സാൻഫ്രാൻസിസ്കോ : ഗാസയിൽ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം 2025 വരെ നീണ്ടുനിൽക്കുമെന്നും അവ ഇസ്രയേലിന്‍റെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി യുഎസ് ക്രെഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച്. ഇസ്രയേലിന്‍റെ റേറ്റിങ് 'A+'-ൽ നിന്ന് 'A' ആയി ഏജന്‍സി താഴ്ത്തി.
മനുഷ്യരെ നഷ്‌ടപ്പെടുന്നതിന് പുറമേ, യുദ്ധം അധിക സൈനിക ചെലവുകൾക്കും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമാകുമെന്ന് ഫിച്ച് ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രവർത്തനങ്ങളിലും നിക്ഷേപങ്ങളിലും കൂടുതൽ തകര്‍ച്ച ഉണ്ടാകുമെന്നും ഏജന്‍സി പറഞ്ഞു. ഇത് ഇസ്രായേലിന്‍റെ ക്രെഡിറ്റ് മെട്രിക്സിനെ തകർച്ചയിലേക്ക് തള്ളിവിടുമെന്നും ഫിച്ച് മുന്നറിയിപ്പ് നല്‍കി.
ഈ വർഷം ഇസ്രയേൽ ബജറ്റ് കമ്മി പ്രഖ്യാപിച്ചത് രാജ്യത്തിന്‍റെ പൊതു ധനകാര്യത്തെ ബാധിച്ചു. അടുത്ത വർഷവും തുടരുന്ന സംഘർഷം സൈന്യത്തിനായുള്ള ഉയർന്ന ചെലവ് തുടരാൻ ഇസ്രയേലിനെ പ്രേരിപ്പിക്കും. അതിർത്തി പ്രദേശങ്ങളിലെ വിനോദസഞ്ചാരം, നിർമാണം, ഉത്പാദനം എന്നിവയിൽ കൂടുതൽ തടസമുണ്ടാകും. ലെബനനിലെ ഹിസ്ബുള്ളയുമായി ഇസ്രയേൽ ദിവസേന അതിർത്തി കടന്നുള്ള ആക്രമണം നടത്തുന്നതിനാല്‍ വടക്കൻ അതിർത്തി മേഖലയിൽ നിന്ന് ഇസ്രയേലികള്‍ വ്യാപകമായി ഒഴിയുന്നുണ്ട്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.
ഹമാസിന്‍റെ രാഷ്‌ട്രീയ നേതാവിനെ ടെഹ്‌റാനിലും ഹിസ്ബുള്ള കമാൻഡറെ ബെയ്‌റൂട്ടിലും വെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാനും ഹിസ്ബുള്ളയും ഏത് സമയവും ഇസ്രയേലിനെ ആക്രമിക്കാം എന്ന സ്ഥിതി നിലവിലുണ്ട്. അങ്ങനെയെങ്കില്‍ മിഡിൽ ഈസ്‌റ്റില്‍ വ്യാപിച്ചേക്കാവുന്ന ഒരു യുദ്ധമായി ഇത് മാറുമോ എന്ന ആശങ്കയും ലോക രാജ്യങ്ങള്‍ക്ക് മുമ്പിലുണ്ട്. അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും ഇറാനോട് ആക്രമണം ഉണ്ടാകരുതെന്ന് ആഹ്വാനം ചെയ്‌തിരുന്നു.
അതേസമയം, വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും സംബന്ധിച്ച് ഈ ആഴ്ച ചർച്ചകൾ പുനരാരംഭിക്കാൻ അന്താരാഷ്‌ട്ര മധ്യസ്ഥർ ഇസ്രയേലിനെയും ഹമാസിനെയും ക്ഷണിച്ചിട്ടുണ്ട്. ക്ഷണം ഇസ്രയേൽ അംഗീകരിച്ചു. എന്നാല്‍ കൂടുതൽ ചർച്ചകൾക്ക് പകരം യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ നേരത്തെ അവതരിപ്പിച്ച ഉടമ്പടി പദ്ധതി നടപ്പാക്കാനാണ് ഹമാസ് മധ്യസ്ഥരോട് ആവശ്യപ്പെട്ടത്.
ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തില്‍ കുറഞ്ഞത് 39,897 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
Also Read : ഹമാസ് കമാൻഡറായി യഹ്‌യ സിൻവാർ; ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതുവരെ വേട്ട തുടരുമെന്ന് ഇസ്രായേൽ