തായ്പേയ് : 24 മണിക്കൂറിനിടെ 21 ചൈനീസ് സൈനിക വിമാനങ്ങളും ആറ് നാവിക സേന കപ്പലുകളെയും രാജ്യത്തിന് സമീപത്ത് കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇത്രയും ചൈനീസ് സൈനിക വിമാനങ്ങളും നാവികസേന കപ്പലുകളും കണ്ടെത്തിയിരിക്കുന്നത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷൻ ആര്‍മിയുടെ (Peoples Liberations Army - PLA) നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടി യുദ്ധ വിമാനങ്ങളെയും നാവിക കപ്പലുകളും വ്യോമപ്രതിരോധ മിസൈല്‍ സംവിധാനങ്ങളും തായ്‌വാൻ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.
പീപ്പിള്‍സ് ലിബറേഷൻ ആര്‍മിയുടെ 21 വിമാനങ്ങളില്‍ നിന്നും ഒരു ചൈനീസ് ഡ്രോണ്‍ തായ്‌വാൻ കടലിടുക്ക് മീഡിയൻ ലൈൻ കടന്ന് തായ്‌വാനിലെ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൻ്റെ (ADIZ) തെക്കുപടിഞ്ഞാറൻ മേഖലയില്‍ പ്രവേശിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, 9 ചൈനീസ് സൈനിക വിമാനങ്ങളും തെക്കുപടിഞ്ഞാറൻ മേഖലയില്‍ പ്രവേശിച്ചതായാണ് തായ്‌വാൻ പുറത്തുവിടുന്ന വിവരം.
2020 സെപ്‌റ്റംബര്‍ മുതലാണ് ചൈന സൈനിക വിമാനങ്ങളുടെയും സൈനിക കപ്പലുകളുടെയും എണ്ണം വര്‍ധിപ്പിച്ച് തയ്‌വാനു സമീപം ഗ്രേ സോൺ ബലപ്രയോഗം തീവ്രമാക്കാൻ തുടങ്ങിയത്. നേരത്തെ, തായ്‌വാനിലേക്കുള്ള കടന്നുകയറ്റം മറച്ചുവയ്‌ക്കുന്നതിന് ചൈന സൈനികാഭ്യാസത്തിന് മുതിര്‍ന്നേക്കാമെന്ന് യുഎസിന്‍റെ ഇന്തോ - പസിഫിക് കമാൻഡ് അഡ്‌മിറൽ സാമുവൽ പാപരോ വ്യക്തമാക്കിയിരുന്നു. ഇതിലൂടെ, മതിയായ സൈനിക ശക്തി ആര്‍ജിച്ച് ഒരു സൈനിക ഓപ്പറേഷൻ ചൈന നടത്തുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍.
ചൈനയുടെ അയല്‍ ദ്വീപാണ് തായ്‌വാൻ. തങ്ങള്‍ സ്വതന്ത്ര രാജ്യമാണെന്നാണ് തായ്‌വാന്‍റെ വാദം. എന്നാല്‍, തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമാണ് തായ്‌വാൻ എന്നാണ് ചൈനയുടെ അവകാശവാദം.
Also Read : 'ഓപ്പറേഷൻ ഡങ്കി': മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി നേപ്പാൾ പൊലീസ്, 11 ഇന്ത്യക്കാരെ മോചിപ്പിച്ചു