റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്‌ദുൽ റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്‌തു. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദയാധനം സ്വീകരിച്ച് മാപ്പ് നൽകാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന്‍റെ മോചനം ഉടൻ സാധ്യമാകും.
ദയാധനമായി കൊല്ലപ്പെട്ട അനസ് അൽ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൻ റിയാൽ നേരത്തെ തന്നെ റിയാദ് ക്രിമിനിൽ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്‌ത ഉത്തരവിൽ ഒപ്പ് വെച്ചത്. കോടതിയിൽ എംബസി വഴി കെട്ടിവച്ച ഒന്നരക്കോടി റിയാലിന്‍റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്‍റെ കുടുംബത്തിന് കൈമാറി. മാപ്പ് നൽകിയുള്ള കുടുംബത്തിന്‍റെ സമ്മതപത്രം ഉടൻ റിയാദ് കോടതി റിയാദ് ഗവർണറേറ്റിന് കൈമാറും.
സ്പോൺസറുടെ ചലനശേഷി നഷ്‌ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്‌ദുൽ റഹീം ജയിലിൽ കഴിയുകയായിരുന്നു. റഹീമിന്‍റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയാധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്‌റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.
Also Read: നിമിഷ പ്രിയയുടെ മോചനം: നയതന്ത്ര കാര്യാലയ അക്കൗണ്ട് വഴി പണം കൈമാറാന്‍ കേന്ദ്രാനുമതി