വാഷിങ്ടണ്‍: ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യവസായ ബന്ധങ്ങള്‍ തുടരാന്‍ തങ്ങള്‍ ബദ്ധശ്രദ്ധാലുക്കളാണെന്ന് രാജ്യത്തെ വ്യവസായ സമൂഹത്തിന് ഉറപ്പ് നല്‍കി കാനഡയിലെ വാണിജ്യ മന്ത്രി മേരി നഗ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു ഉറപ്പ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കനേഡിയന്‍ കമ്പനികള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ നല്‍കുന്നത് വാണിജ്യ കമ്മിഷണര്‍ സര്‍വീസ് തുടരുമെന്നും മന്ത്രി അറിയിച്ചു.
കാനഡയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈകമ്മീഷണറെ തിരികെ വിളിക്കുക മാത്രമല്ല, കാനഡയുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുക കൂടി ഇന്ത്യ ചെയ്‌തിരിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏതെങ്കിലും വിദേശരാജ്യത്തെ തങ്ങളുടെ പൗരന്‍മാരെ ഭീഷണിപ്പെടുത്താനോ അവര്‍ക്ക് ദോഷം വരുത്തും വിധം പ്രവര്‍ത്തിക്കാനോ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം നമ്മുടെ സാമ്പത്തിക താത്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയും നീതിന്യായ വ്യവസ്ഥയുടെ മൂല്യങ്ങള്‍ പാലിക്കണം. കാനഡ ഇന്ത്യയുമായി തുറന്ന ചര്‍ച്ചകള്‍ക്ക് തയാറാണ്. ഏറെ വിലമതിക്കുന്ന ആ ബന്ധം തുടരാനും തങ്ങള്‍ ആഗ്രഹിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയും കാനഡയും തമ്മില്‍ ഉഭയകക്ഷി വ്യാപാര ബന്ധം 2023 സാമ്പത്തിക വര്‍ഷം 827 കോടി ഡോളറിലെത്തിയിരുന്നതായി ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്‍ കണക്കുകള്‍ പറയുന്നു. 2023 ഏപ്രില്‍-നവംബര്‍ പാദത്തില്‍ മാത്രമിത് 530 കോടി ഡോളറായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2022ല്‍ ഏഷ്യ പസഫിക് മേഖലയില്‍ കാനഡയുടെ ഒന്‍പതാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായിരുന്നു ഇന്ത്യ. പതിനാലാമത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യം കൂടിയാണ് ഇന്ത്യ.
ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് കയറ്റി അയക്കുന്ന വസ്‌തുക്കളില്‍ ഒന്നാം സ്ഥാനത്ത് മരുന്നുകളാണ്. തൊട്ടുപിന്നാലെ ന്യൂക്ലിയര്‍ റിയാക്‌ടറുകളും ബോയിലറുകളും ഇലക്‌ട്രിക്കല്‍ യന്ത്രങ്ങള്‍, ഇരുമ്പ് , ഉരുക്ക് സാമഗ്രികള്‍ എന്നിവയും ഇന്ത്യയില്‍ നിന്ന് കാനഡയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
കാനഡയില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങളടക്കം ഇറക്കുമതി ചെയ്യുന്നു. ഭക്ഷ്യ എണ്ണകള്‍, വളങ്ങള്‍, മുത്തുകള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍, കല്ലുകള്‍, പള്‍പ്പ്, വേസ്റ്റ് പേപ്പര്‍, ഇലക്‌ട്രിക്കല്‍ മെഷിനറി, ഉപകരണങ്ങള്‍ എന്നിവയും ഇറക്കുമതി ചെയ്യുന്നുണ്ട്.
രാജ്യത്ത് 600ലേറെ കനേഡിയന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം 10000കോടി ഡോളറിലെത്തിയിരിക്കുന്നു. ഇതില്‍ 7000കോടി കനേഡിയന്‍ കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപവുമാണ്.
2020ല്‍ കാനഡയില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 200 കോടി അമേരിക്കന്‍ ഡോളറാണ്. അഞ്ച് കൊല്ലത്തിനിടെ ഇത് ഏകദേശം അന്‍പത് ശതമാനത്തോളം വര്‍ധിച്ച് 270 കോടി ഡോളറിലെത്തിയിരിക്കുന്നു.