ഹൈദരാബാദ് : കഴിഞ്ഞ ദിവസം ലെബനനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ വിതരണം ചെയ്‌തത് വയനാട്ടുകാരന്‍ റിന്‍സണ്‍ ജോസിന്‍റെ കമ്പനിയെന്ന് സംശയിക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സ്ഫോടനങ്ങള്‍ക്ക് ശേഷം നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിനെ കാണാനില്ലെന്നും യുകെ മാധ്യമമായ ഡെയ്‌ലി മെയിലും രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 37 പേര്‍ മരിക്കുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. അതേസമയം പൊട്ടിത്തെറികളുമായി റിന്‍സണ് നേരിട്ട് ബന്ധമില്ലെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആരാണ് ലോക മാധ്യമങ്ങള്‍ തെരയുന്ന റിന്‍സണ്‍:
വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ 2008 മുതല്‍ 2010 വരെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ എം ബി എ പഠിച്ചിരുന്നുവെന്നും പിന്നീട് ഉപരിപഠനത്തിന് നോര്‍വേയിലെത്തി സോഷ്യല്‍ വര്‍ക്കിലും തിയോളജിയിലും ബിരുദാനന്തര ബിരുദം നേടിയെന്നും ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ നിന്ന് വ്യക്തമാകുന്നു. 2015 മുതല്‍ നോര്‍വേയില്‍ സ്ഥിര താമസമാക്കിയ റിന്‍സണ്‍ ജോസ് നോര്‍വീജിയന്‍ പൗരത്വവും എടുത്തിട്ടുണ്ട്. നോര്‍വേയിലെ ഓസ്ലോയില്‍ സ്ഥിര താമസമായ റിന്‍സണ്‍ ബള്‍ഗേറിയയില്‍ തുടങ്ങിയ കടലാസു കമ്പനിയാണ് നോര്‍ട്ട ഗ്ലോബല്‍ എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണെ സ്ഫോടനം നടന്ന ദിവസം തന്നെ കാണാതായതാണ് സംശയം ജനിപ്പിച്ചത്. 2015 ലാണ് ഓസ്‌ലോയിലേക്ക് താമസം മാറുന്നത്. പിന്നീട് അവിടെ പൗരത്വം എടുത്തു. കമ്പനി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മലയാളി അസോസിയേഷനിലും സജീവമായിരുന്നു. കഴിഞ്ഞ ദിവസം ഓണാഘോഷത്തിലും പങ്കെടുത്തിരുന്നതായി നോര്‍വേ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
റിന്‍സന്‍ ജോസ് ബ്രിട്ടനിലും രണ്ടു വര്‍ഷം ജോലി നോക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. നോര്‍വേയില്‍ എന്‍ എച്ച് എസ് ടി എന്ന മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റിന്‍സണ്‍ ജോസിന്‍റെ പേരിലുള്ള നോര്‍ട്ട ഗ്ലോബല്‍ എന്ന കമ്പനി കടലാസു കമ്പനിയാണ്. 2022 ഏപ്രിലില്‍ രൂപീകരിച്ച കമ്പനി പെട്ടെന്ന് വളര്‍ന്നു. പേജര്‍ സ്ഫോടനത്തിനു പിന്നില്‍ റിന്‍സണിന്‍റെ നോര്‍ട്ട ഗ്ലോബല്‍ കമ്പനിക്ക് ബന്ധം സൂചിപ്പിക്കുന്ന മാധ്യമ വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് കമ്പനി നോര്‍വീജിയന്‍ പൊലീസില്‍ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. റിന്‍സണ്‍ രണ്ടു ദിവസം മുമ്പ് അമേരിക്കയ്ക്ക് പോയെന്നാണ് അദ്ദേഹം നിലവില്‍ ജോലി ചെയ്യുന്ന ഡി എന്‍ മീഡിയ കമ്പനി സി ഇ ഒ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. പിന്നീട് ബന്ധപ്പെടാനാവുന്നില്ല എന്നും കമ്പനി അറിയിക്കുന്നു. നോര്‍വീജിയന്‍ പൊലീസും ബള്‍ഗേറിയന്‍ പൊലീസും റിന്‍സണെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വേരുകള്‍ ഇങ്ങിനെ :
തായ്‌വാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ ലോഗോ ഉപയോഗിച്ച് ഹംഗേറിയന്‍ കമ്പനിയായ ബിഎസി കണ്‍സള്‍ട്ടിങ്ങാണ് സ്ഫോടനത്തിനുപയോഗിച്ച പേജറുകള്‍ നിര്‍മ്മിച്ചതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം തങ്ങള്‍ പേജറുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും നോര്‍വീജിയന്‍ കമ്പനിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ സ്ഫോടനത്തിന്‍റെ ബള്‍ഗേറിയ, നോര്‍വെ ബന്ധങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. മൊസാദ് ആസൂത്രണം ചെയ്‌തതായി സംശയിക്കുന്ന ആക്രമണത്തിന് വേണ്ടി വാങ്ങിയ പേജറുകള്‍ക്കായി 13 ലക്ഷം പൗണ്ട് ഇടനിലക്കാരിയായ ക്രിസ്റ്റീന അര്‍സിഡികോണോ ബാര്‍സോണിക്ക് കൈമാറിയത് നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സന്‍റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ആണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം റിന്‍സണ് ഈ സാമ്പത്തിക ഇടപാടുകളിലും നേരിട്ട് ബന്ധമില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പൊട്ടിത്തെറിയുണ്ടായ പിറ്റേദിവസം മുതല്‍ റിന്‍സണെ ബന്ധപ്പെടാനാകുന്നില്ലെന്നും രാജ്യാന്തര മാധ്യമങ്ങളും നോര്‍വീജിയന്‍ അധികൃതരും പറയുന്നു.
ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനിയാണ് റിന്‍സണിന്‍റേത്. കമ്പനികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ വ്യക്തമാക്കി. കമ്പനിയില്‍ അധികം ജീവനക്കാരില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.
ഓസ്‌ലോയിലെ റിന്‍സന്‍റെ താമസസ്ഥലത്തും അയാളില്ലെന്നാണ് വിവരം. മാസങ്ങളായി റിന്‍സണെ കണ്ടിട്ടെന്ന് അയല്‍ക്കാരും പറയുന്നു. ഇയാള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം സജീവമായിരുന്ന വ്യക്തിയാണെന്ന് ഡെയ്‌ലി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ബുദ രോഗികള്‍ക്ക് തലമുടി ദാനം ചെയ്യാനായി മുടി വളര്‍ത്തിയിരുന്നതായും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.
രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിന്‍സണെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.ഇന്നലെ ബോസ്റ്റണില്‍ നിന്ന് വിമാനത്തില്‍ പുറപ്പെടേണ്ടിയിരുന്ന റിന്‍സണ്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്തില്ലായെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമെയിലുകള്‍ അദ്ദേഹം കാണുന്നുണ്ടെങ്കിലും മെസേജുകള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും വിദേശ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Also Read: ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; നടപടി ഹിസ്ബുള്ള മേധാവിയുടെ പ്രതികാരാഹ്വാനത്തിന് പിന്നാലെ