വാഷിംഗ്‌ടൺ : ഇന്ത്യയുടെ വളർച്ചാ നിരക്ക് സംബന്ധിച്ച് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യന്‍ അടുത്തിടെ നടത്തിയ പരാമർശങ്ങൾ തള്ളി ഇന്‍റര്‍നാഷണല്‍ മൊണേറ്ററി ഫണ്ട് (ഐഎംഎഫ്). ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചിച്ചതിന് വിഭിന്നമായി, 2047-ഓടെ രാജ്യം 8 ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നായിരുന്നു സംഘടനയില്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യന്‍ പറഞ്ഞത്. കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യന്‍റെ അഭിപ്രായങ്ങള്‍ ഐഎംഎഫിന്‍റെ വീക്ഷണങ്ങളല്ലെന്നും ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണെന്നും ഐഎംഎഫ് വ്യക്തമാക്കി.
ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ഐഎംഎഫ് വക്താവ് ജൂലി കൊസാക്കാണ് പ്രതികരിച്ചത്. 'സുബ്രഹ്മണ്യന്‍റെ അഭിപ്രായം ഐഎംഎഫിൽ ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ മാത്രം കാഴ്‌ചപ്പാടില്‍ നിന്നുള്ളതാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ രേഖപ്പെടുത്തിയ വളർച്ചയ്‌ക്കൊപ്പം, കഴിഞ്ഞ 10 വർഷമായി നമ്മള്‍ നടപ്പിലാക്കിയ നല്ല നയങ്ങള്‍ ഇരട്ടിയാക്കുകയും, പരിഷ്‌കാരങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്‌താല്‍ ഇന്ത്യക്ക് ഇവിടെ മുതല്‍ക്ക് 2047 വരെ 8 ശതമാനം വളർച്ച കൈവരിക്കാനാകും എന്നതാണ് അടിസ്ഥാന ആശയം'- ഐഎംഎഫ് വക്താവ് ജൂലി കൊസാക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഞങ്ങൾക്ക് ഒരു എക്‌സിക്യൂട്ടീവ് ബോർഡ് ഉണ്ട്. ആ എക്‌സിക്യൂട്ടീവ് ബോർഡ് രാജ്യങ്ങളുടെയോ രാജ്യങ്ങളുടെ ഗ്രൂപ്പുകളുടെയോ പ്രതിനിധികളായ എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാര്‍ ഉള്‍പ്പെടുന്നതാണെന്നും ഐഎംഎഫ് വക്താവ് വ്യക്തമാക്കി. അടുത്ത രണ്ടാഴ്‌ചയ്ക്കുള്ളിൽ ഐഎംഎഫ് വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് അപ്‌ഡേറ്റ് ചെയ്യുമെന്നും ജൂലി കൊസാക്ക് അറിയിച്ചു.
Also Read : സ്റ്റോമി ഡാനിയേല്‍സുമായുള്ള പണമിടപാട്; ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ ഏപ്രിലില്‍ - Hush Money Case