വാഷിങ്ടൺ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനെ ജനുവരി 20ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ച് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഷിയെ അമേരിക്കയിലേക്ക് ക്ഷണിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചൈനീസ് പ്രസിഡന്‍റ് ക്ഷണം സ്വീകരിച്ചോ എന്നത് വ്യക്തമല്ല. ഇത് സംബന്ധിച്ച് വാഷിങ്ടണിലെ ചൈനീസ് എംബസിയുടെ വക്താവും പ്രതികരിച്ചിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ടിക് ടോക്കിന്‍റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിനെതിരെയും അമേരിക്ക നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിന്‍റെ ക്ഷണമുണ്ടായിരിക്കുന്നത്.
നിരവധി ലോക നേതാക്കള്‍ ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ എത്തുമെന്നാണ് വിവരം. ട്രംപുമായി അടുത്ത ബന്ധമുള്ള ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഓർബൻ അടുത്തിടെ മാർ - എ - ലാഗോയിൽ ട്രംപുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതേസമയം അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം പരിഗണനയിലാണ് എന്നാണ് റിപ്പോര്‍ട്ട്.
'പ്രസിഡന്‍റ് ട്രംപിനെ കാണാൻ ലോക നേതാക്കൾ അണിനിരക്കുകയാണ്. കാരണം അദ്ദേഹം ഉടൻ അധികാരത്തിൽ തിരിച്ചെത്തുമെന്നും ലോകമെമ്പാടും വ്യാപിച്ച അമേരിക്കയുടെ ശക്തിയിലൂടെ സമാധാനം പുനഃസ്ഥാപിക്കുമെന്നും അവർക്ക് അറിയാം.'- ട്രംപ് ട്രാൻസിഷൻ വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു.
2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 295 ഇലക്‌ടറൽ വോട്ടുകൾ നേടിയാണ് ഡൊണാള്‍ഡ് ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ രണ്ടാമതാണ് ഒരു വ്യക്തി പരാജയം അറിഞ്ഞ ശേഷം വീണ്ടും രണ്ടാം തവണ പ്രസിഡന്‍റ് ആകുന്നത്. 1884ലും 1892ലും പ്രസിഡന്‍റായി സേവനം അനുഷ്‌ഠിച്ച ഗ്രോവർ ക്ലീവ്‌ലാൻഡാണ് ഇത്തരത്തിൽ രണ്ട് തവണ പ്രസിഡന്‍റായ ആദ്യ വ്യക്തി. 2016 മുതൽ 2020 വരെയായിരുന്നു ട്രംപിന്‍റെ ആദ്യ കാലാവധി.