സാൻ്റിയാഗോ: ചിലിയൻ കവി പാബ്ലോ നെരൂദയുടെ മരണം പുനരന്വേഷിക്കാൻ ഉത്തരവിട്ട് കോടതി. 1973 ൽ ചിലിയിൽ സൈനിക അട്ടിമറി നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് നോബൽ സമ്മാന ജേതാവ് പാബ്ലോ നെരൂദ കൊല്ലപ്പെടുന്നത്. പുതിയ അന്വേഷണത്തിലൂടെ നെരൂദയുടെ കൊതപാതക കാരണം വ്യക്തമാക്കാൻ സഹായിക്കുമെന്ന് അപ്പീൽ കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഡിസംബറിൽ നെരൂദയുടെ മരണകാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനന്തരവൻ നൽകിയ അപ്പീൽ ജഡ്‌ജി നിരസിച്ചിരുന്നു. നെരൂദയുടെ മരണ സെർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന ക്യാൻസർ ഒഴികെയുള്ള കാരണങ്ങൾ അന്വേഷിക്കാൻ കേസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനന്തരവൻ കോടതിയെ സമീപിച്ചിരുന്നത്.
കാനഡ, ഡെൻമാർക്ക്, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള ഫോറൻസിക് വിദഗ്‌ധർ നെരൂദയുടെ ഉള്ളിൽ വിഷം ചെന്നതായി കണ്ടെത്തിയിരുന്നെന്ന് അനന്തരവൻ റോഡോൾഫോ റെയ്‌സ് പറഞ്ഞു. ഡെന്മാർക്കിലെയും കാനഡയിലെയും ലാബുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ നെരൂദയുടെ ശരീരത്തിൽ വലിയ അളവിൽ ക്ലോറിസ്ട്രിഡിയം ബോട്ടുലിനം എന്ന വിഷം ചെന്നതായി കണ്ടെത്തിയിരുന്നെന്നും റെയ്‌സ് പറഞ്ഞു.
ശരീരത്തിലെ ഞരമ്പുകളെ ആക്രമിക്കുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും പേശി പക്ഷാഘാതം, മരണം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്ന വിഷവസ്‌തുവാണ് ക്ലോറിസ്ട്രിഡിയം ബോട്ടുലിനം. ചിലിയിലെ ഭരണ അട്ടിമറിയ്ക്ക് പിന്നാലെ നടന്ന നെരൂദയുടെ മരണം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. നെരൂദയുടെ മരണകാരണം പ്രോസ്‌റ്റേറ്റ് ക്യാൻസർ ആണെന്നായിരുന്നു ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വിഷം ഉള്ളിൽ ചെന്നാണ് നെരൂദ മരിച്ചതെന്ന് അദ്ദേഹത്തിന്‍റെ ഡ്രൈവർ വാദിച്ചിരുന്നു.
വർഷങ്ങൾക്ക് മുൻപ് തന്നെ നെരൂദയുടെ മരണകാരണം കാഷെക്‌സിയ അല്ലെങ്കിൽ വിട്ടുമാറാത്ത അസുഖങ്ങൾ കാരണം ശരീരത്തിൻ്റെ ബലഹീനതയും ക്ഷയവും ആണെന്നതിനെ അന്താരാഷ്ട്ര ഫോറൻസിക് വിദഗ്‌ധർ നിരസിച്ചിരുന്നു. റോഡോൾഫോ റെയ്‌സിന്‍റെ അപ്പീലിനെ തടുർന്ന് സാൻ്റിയാഗോയിലെ അപ്പീൽ കോടതി ഏകകണ്‌ഠമായി ജഡ്‌ജിയുടെ പ്രമേയം റദ്ദാക്കി അന്വേഷണം പുനരാരംഭിക്കാൻ ഉത്തരവിടുകയായിരുന്നു.