വാഷിങ്‌ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഗാസയിൽ തടവിൽ കഴിയുന്ന ഇസ്രയേൽ ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കനത്ത വിലനല്‍കേണ്ടിവരുമെന്നും ട്രംപ്. രണ്ടാം തവണയും താൻ അധികാരം ഏറ്റെടുക്കും മുമ്പ് മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നാണ് ട്രംപിന്‍റെ അന്ത്യശാസനം.
ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രംപ് പോസ്റ്റിട്ടിട്ടുണ്ട്. താന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്ന 2025 ജനുവരി 20-ന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ, മിഡിൽ ഈസ്റ്റിൽ മാനവികതയ്‌ക്കെതിരെ ഈ ക്രൂരതകൾ ചെയ്‌തതിന് ഉത്തരവാദിത്തപ്പെട്ടവർ കനത്ത വിലനല്‍കേണ്ടി വരും. ചരിത്രത്തില്‍ ഇതുവരെ അമേരിക്ക നടത്തിയതില്‍ ഏതൊരാൾക്കും ഏൽക്കേണ്ടി വന്നതിനേക്കാൾ കഠിനമായ പ്രഹരമാവും ഉത്തരവാദികൾ ഏല്‍ക്കേണ്ടിവരികയെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ട്രംപിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിക്കാൻ വിസമ്മതിച്ചു. എന്നാൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപിന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്‌തിട്ടുണ്ട്.
2023 ഒക്‌ടോബർ 7-ന് ഹമാസ് തെക്കൻ ഇസ്രായേലിലേക്ക് ഇരച്ചുകയറി 1,200-ഓളം പേരെ കൊല്ലുകയും 250-ഓളം പേരെ ബന്ദികളാക്കുകയും ചെയ്‌തതോടെയാണ് യുദ്ധം ആരംഭിച്ചത്. 100-ഓളം പേർ ഇപ്പോഴും ഗാസയ്ക്കുള്ളിൽ തടവിലാണെന്നും ഇതില്‍ മൂന്നിൽ രണ്ട് ഭാഗവും ജീവിച്ചിരിപ്പുണ്ടെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 44,429 പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഒരുവര്‍ഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഇസ്രയേലിനുള്ള പിന്തുണ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രഖ്യാപനം ഹമാസിനെതിരായ യുദ്ധത്തില്‍ യുഎസ് സൈന്യത്തെ നേരിട്ട് പങ്കാളികളാക്കുമെന്നുള്ള ട്രംപിന്‍റെ ഭീഷണിയാണോയെന്ന് വ്യക്തമായിട്ടില്ല.
എന്നാല്‍ അടുത്ത വർഷം ആദ്യം ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് മുമ്പ് വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്‍റെ സഖ്യകക്ഷികള്‍ പറഞ്ഞു. യുഎസ്-ഇസ്രയേൽ ഇരട്ട പൗരത്വമുള്ള ഒമർ ന്യൂട്രയുടെ മരണം ഇസ്രയേൽ സർക്കാർ സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്‍റെ മുന്നറിയിപ്പുമുണ്ടായിരിക്കുന്നത്.