ലോകം പരിസ്ഥിതി സംരക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഭൗമമണിക്കൂര്‍ ദിനത്തിനും വന്‍ പ്രാധാന്യമാണ് കൈവന്നത്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ജനങ്ങളെ അവബോധരാക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും ലക്ഷ്യമിട്ടാണ് ഭൗമമണിക്കൂര്‍ ആചരണം തുടങ്ങിയത് (Earth Hour Day 2024). ഭൗമമണിക്കൂര്‍ ദിനാചരണത്തിന്‍റെ ഭാഗമായി ഇക്കൊല്ലം മാര്‍ച്ച് 23ന് എല്ലാവരും അനാവശ്യ ലൈറ്റുകള്‍ ഒരു മണിക്കൂര്‍ നേരത്തേ്ക്ക് അണയ്ക്കണമെന്നാണ് നിര്‍ദേശം.
രാത്രി 8.30 മുതല്‍ 9.30 വരെയാണ് ഭൗമമണിക്കൂര്‍ ആചരണം (Know about Earth Hour). നമ്മുടെ ഗ്രഹത്തിന്‍റെ ഭാവിയോടുള്ള പ്രതിബദ്ധതയും ഐക്യദാര്‍ഢ്യവുമാണ് ലളിതമായ ഈ സന്ദേശത്തിലൂടെ നാം മുന്നോട്ട് വയ്ക്കുന്നത്. അറുപത് മിനിറ്റ് ഊര്‍ജ ഉപഭോഗം കുറയ്ക്കുക മാത്രമല്ല ഇതിലൂടെ നാം ചെയ്യുന്നത് മറിച്ച് ഒരു മണിക്കൂറിന് അപ്പുറത്തേക്ക് സുസ്ഥിരവും പ്രചോദനപരവുമായ ഒരു പ്രവൃത്തിയിലേക്ക് ആഗോളതലത്തില്‍ ഒരു ചര്‍ച്ചയ്ക്ക് തിരി തെളിയിക്കുക കൂടിയാണ് ( Earth Hour, Every thing, History and Importance).
ചരിത്രവും പരിണാമവും: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 2007ലാണ് ഭൗമമണിക്കൂര്‍ എന്ന ആശയം ഉടലെടുത്തത്. തുടക്കത്തില്‍ വര്‍ധിച്ച് വരുന്ന കാലാവസ്ഥ വ്യതിയാന ആശങ്കകള്‍ക്കെതിരെയുള്ള ഒരു ഒരു ആഹ്വാനമായിരുന്നു ഭൗമമണിക്കൂര്‍ ആചരണം. ലൈറ്റുകള്‍ അണച്ച് കൊണ്ട് ഊര്‍ജം സംരക്ഷിക്കുന്ന ഒരു പ്രതീകാത്മക പ്രവൃത്തി. എന്നാല്‍ പില്‍ക്കാലത്ത് ഇതൊരു പാരിസ്ഥിതിക സംരക്ഷണത്തിനും ഒപ്പം ഊര്‍ജ സംരക്ഷണത്തിനുമുള്ള പ്രചോദനമായി മാറി. പാരിസ്ഥിതിക വെല്ലുവിളികള്‍ ഏറെ അനുഭവിക്കുന്ന ഇക്കാലത്ത് കൂട്ടായ്‌മയുടെ ശക്തി ഉയര്‍ത്തിപ്പിടിക്കല്‍ കൂടിയായിരിക്കുകയാണ് ഭൗമമണിക്കൂര്‍ ആചരണം.
ഇക്കൊല്ലത്തെ ഭൗമമണിക്കൂര്‍ പ്രമേയം: 'യുണൈറ്റിങ് ഫോര്‍ അവര്‍ വണ്‍ ഷെയേര്‍ഡ് ഹോം' എന്നതാണ് ഇത്തവണ ഭൗമമണിക്കൂര്‍ പ്രമേയം. ഭൂമിയെ സംരക്ഷിക്കാന്‍ മുഴുവന്‍ ജീവജാലങ്ങളുടെ കൂട്ടുത്തരവാദിത്വത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാമെന്നാണ് ഈ പ്രമേയത്തിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ തീരുമാനത്തിലൂടെയും പ്രവൃത്തിയിലൂടെയും ഭൂമിയുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന ഒരു ആഗോള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കൂടിയുള്ളതാണ് ഈ ദിനം.
