ടെഹ്‌റാൻ : ഇറാനില്‍ വാതക ചോർച്ചയെത്തുടര്‍ന്ന് രണ്ട് റെവല്യൂഷണറി ഗാർഡുകൾ കൊല്ലപ്പെട്ടു. ഇറാന്‍റെ മധ്യ പ്രവിശ്യയിലുള്ള ഇസ്‌ഫഹാനിലെ ഗാർഡ്‌സിന്‍റെ വർക്ക്‌ഷോപ്പിലാണ് വാതക ചോര്‍ച്ചയുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ലെഫ്റ്റനന്‍റ് കേണൽ മൊഖ്‌താർ മൊർഷെദിയും ക്യാപ്റ്റൻ മൊജ്‌തബ നസാരിയും രക്തസാക്ഷികളായതായി റെവല്യൂഷണറി ഗാർഡിന്‍റെ പ്രസ്‌താവന ഉദ്ധരിച്ച് ഫാർസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ബുധനാഴ്‌ച രാത്രി വാതക ചോർച്ച ഉണ്ടായതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് ഇറാന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്‌തു. അപകടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ, വാതകച്ചോര്‍ച്ചയില്‍ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി ഐആര്‍എന്‍എ അറിയിച്ചിരുന്നു.
ഇതിന് മുമ്പും ഇറാനില്‍ വാതകച്ചോര്‍ച്ചയുടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ, വടക്കുപടിഞ്ഞാറൻ ഇറാനിലെ ഒരു കെട്ടിടത്തില്‍ വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. 2022 ജൂണിൽ, തെക്കൻ നഗരമായ ഫിറൂസാബാദിലെ ഒരു ഫാക്‌ടറിയിലുണ്ടായ രാസ ചോർച്ചയെത്തുടർന്ന് 130-ല്‍ അധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Also Read : ട്രംപിന്‍റെ ഇ-മെയിലുകള്‍ ഹാക്ക് ചെയ്‌തു; പിന്നില്‍ ഇറാനെന്ന് ആരോപണം