ഗാസ/ലണ്ടന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 48 മണിക്കൂറിനിടെ 61 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇസ്രയേല്‍-പലസ്‌തീന്‍ യുദ്ധത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 40,939 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 94,616 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.
കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിനാണ് ഇസ്രയേല്‍-പലസ്‌തീന്‍ യുദ്ധത്തിന് തുടക്കമായത്. ഇതോടെ യുദ്ധം പന്ത്രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ആക്രമണത്തില്‍ 162 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരും പലയിടങ്ങളിലായി ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവരെ കണ്ടെത്താനാകുന്നില്ലെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.
അതേസമയം ഗാസയില്‍ ഒരു വെടിനിര്‍ത്തലിന് തങ്ങള്‍ സന്ധിയില്ലാതെ ശ്രമിക്കുകയാണെന്ന് അമേരിക്കന്‍-ബ്രിട്ടീഷ് വിദേശകാര്യ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പ്രതികരിച്ചു. അസാധാരണമായ ഒരു സംയുക്ത പ്രസ്‌താവനയിലാണ് ഇവരുടെ സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനം. സംഘര്‍ഷം കുറയ്ക്കാനുള്ള എല്ലാ സാധ്യതകളും തേടുകയാണെന്ന് സിഐഎ മേധാവി വില്യം ബേണ്‍സും എം16 മേധാവി റിച്ചാര്‍ഡ് മൂറും സംയുക്ത പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിലെ വെടിനിർത്തലിലൂടെ പലസ്‌തീനികളുടെ കഷ്‌ടപ്പാടുകളും ഭയാനകമായ ജീവിതനഷ്‌ടവും അവസാനിപ്പിക്കാനും 11 മാസത്തെ നരകതുല്യതയ്ക്ക് ശേഷം ബന്ദികളെ വീട്ടിലെത്തിക്കാനും കഴിയുമെന്ന് രണ്ട് ഇന്‍റലിജന്‍സ് ഏജന്‍സികളും അഭിപ്രായപ്പെട്ടതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ വില്യം ബേൺസ് ശക്തമായി ഇടപെട്ടിരുന്നു. ബന്ദികളുടെ കാര്യത്തില്‍ ഒരു ധാരണ കൊണ്ടുവരാനും സംഘർഷം താൽക്കാലികമായി നിർത്താനും ലക്ഷ്യമിട്ടുള്ള ഉന്നതതല ചർച്ചകൾക്കായി ഓഗസ്റ്റിൽ അദ്ദേഹം ഈജിപ്ത് സന്ദര്‍ശിച്ചു. കരാറിനോട് അടുത്തതായി ഐക്യരാഷ്‌ട്രസഭ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു കരാറും ഉണ്ടായിട്ടില്ല.
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഈയിടെ പറഞ്ഞത് ഒന്ന് രണ്ട് പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കപ്പെടാന്‍ ഉണ്ടെന്നാണ്. എന്നാല്‍ വെടിനിര്‍ത്തലിനെക്കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. യുഎസും ബ്രിട്ടനും ഇസ്രായേലിന്‍റെ കരുത്തരായ ഉറച്ച സഖ്യകക്ഷികളാണ്, എന്നിരുന്നാലും അന്താരാഷ്ട്ര നിയമ ലംഘനമാകുമെന്നതിനാല്‍ ലണ്ടനില്‍ നിന്ന് ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരുന്നു.
Also Read: വിശ്രമമെന്തെന്ന് മറന്നു പോയ ഗാസയിലെ കുരുന്നുകള്‍; യുദ്ധം ബാക്കിയാക്കിയ ജീവിതങ്ങളുടെ ജീവനോപാധി ഇങ്ങനെ