ന്യൂഡൽഹി: ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്‌ച നടത്തി മൗറീഷ്യസ് നാഷണൽ അസംബ്ലി സ്‌പീക്കർ ഡുവൽ അഡ്രിയൻ ചാൾസ്. മൗറീഷ്യസ് സ്‌പീക്കറായി നിയമിതനായതിന് ശേഷം ഡുവാലിന്‍റെ ആദ്യ അന്താരാഷ്‌ട്ര സന്ദർശനമായിരുന്നു ഇത്. ഡുവലിന് അഭിനന്ദിച്ച ബിർള, സ്‌പീക്കറായതിന് ശേഷമുള്ള ആദ്യ സന്ദർശനം ഇന്ത്യയിലേക്കായതിൽ സന്തോഷവും പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ ദൃഢതയുടെ തെളിവാണ് ഈ സന്ദര്‍ശനമെന്ന് ഓം ബിര്‍ള പറഞ്ഞു. ഡുവലിൻ്റെ നേതൃത്വത്തിൽ ഇൻ്റർ പാർലമെൻ്ററി യൂണിയൻ പോലുള്ള അന്താരാഷ്ട്ര പാർലമെൻ്ററി ഫോറങ്ങളിൽ ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണം വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിർള കൂട്ടിച്ചേർത്തു.
ഇന്ത്യയും മൗറീഷ്യസും തമ്മിൽ നിരവധി സമാനതകളുണ്ട്. മൗറീഷ്യസ് ജനത ഇന്നും ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും ദൃഢതയുമാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ട് പാർലമെൻ്റുകളും തമ്മിലുള്ള പരസ്‌പര സഹകരണം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള പാർലമെൻ്ററി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള പാർലമെൻ്ററി പ്രതിനിധികളുടെ കൈമാറ്റത്തെക്കുറിച്ച് ബിർള ഊന്നിപ്പറഞ്ഞു. പാർലമെൻ്ററി നയതന്ത്രത്തിലൂടെ ഇന്ത്യയിലെയും മൗറീഷ്യസിലെയും പൗരന്മാർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 78ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തത് പ്രകാരം 'ഹർ ഘർ തിരംഗ' അഭിയാൻ്റെ കീഴിൽ കോടിക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾ അവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തിയതായി ബിർള പറഞ്ഞു. വിക്ഷിത് ഭാരത് എന്ന പ്രധാനമന്ത്രിയുടെ സന്ദേശത്തിന്‍റെ സാക്ഷാത്കാരത്തിനായി രാജ്യത്തെ കോടിക്കണക്കിനാളുകളുടെ സമർപ്പണത്തിൻ്റെ പ്രതിഫലനമാണിത്. ഭരണഘടനയാണ് രാജ്യത്തിന്‍റെ ശക്തിയും ആത്മാവും. രാജ്യത്ത് വലിയ തോതിലുള്ള സാമൂഹിക-സാമ്പത്തിക മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.