിച്ചു.
ചൈനയുടെ സാമ്പത്തിക വാണിജ്യ നയങ്ങള്‍ വിപണികളെ വല്ലാതെ മാറ്റുന്നുവെന്ന വിമര്‍ശനവും ഉച്ചകോടിയില്‍ ഉയര്‍ന്നു. ചൈനയുടെ നയങ്ങള്‍ ജി7 രാജ്യങ്ങളിലെ വ്യവസായങ്ങളെയും സാമ്പത്തികഭദ്രതയെയും സുരക്ഷയെയും ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ചൈനയുടെ വെല്ലുവിളിക്ക് പകരമായി നമ്മുടെയും അവരുടെയും വാണിജ്യ രംഗങ്ങളില്‍ നിക്ഷേപം നടത്താമെന്നും വൈവിധ്യവിതരണ ശൃംഖലയെ പ്രോത്സാഹിപ്പിക്കാമെന്നും അമിതമായ ആശ്രയിക്കല്‍ അവസാനിപ്പിക്കാമെന്നുമുള്ള നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു.
റഷ്യ യുക്രെയ്‌നിനെതിരെ നടത്തുന്ന യുദ്ധത്തെ ചൈന പിന്തുണയ്ക്കുന്നതില്‍ ജി7 നേതാക്കള്‍ നിരാശ പ്രകടിപ്പിച്ചു. യുക്രെയ്‌നിന് 5000 കോടി അമേരിക്കന്‍ ഡോളര്‍ സഹായം നല്‍കാമെന്ന് ജി7 നേതാക്കള്‍ വാഗ്‌ദാനം നല്‍കി. റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു.
യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്‌ചയില്‍ സമാധാന പൂര്‍ണമായ പ്രമേയം കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. സമാധാന പൂര്‍ണമായ പ്രശ്‌ന പരിഹാരത്തിന് ഇന്ത്യയുടെ പരിപൂര്‍ണ പിന്തുണയും മോദി അറിയിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ ഈ മാസം 16, 17 തീയതികളില്‍ നടന്ന സമാധാന ഉച്ചകോടിയിലും ഇന്ത്യന്‍ അധികൃതര്‍ പങ്കെടുത്തിരുന്നു. റഷ്യ-യുക്രെയ്‌ന്‍ സംഘര്‍ഷമാണ് ഉച്ചകോടി ചര്‍ച്ച ചെയ്‌തത്.
അടുത്ത നടപടികള്‍: വികസ്വര ലോകത്ത് നിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റവും ജി7 ഉച്ചകോടിയില്‍ ചര്‍ച്ചയായി. വികസ്വര ലോകത്തിന്‍റെ സാമ്പത്തിക, സാങ്കേതിക ആവശ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ആഗോള ദക്ഷിണ മേഖലയ്ക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും വേണ്ടി ഇന്ത്യ നിലകൊള്ളുന്നത് തുടരും.
നവീന സാങ്കേതികതകളായ നിര്‍മ്മിത ബുദ്ധി അടക്കമുള്ളവ സുതാര്യവും സുരക്ഷിതവും എല്ലാവര്‍ക്കും പ്രാപ്യവും ഉത്തരവാദപൂര്‍ണവും ആകണമെന്ന് ജി7 രാഷ്‌ട്രത്തലവന്‍മാരോടുള്ള കൂടിക്കാഴ്‌ച വേളയില്‍ മോദി ആവശ്യപ്പെട്ടു. സാങ്കേതികതയുടെ കയ്യടക്കല്‍ പൊതു ഉപയോഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചു.
ജി7ലെ അംഗബലം വര്‍ധിപ്പിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അധികാരമാറ്റത്തിന്‍റെ ഒരു സൂചന കൂടിയാണിത്. ആഗോളശാക്തിക ബന്ധങ്ങളില്‍ നിര്‍ണായകമായ പല മാറ്റങ്ങളും സംഭവിച്ചെങ്കിലും ശീതയുദ്ധത്തിന് തൊട്ടുപിന്നാലെ ഉണ്ടായത് പോലെ ആഗോള സ്ഥാപനങ്ങളില്‍ തങ്ങളുടെ മേല്‍ക്കോയ്‌മ തുടരണമെന്നാണ് മിക്ക വന്‍ ശക്തികളും ആഗ്രഹിക്കുന്നത്.
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ആഗോള സമ്പദ്ഘടന പല സുപ്രധാന മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ മുഖ്യ സാമ്പത്തിക ശക്തികളായി മാറി. ചൈനയ്ക്ക് വിരുദ്ധമായി ഇന്ത്യ ചലനാത്‌മകമായ ഒരു ജനാധിപത്യരാഷ്‌ട്രവും തുറന്ന സമൂഹവുമാണ്. എന്നാല്‍ ജി7ന് പുറത്ത് നില്‍ക്കുകയാണ്. ഇന്ത്യ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ജി7 ജി10 ആക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
റഷ്യയെ കൂടി ഉള്‍പ്പെടുത്തി ജി11 എന്ന ആശയം അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വച്ചിരുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങളാണ് ഇത്തരമൊരു ആലോചനയ്ക്ക് വഴി മരുന്നിട്ടിരിക്കുന്നത്. ജി7 അടച്ചിടേണ്ടതില്ല, ലോകത്തിന് മുന്നില്‍ ഇതിന്‍റെ മൂല്യങ്ങള്‍ തുറന്ന് കാട്ടാവുന്നതാണെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ചൂണ്ടിക്കാട്ടുന്നത്. കേവലം ക്ഷണിക്കപ്പെടുന്ന അതിഥിക്കപ്പുറം ജി7ല്‍ ഇന്ത്യയ്ക്ക് ഒരു മുഴുവന്‍ സമയ അംഗത്വമാണ് ആവശ്യം.