ടെൽ അവീവ്/ടെഹ്‌റാൻ/ന്യൂഡൽഹി: ഇസ്രയേലിന് നേരെ ഇറാന്‍റെ മിസൈലാക്രമണം ഉണ്ടായതോടെ അതീവ ജാഗ്രതയിലാണ് ലോക രാജ്യങ്ങള്‍. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ ആഗോള തലത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ പല രാജ്യങ്ങളും ഇതിനോടകം തന്നെ സമാധാനത്തിന് വഴിയുണ്ടാക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം, ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ പൗരന്‍റെ ചരക്ക് കപ്പലില്‍ മലയാളികളടക്കം 17 ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആകെ 25 ജീവനക്കാരാണ് കപ്പലിലുള്ളത്. കപ്പല്‍ മോചിപ്പിക്കാനുള്ള ഊര്‍ജിത ശ്രമവും തുടരുകയാണ്. കപ്പലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഇറാനിയൻ വിദേശകാര്യ മന്ത്രി എച്ച് അമീര്‍ അബ്‌ദുല്ലഹിയാനുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.
'ഇന്ന് വൈകുന്നേരം ഇറാനിയൻ എഫ്എം അമീറബ്‌ദുല്ലഹിയാനുമായി സംസാരിച്ചു. എംഎസ്‌സി ഏരീസിലെ 17 ഇന്ത്യൻ ക്രൂ അംഗങ്ങളുടെ മോചനവും, മേഖലയിലെ നിലവിലെ സാഹചര്യവും ചർച്ച ചെയ്‌തു. സംഘര്‍ഷം ഒഴിവാക്കി സംയമനം പാലിക്കാനും നയതന്ത്രത്തിലേക്ക് മടങ്ങാനും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.'- വിദേശകാര്യ മന്ത്രി ഞായറാഴ്‌ച എക്‌സില്‍ കുറിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേല്‍ വിദേശ കാര്യ മന്ത്രി ഇസ്രയേല്‍ കറ്റ്സുമായും എസ്.ജയ്‌ശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്കകള്‍ ഇസ്രയേലുമായി പങ്ക് വെച്ചു എന്നാണ് ജയ്‌ശങ്കര്‍ അറിയിച്ചത്.
പ്രത്യാക്രമണമുണ്ടായാല്‍ കടുത്ത നടപടിയെന്ന് ഇറാൻ: ഈ മിസൈലാക്രമണത്തോടെ ഇസ്രയേലിനെതിരെയുള്ള ഇതോടെ ആക്രമണം നിര്‍ത്തുകയാണ് എന്നാണ് ഇറാന്‍റെ പ്രഖ്യാപനം. എന്നാല്‍, ഇസ്രയേലിന്‍റെ ഭാഗത്ത് നിന്ന് തിരിച്ചടി ഉണ്ടായാല്‍ കനത്ത ആക്രമണം വീണ്ടും നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ സൈനിക നീക്കത്തെ അമേരിക്ക പിന്തുണയ്ക്കരുതെന്നും ഇറാന്‍ നിര്‍ദേശിച്ചു.
'സയണിസ്റ്റ് ഭരണകൂടമോ (ഇസ്രായേലോ) അനുയായികളോ കൂടുതല്‍ സാഹസം കാണിച്ചാല്‍ ശക്തമായ മറുപടിയാകും ലഭിക്കുക'- ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി പ്രസ്‌താവനയിൽ പറഞ്ഞു.
ഇറാനെതിരെ പ്രതികാരത്തിന് മുതിര്‍ന്നാല്‍ വളരെ വലിയ പ്രതികരണം ഇസ്രയേലിനെ കാത്തിരിക്കുന്നുണ്ടെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരിയും സ്‌റ്റേറ്റ് ടിവിയോട് പറഞ്ഞു. ഇസ്രായേലിനെതിരായ ഇറാൻ ആക്രമണം അതിൻ്റെ എല്ല ലക്ഷ്യങ്ങളും നേടിയിരിക്കുന്നു. ഞങ്ങളുടെ കാഴ്‌ചപ്പാടിൽ ഓപ്പറേഷൻ അവസാനിച്ചു. ഇനി ഞങ്ങൾ തുടരാൻ ഉദ്ദേശിക്കുന്നില്ല എന്നും ബാഗേരി വ്യക്താമാക്കി.
