ദുബായ്: യുഎഇയിൽ മഴ മുന്നറിയിപ്പിനെ തുടർന്ന് ശക്തമായ ജാഗ്രത തുടരുന്നു. ദുബായ്, അൽ ഐൻ , അബുദാബി എന്നിവിടങ്ങളിൽ മഴമുന്നറിയിപ്പും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായും സർക്കാർ ഓഫിസുകൾ വർക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്താനും ജീവനക്കാർക്ക് അനുമതി നൽകി.
മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇൻ്റർസിറ്റി ബസ് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള അരഡസൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. സുരക്ഷ മുൻകരുതലെന്ന നിലയിൽ പൊതു പാർക്കുകൾ അടച്ചിടും. യാത്രക്കാർ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.
ഇന്ന് പുലർച്ചെ 2.30 മുതലാണ് അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടി ശക്തമായ മഴയും ഉണ്ടായത്. ദുബായ്, അൽ ഐൻ , അബുദാബി എന്നിവിടങ്ങളിൽ ഇന്ന് രാത്രി 8 മണി വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം കഴിഞ്ഞ മാസം ഏപ്രിൽ 16-ന് ഒമാനിലും യുഎഇയിലും കനത്ത മഴയിലും പ്രളയത്തിലും ഇരുപതോളം പേർ മരിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ പ്രളയത്തിൽ അകപ്പെട്ടിരുന്നു.
രാജ്യത്തിൻ്റെ 75 വർഷത്തെ ചരിത്രത്തിലാദ്യമായി 254.88 മില്ലിമീറ്റർ മഴയാണ് അന്ന് ദുബായിൽ രേഖപ്പെടുത്തിയത്. ശക്തമായ മഴ ദുബായ് എയർപോർട്ട്, ദുബായ് മെട്രോ, ദുബായ് ആർടിഎ ബസ് സർവീസുകളെയും ബാധിച്ചിരുന്നു. ദിവസങ്ങൾ നീണ്ട ശ്രമകരമായ ദൗത്യത്തിന് ശേഷമായിരുന്നു യുഎഇയിലെ പല നഗരങ്ങളും സാധാരണ രീതിയിലേക്ക് തിരിച്ചെത്തിയത്.