ഭൗമമണിക്കൂര്‍ ദിനത്തിന്‍റെ പ്രാധാന്യം: ആഗോള പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഭൗമമണിക്കൂര്‍ ദിനത്തില്‍ അതീവ പ്രാധാന്യമുണ്ട്. കാലാവസ്ഥ വ്യതിയാനം നേരിടാനും സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ പ്രതീകവത്ക്കരിക്കുന്നത്. ഒരു മണിക്കൂര്‍ അനാവശ്യ ലൈറ്റുകള്‍ അണയ്ക്കുന്നതിലൂടെ ഇതില്‍ പങ്കാളികളാകുന്നവരുടെ നമ്മുടെ ഗ്രഹത്തോടുള്ള പ്രതിബദ്ധതയാണ് വെളിപ്പെടുന്നത്.
ആഗോളതലത്തിലേക്ക് അടിയന്തര ചര്‍ച്ചയ്ക്ക് ഇതിലൂടെ തിരി കൊളുത്താനാകുന്നു. ഇത്തരമൊരു ലളിതമായ പ്രവൃത്തിയിലൂടെ വലിയൊരു മാറ്റത്തിനാണ് നാം തിരികൊളുത്തുന്നത്. ജനങ്ങളെ കൂടുതല്‍ സുസ്ഥിര ജീവിതചര്യകള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കാന്‍ നയകര്‍ത്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.
ഭൗമമണിക്കൂര്‍ ആചരണത്തിന്‍റെ ഫലം ഒരു മണിക്കൂറിനും അപ്പുറത്തേക്ക് നീളുന്നു. ആരോഗ്യമുള്ള ഒരു ഗ്രഹത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സ്വകാര്യ-പൊതുമേഖലകളെ പ്രോത്സാഹിപ്പിക്കുന്നു. ചെറിയ പ്രവൃത്തിയിലൂടെ നാം ഒന്നിക്കുമ്പോള്‍ അതൊരു വന്‍ ആഗോളമാറ്റത്തിലേക്ക് നയിക്കുന്നു എന്ന ആശയമാണ് ഭൗമമണിക്കൂര്‍ ദിനാചരണത്തലൂടെ മുന്നോട്ട് വയ്ക്കുന്നത്.
പരിപാടികളും പങ്കാളിത്തവും: ഭൗമമണിക്കൂര്‍ ദിനാചരണത്തോട് അനുബന്ധിച്ച് ലോകവ്യാപകമായി പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഹവര്‍ ബാങ്ക് എന്നൊരു പരിപാടിയാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് മുന്നോട്ട് വച്ചിട്ടുള്ളത്. ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് പരിസ്ഥിതി അനുകൂലപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. പരിസ്ഥിതി പ്രവര്‍ത്തനത്തിന് നിശ്ചിത മണിക്കൂര്‍ സമയം നീക്കിവയ്‌ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് നിര്‍ദ്ദേശിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍:
- ഭൗമമണിക്കൂര്‍ കൂട്ടായ്‌മ: വെര്‍ച്വല്‍ ആയോ നേരിട്ടോ സംഘടിപ്പിക്കുന്ന കൂട്ടായ്‌മയാണിത്. കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ മുതല്‍ സുസ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരെ ഇതില്‍ ഉള്‍പ്പെടുത്തും.
- വ്യക്തിഗത സുസ്ഥിര പ്രവൃത്തികള്‍: ഒറ്റത്തവണ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാനുള്ള പ്രതിജ്ഞയെടുക്കല്‍, സസ്യാഹാരത്തിലേക്ക് മാറല്‍, നിത്യേനയുള്ള പുനരുപയോഗ ചര്യകള്‍.
