വാഷിങ്ടണ്‍ : യുഎസിൽ ഇന്ത്യൻ വംശജനും ഇല്ലിനോയിസ് സർവകലാശാലയിലെ വിദ്യാർത്ഥിയുമായ അകുൽ ധവാന്‍റെ (18) മരണകാരണം ഹൈപ്പോതെർമിയയാണെന്ന് ടോക്‌സിക്കോളജി പരിശോധയിൽ സ്ഥിരീകരിച്ചു. മദ്യലഹരിയില്‍ ദീർഘനേരം അതിശൈത്യത്തിൽ ചെലവഴിച്ചതായിരിക്കാം ഹൈപ്പോതെർമിയയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മാസമായിരുന്നു ദാരുണ സംഭവം. അകുലിന് പ്രവേശനം നിഷേധിക്കപ്പെട്ട ക്ലബ്ബിന് സമീപം രാത്രിയിൽ മരവിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനുവരി 20 ന് രാവിലെ 11:08 ന് ഉർബാനയിലെ വെസ്‌റ്റ് നെവാഡ സ്ട്രീറ്റിലെ 1200 നമ്പര്‍ ബ്ലോക്കിലാണ് മൃതദേഹം കാണപ്പെട്ടത് (Indian-American Student Found Dead).
കനോപ്പി ക്ലബ്ബില്‍ സുഹൃത്തുക്കളോടൊപ്പം അകുൽ ബി ധവാൻ മദ്യപിച്ചിരുന്നു. ക്ലബ്ബില്‍ നിന്ന് പോയ ശേഷം തിരികെ മടങ്ങിയെത്തിയ അകുലിനെ സുരക്ഷാജീവനക്കാർ അകത്ത് പ്രവേശിക്കാൻ സമ്മതിച്ചില്ലെന്ന് ഇല്ലിനോയിസ് പൊലീസ് കണ്ടെത്തി.
ആരോപണമുന്നയിച്ച് മാതാപിതാക്കൾ: അതേസമയം വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി പൊലീസിൽ പരാതി നൽകിയിരുന്നു. ബുസി-ഇവാൻസ് റെസിഡൻസ് ഹാളിന് സമീപം പൊലീസ് തെരച്ചിൽ നടത്തിയിട്ടില്ലെന്നും മകനെ കണ്ടെത്തുന്നതിൽ യൂണിവേഴ്‌സിറ്റി പൊലീസിന്‍റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നും അകുൽ ധവാന്‍റെ മാതാപിതാക്കൾ ആരോപിച്ചു.
മകന്‍റെ മരണത്തിൽ മാതാപിതാക്കൾ എന്ന നിലയിൽ തങ്ങൾക്ക് ഉത്തരങ്ങൾ ആവശ്യമാണ്. തങ്ങൾ യുഐ പൊലീസിൽ പരാതി നൽകിയിരുന്നു. യൂണിവേഴ്‌സിറ്റി അധികൃതർക്കെതിരെയും പൊലീസിനെതിരെയും ധവാന്‍റെ മാതാപിതാക്കൾ രംഗത്തെത്തി.
അർബാന-ചാമ്പെയ്ൻ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസ്, വിദ്യാർത്ഥിയായ അകുൽ ധവാന്‍റെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണങ്ങൾ തുടരുകയാണെന്ന്, ജനുവരി 31 ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. 2024-ൽ, ഇതുവരെ ഇന്ത്യൻ അമേരിക്കൻ വംശജരായ ഏഴ് യുവാക്കൾ വിവിധ സാഹചര്യങ്ങളിൽ യുഎസിൽ മരണപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്‌ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ജോൺ കിർബി ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങളെ അപലപിക്കുകയും വംശം, ലിംഗഭേദം അല്ലെങ്കിൽ മറ്റേതെങ്കിലും ഘടകത്തെ അടിസ്ഥാനമാക്കിയുള്ള ആക്രമണം ന്യായീകരിക്കാനാകില്ലെന്ന് പ്രസ്‌താവിക്കുകയും ചെയ്‌തിരുന്നു.