ദുബായ് : ഇറാന്‍ നഗരമായ ഇസ്‌ഫഹാന് നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇസ്‌ഫഹാൻ നഗര പ്രദേശത്ത് സ്ഫോടനശബ്ദം കേട്ടതായി ഒരു വാർത്ത ഏജൻസിയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. പ്രദേശവാസികളെ ഉദ്ധരിച്ചാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അതേസമയം പ്രതിരോധത്തിനായി വെടിയുതിർത്തതായി ഇറാന്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍ സൈന്യത്തിന്‍റെ പ്രധാന വ്യോമതാവളവും അതിന്‍റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇസ്‌ഫഹാനിലാണ്. സംഭവത്തിന് പിന്നാലെ ഇറാനിയൻ സ്‌റ്റേറ്റ് ടെലിവിഷൻ ഓൺ-സ്‌ക്രീൻ അലേർട്ട് ആരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആശങ്ക കനത്തു.
ആക്രമണം റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ വ്യോമഗതാഗതം വഴിതിരിച്ചുവിട്ടു. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഫ്‌ളൈ ദുബായും പ്രാദേശിക സമയം പുലർച്ചെ 4:30 ഓടെ തന്നെ റൂട്ടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം ഇറാൻ സർക്കാർ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.