ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. അറസ്റ്റിലായവര്‍ എല്ലാം ഇന്ത്യാക്കാരാണെന്നും പൊലീസ് വ്യക്തമാക്കി.
കരണ്‍പ്രീത് സിങ്ങ്, കമല്‍പ്രീത് സിങ്ങ്, കരണ്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആല്‍ബെര്‍ട്ടയിലെ എഡ്മോണ്ടന്‍ സിറ്റിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാവിലെയാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
ബ്രിട്ടീഷ് കൊളംബിയയിലെയും ആല്‍ബെര്‍ട്ട ആര്‍സിഎംപിയിലെയും എഡ്മോണ്ടണ്‍ പൊലീസ് സര്‍വീസിലെയും അംഗങ്ങളുടെ സഹായത്തോടെ ആര്‍സിഎംപി ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ചിത്രങ്ങള്‍ക്ക് പുറമെ ഇവര്‍ കുറ്റകൃത്യത്തിനുപയോഗിച്ച കാറിന്‍റെ ചിത്രങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹര്‍ദീപ് സിങ് നിജ്ജാറിനെ വാന്‍കൂവറിലെ സറെയില്‍ വച്ച് കൊലപ്പെടുത്തിയത്.
Also Read: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദ്ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്
അതേസമയം നിജ്ജാറിനെ കൊലപ്പെടുത്തിയതിന്‍റെ ഉദ്ദേശ്യമടക്കം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണ്. സറെയിലെ ഗുരുനാനാക്ക് സിക്ക് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥിച്ച ശേഷം മടങ്ങിവരവെയാണ് ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെടുന്നത്. ഇന്ത്യന്‍ ഏജന്‍സികളാണ് സംഭവത്തിന് പിന്നിലെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ പാര്‍ലമെന്‍റില്‍ തുറന്നടിച്ചിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ചെയ്‌തു. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു.