ഇസ്ലാമാബാദ് : അഫ്‌ഗാനിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 300 പേര്‍ മരിച്ചു. ആയിരത്തോളം വീടുകള്‍ തകര്‍ന്നു, നിരവധി പേരെ കാണാതായി. പ്രദേശത്തുടനീളം കനത്ത നാശ നഷ്‌ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. വടക്കൻ അഫ്‌ഗാനിസ്ഥാനിലെ ഒരു പ്രവിശ്യ തലസ്ഥാനത്താണ് വെള്ളപ്പൊക്കം ഉണ്ടായത്.
അഫ്‌ഗാനിസ്ഥാനിൽ അസാധാരണമാം വിധം പെയ്‌ത കനത്ത മഴയിൽ 300-ലധികം ആളുകൾ മരിക്കുകയും 1,000-ത്തിലധികം വീടുകൾ തകരുകയും ചെയ്‌തതായി യുഎൻ ഏജൻസി വെളിപ്പെടുത്തി. വടക്കൻ പ്രവിശ്യയായ ബഗ്ലാനിലാണ് കനത്ത ആഘാതമുണ്ടായതെന്നും ഏജന്‍സി അറിയിച്ചു. പ്രദേശത്തെ ഏകദേശം 6,00000 പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് വേണ്ട സഹായങ്ങളുമായി സന്നദ്ധ സംഘടനകള്‍ രംഗത്ത് ഉണ്ട്.
മൂന്ന് വർഷമായി തുടരുന്ന വരൾച്ചയുടെ സാമ്പത്തിക ആഘാതത്തിൽ നിന്ന് ഇപ്പോഴും കരകയറിയിട്ടില്ലാത്ത കുടുംബങ്ങൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് സേവ് ദി ചിൽഡ്രണ്‍ സംഘടനയുടെ കൺട്രി ഡയറക്‌ടർ അർഷാദ് മാലിക് പറഞ്ഞു. കനത്ത കാലവർഷക്കെടുതി പോലുള്ള കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ തയ്യാറായിട്ടില്ലാത്ത രാജ്യമാണ് അഫ്‌ഗാനിസ്ഥാൻ. അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ സഹായം രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലില്‍ രാജ്യത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 70 പേരോളം മരിച്ചിരുന്നു. അന്ന് ഏകദേശം 2,000 വീടുകളും മൂന്ന് പള്ളികളും നാല് സ്‌കൂളുകളുമാണ് തകർന്നത്.
Also Read : അഫ്‌ഗാനിസ്ഥാനില്‍ കനത്ത മഞ്ഞുവീഴ്‌ച; 15 മരണം