ആക്രമണം യുഎസിനെ അറിയിച്ചിരുന്നതായും ഇറാൻ: ഇസ്രയേലിനെതിരെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് രാജ്യം അമേരിക്കയെ വിവരം അറിയിച്ചിരുന്നു എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്‌ദുല്ലഹിയാൻ വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞത്. 'ഞങ്ങളുടെ ആക്രമണം പരിമിതവും നിയന്ത്രിതവുമായിരിക്കുമെന്നും നിയമാനുസൃതമായ പ്രതിരോധം ലക്ഷ്യമിട്ടുള്ളതാണെന്നും ഞായറാഴ്‌ച പുലർച്ചെ വൈറ്റ് ഹൗസിന് അയച്ച സന്ദേശത്തിൽ ഞങ്ങൾ വ്യക്തമാക്കിയിരുന്നു.'- അമീറബ്‌ദുല്ലഹിയാൻ പറഞ്ഞു. ഇസ്രയേലി ഭരണകൂടത്തെ ശിക്ഷിക്കുക എന്നതായിരുന്നു ആക്രമണത്തിന്‍റെ ലക്ഷ്യമെന്നും ഇറാൻ സേനയുടെ നിയമാനുസൃതമായ പ്രതിരോധ നടപടിയാണിതെന്നും അമീറബ്‌ദുല്ലഹിയാൻ ചൂണ്ടിക്കാണിച്ചു. ഇറാന്‍റെ ആക്രമണങ്ങൾ സാധാരണക്കാരെയോ സാമ്പത്തിക മേഖലകളെയോ ലക്ഷ്യം വയ്ക്കില്ലെന്ന് ടെഹ്‌റാന്‍റെ ഉന്നത നയതന്ത്രജ്ഞനും വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിലെയും ഇറാനിലെയും ഇന്ത്യൻ ദൗത്യങ്ങളുമായി ബന്ധപ്പെടാം: ആക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യന്‍ പൗരന്മാർക്ക് എംബസികളുമായി ബന്ധപ്പെടാന്‍ എമർജൻസി ഹെൽപ്പ്‌ലൈനും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഏത് അടിയന്തര സഹായത്തിനും 24*7 പ്രവര്‍ത്തിക്കുന്ന എമർജൻസി ഹെൽപ്പ്‌ലൈനില്‍ എംബസിയെ ബന്ധപ്പെടാം.ഇസ്രസേലിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള നമ്പര്‍: +972 547520711, + 972 543278392 ഇമെയിൽ: cons1.telaviv@mea@ gov.in.
ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ : +989128109115, +989128109109, +98993179567, +989932179359, +98-21-88755103-5, cons.tehran@mea.gov.in.
ആശങ്ക അറിയിച്ച് ലോക രാജ്യങ്ങള്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ ലോക രാജ്യങ്ങള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ ഇറാന്‍റെ ആക്രമണത്തെ ഉക്രേനിയൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലെൻസ്‌കി അപലപിച്ചു. ഇറാൻ നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യ തന്‍റെ രാജ്യത്തെ ആക്രമിക്കുന്നതെന്നും സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. റഷ്യ നടത്തുന്നതിനോട് സമാനമായ ആക്രമണങ്ങളുടെ ഭീകരത ഉക്രെയ്‌നുകാര്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിനെതിരെ വന്ന നിരവധി ഡ്രോണുകള്‍ യുകെ സൈനിക ജെറ്റുകൾ വെടിവച്ചിട്ടതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചിരുന്നു. വ്യോമാക്രമണം തടയാൻ മിഡിൽ ഈസ്‌റ്റിലേക്ക് അധിക വിമാനങ്ങൾ അയച്ചതായും സുനക് അറിയിച്ചിട്ടുണ്ട്.
മിഡിൽ ഈസ്‌റ്റിനെ കൂടുതൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പുതിയ സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ഇറാനോടും ഇസ്രയേലിനോടും ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്‌ച പ്രാർഥനയിൽ അഭ്യർത്ഥിച്ചു. ഗാസയിലെ വെടിനിർത്തലിനും മാർപ്പാപ്പ പലപ്പോഴായി ആഹ്വാനം ചെയ്‌തിട്ടുണ്ട്. ജര്‍മനി,ഫ്രാന്‍സ്,കാനഡ, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ഇറാന്‍റെ ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു.
ഞായറാഴ്‌ച(14-04-2024) പുലര്‍ച്ചയോടെയാണ് ഇറാൻ ഇസ്രയേലിന് നേരെ മിസൈലാക്രമണം നടത്തുന്നത്. ഏപ്രിൽ ഒന്നിന് ഡമസ്‌കസിലെ ഇറാന്‍ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ജനറൽമാരുൾപ്പെടെ ഏഴ് ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകൾ കൊല്ലപ്പെട്ടതിന് മറുപടിയായി ആയിരുന്നു ഇറാന്‍റെ ആക്രമണം.