- പ്രകൃതിയെ അറിയല്‍: പ്രകൃതിയിലേക്ക് കൂടുതല്‍ അടുക്കാനുള്ള പരിപാടികള്‍, വാനനിരീക്ഷണം, കാട് സന്ദര്‍ശനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
- ഊര്‍ജ സംരക്ഷണം: ലളിതമായ പ്രവര്‍ത്തനങ്ങളായ ലൈറ്റ് ഓഫാക്കല്‍, ഇലക്‌ട്രിക് ഉപകരണങ്ങള്‍ പ്ലഗ്ഗില്‍ നിന്ന് ഊരി മാറ്റല്‍, ഊര്‍ജ ഉപഭോഗം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തല്‍.
- സമൂഹ ഇടപെടല്‍: ശുചീകരണ പ്രവൃത്തികള്‍, മരം വച്ച് പിടിപ്പിക്കല്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാം.
ഭൗമണിക്കൂര്‍ ദിനത്തിന്‍റെ അനന്തരഫലങ്ങള്‍: ഭൗമണിക്കൂര്‍ ദിനത്തിന്‍റെ അനന്തരഫലങ്ങള്‍ അഗാധവും ബഹുമുഖവുമാണ്. ആഗോള ഐക്യത്തിന്‍റെ ശക്തമായ പ്രതീകമായി ഇത് നില കൊള്ളുന്നു. കൂട്ടായ പ്രവൃത്തികള്‍ എങ്ങനെ അവബോധം സൃഷ്‌ടിക്കുകയും മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നുവെന്നും ഇത് വിശദീകരിക്കുന്നു.
ഭൗമമണിക്കൂര്‍ ആചരണത്തിലൂടെ പ്രത്യക്ഷമായ പാരിസ്ഥിതിക ഗുണങ്ങള്‍ ഏറെയുണ്ട്. പൊതു നയരൂപീകരണത്തെയും ദിനാചരണത്തെയും ഈ ദിനം സ്വാധീനിക്കുന്നു. ഭൗമമണിക്കൂര്‍ ആചരണത്തിന്‍റെ വിജയത്തിന് പിന്നാലെ റഷ്യ അവരുടെ സമുദ്ര മേഖലയെ എണ്ണ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള നിയമം പാസാക്കി.
സുസ്ഥിരതയുടെയും സംരക്ഷണത്തിന്‍റെയും ചര്‍ച്ചകള്‍ ഉണര്‍ത്താന്‍ ഭൗമമണിക്കൂര്‍ ആചരണം വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. വ്യക്തിഗത പ്രവൃത്തികളെയെല്ലാം ഭൂമി സംരക്ഷണത്തിനായി മാറ്റാനുള്ള കരുത്താണ് ഈ ദിനാചരണം മുന്നോട്ട് വയ്‌ക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം: വിദ്യാഭ്യാസ സ്ഥാപനങ്ങളും പലപ്പോഴും ഭൗമമണിക്കൂറില്‍ പങ്കാളികളാകാറുണ്ട്. പല പരിപാടികളും ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്നു. ഇതിലൂടെ വിദ്യാര്‍ഥികളെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവത്‌കരിക്കാന്‍ സാധിക്കുന്നു. ക്ലാസ് മുറികളിലെ ചര്‍ച്ചകള്‍ മുതല്‍ മരം നട്ടുപിടിപ്പിക്കലും ശുചീകരണവും വരെയുള്ളവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പങ്കാളിത്തം: ഭൗമമണിക്കൂര്‍ ആചരണം പരിസ്ഥിതി സുസ്ഥിരതയോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള കമ്പനികള്‍ ലൈറ്റുകള്‍ അണച്ച് പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നു. ഇത് കമ്പനികളുടെ അതിരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത തന്ത്രങ്ങളിലേക്കും എത്തുന്നു. കാലാവസ്ഥ വ്യതിയാനത്തെ നേരിടാനും സുസ്ഥിര ഭാവി ഉറപ്പാക്കാനും ഇത്തരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഈ ദിനാചരണത്തിന്‍റെ ഭാഗമാകുന്നു.