വാഷിംഗ്‌ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി ന്യൂഹാംപ്ഷെയറില്‍ നടന്ന പ്രൈമറിയിലും മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് തന്നെ വിജയം. ട്രംപിന് 53 ശതമാനം വോട്ടുകള്‍ ലഭിച്ചു. തൊട്ടുപിന്നിലുള്ള നിക്കി ഹാലിക്ക് 46 ശതമാനത്തില്‍ താഴെയാണ് വോട്ട് (US President nomination).
കഴിഞ്ഞയാഴ്‌ച ഇയാവോയില്‍ നടന്ന പ്രൈമറിയില്‍ നേടിയ വിജയത്തിന് പിന്നാലെയാണ് ന്യൂഹാംപ്ഷെയറും ട്രംപിന് വിജയം സമ്മാനിച്ചിരിക്കുന്നത്(Donald Trump wins New Hampshire primary). അവിടെയും ട്രംപിന് അന്‍പത് ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെ വിജയത്തോടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ട്രംപ് ഏറെക്കുറെ ഉറപ്പിച്ചെന്ന് പറയാം(Nikki defies trumps call to exit race).
അതേസമയം വിജയത്തില്‍ ട്രംപിന് അഭിനന്ദനവുമായി എത്തിയ ഐക്യരാഷ്ട്രസഭയുടെ മുന്‍ അമേരിക്കന്‍ പ്രതിനിധി കൂടിയായ നിക്കി ഹാലി മത്സരം അവസാനിച്ചിട്ടില്ലെന്ന് പ്രതികരിച്ചു. അടുത്ത പോരാട്ടം സൗത്ത് കരോലിനയിലാണ്. അവിടെ രണ്ട് തവണ ഗവര്‍ണര്‍ ആയിരുന്ന വ്യക്തി കൂടിയാണ് ഹാലി. അതുകൊണ്ടുതന്നെ ആ സംസ്ഥാനം തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് അവര്‍. ഈ മത്സരം അവസാനിക്കാന്‍ ഇനിയും സമയമുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് തുടക്കം മാത്രമാണ്. ഇനിയും ഏറെ സംസ്ഥാനങ്ങള്‍ അവശേഷിക്കുന്നുണ്ട്. അടുത്തത് തന്‍റെ പ്രിയ കരോലിനയാണെന്നും അവര്‍ പറഞ്ഞു.
ന്യൂഹാംപ്‌ഷെയര്‍ പ്രൈമറി നിക്കിക്ക് ഏറെ നിര്‍ണായകമായിരുന്നു. ഇയാവോയില്‍ മൂന്നാം സ്ഥാനത്തായിരുന്നു നിക്കി. ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്‍റിഷായിരുന്നു തൊട്ടുമുന്നില്‍. മുന്‍ പ്രസിഡന്‍റ് തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഏറെ പേരും ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും റോണ്‍ ഡി സാന്‍ഡിസ് വ്യക്തമാക്കിയിരുന്നു.
അതേസമയം നിക്കി പോരാട്ടം തുടരുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ അവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രൈമറിക്ക് കൂടുതല്‍ പേര്‍ സംഭാവനകള്‍ നല്‍കാന്‍ തയ്യാറാകുമോയെന്നൊരു ചോദ്യവും ഉയരുന്നുണ്ട്.
അടുത്തമാസം 24ന് നടക്കുന്ന സൗത്ത് കരോലിന പ്രൈമറി കഴിഞ്ഞാല്‍ മത്സരം സൂപ്പര്‍ ചൊവ്വയിലേക്ക് കടക്കും. ഇതില്‍ നിരവധി സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം ജയിക്കും എന്ന് പറഞ്ഞിട്ട് നിക്കി തോല്‍ക്കുന്ന കാഴ്ചയാണ് കാണാനാകുന്നതെന്നായിരുന്നു ട്രംപിന്‍റെ പരിഹാസം. പ്രൈമറിയില്‍ നിന്ന് പിന്‍മാറുന്നതാകും നല്ലതെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ അയാള്‍ പറയുന്നത് അനുസരിക്കാനിരിക്കുന്ന ആളല്ല താനെന്നായിരുന്നു ഹാലിയുടെ പ്രതികരണം. താനിതുവരെ അയാള്‍ പറഞ്ഞതൊന്നും ചെയ്‌തിട്ടില്ല. താന്‍ ട്രംപിനെതിരെ പോരാടുകയാണ്. ചരമക്കുറിപ്പെഴുതാന്‍ സമ്മതമല്ല. അവസാനം വരെ പോരാടാനും നാടിനെ രക്ഷിക്കാനുമാണ് ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രൈമറിയില്‍ വിജയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനായാല്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത, ആദ്യ ഏഷ്യന്‍ അമേരിക്കന്‍, തുടങ്ങിയ പദവികളാകും നിക്കിയെ കാത്തിരിക്കുന്നത്. 2013ല്‍ നിക്കി ഗവര്‍ണറാകുമ്പോള്‍ അവരുടെ പങ്കാളി അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. സൈനികന്‍റെ ഭാര്യയായ ആദ്യ ഗവര്‍ണര്‍ എന്ന അംഗീകാരവും ഇതോടെ അവര്‍ സ്വന്തമാക്കിയിരുന്നു.