വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് രാജ്യത്തെ നയിക്കാന്‍ യോഗ്യയെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇക്കാര്യത്തില്‍ തനിക്ക് യാതൊരു തരത്തിലുമുള്ള സംശയങ്ങളും ഇല്ലാതിരുന്നതുകൊണ്ടാണ് തന്‍റെ വൈസ് പ്രസിഡന്‍റായി കമല ഹാരിസിനെ നിയമിച്ചതെന്നും ബൈഡൻ പറഞ്ഞു. അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ജോ ബൈഡന്‍റെ പ്രതികരണം.
ഏത് വിഷയത്തെയും വളരെ നയചാതുരിയോടെ കൈകാര്യം ചെയ്യാന്‍ അവര്‍ക്കാകുമെന്നതാണ് ഇതിന് കാരണമായി ബൈഡന്‍ ചൂണ്ടിക്കാട്ടിയത്. വനിതകളുടെ പ്രശ്‌നങ്ങള്‍ ഒക്കെ ഉയര്‍ന്ന് വന്നപ്പോള്‍ അവര്‍ അതിനെ കൈകാര്യം ചെയ്‌ത രീതി നാം കണ്ടതാണ്. സെനറ്റിലും അവര്‍ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. അവര്‍ പ്രസിഡന്‍റാകാന്‍ യോഗ്യയല്ലെന്ന് തനിക്ക് തോന്നിയിരുന്നെങ്കില്‍ ഒരിക്കലും അവരെ തെരഞ്ഞെടുക്കുമായിരുന്നില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തിനിടെ പക്ഷേ പ്രസിഡന്‍റിന് ചെറിയൊരു നാക്കു പിഴയുണ്ടായി. കമല ഹാരിസ് എന്ന് പരാമര്‍ശിക്കേണ്ടിയിരുന്ന ഇടത്ത് ഡൊണാള്‍ഡ് ട്രംപ് എന്നായിരുന്നു പ്രസിഡന്‍റ് സൂചിപ്പിച്ചത്. പ്രസിഡന്‍റാകാന്‍ യോഗ്യയല്ലെന്ന് തനിക്ക് തോന്നിയിരുന്നുവെങ്കില്‍ ട്രംപിനെ താന്‍ വൈസ് പ്രസിഡന്‍റായി നിശ്ചയിക്കുമായിരുന്നില്ലെന്നായിരുന്നു ബൈഡന്‍റെ പ്രസ്‌താവന.
അതേസമയം ട്രംപിനേക്കാള്‍ പ്രസിഡന്‍റ് പദത്തിന് യോഗ്യന്‍ താന്‍ തന്നെയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഒരിക്കല്‍ അയാളെ പരാജയപ്പെടുത്തിയതാണ്. ഇക്കുറിയും അത് തന്നെ സംഭവിക്കുമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
സെനറ്റര്‍മാരും പാര്‍ലമെന്‍റ് അംഗങ്ങളും പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കാറുണ്ട്. അവര്‍ ടിക്കറ്റ് കിട്ടാന്‍ വേണ്ടി പരിശ്രമിക്കുന്നത് കുറ്റമൊന്നുമല്ല. ചുരുങ്ങിയത് അഞ്ച് പ്രസിഡന്‍റുമാരോ രണ്ടാം വട്ടം മത്സരിക്കുന്നവരോ ആയവര്‍ക്ക് ഇപ്പോള്‍ എനിക്ക് കിട്ടിയിട്ടുള്ള പിന്തുണയെക്കാള്‍ കുറവ് മാത്രമേ കിട്ടിയിരുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രചാരണത്തില്‍ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. താന്‍ അത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറുമെന്ന അഭ്യൂഹങ്ങളും ബൈഡന്‍ തള്ളി. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പിൽ മുന്നോട്ട് തന്നെയെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തി പ്രാപിക്കുന്നതിനിടെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കുന്നത്. തന്‍റെ ഭരണ കാലയളവിൽ സാമ്പത്തിക മേഖല വൻ പുരോഗതി കൈവരിച്ചു. തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് വീണ്ടും മത്സരിക്കുന്നതെന്ന് ജോ ബൈഡൻ പ്രതികരിച്ചു.
അതിനിടെ, നാറ്റോ സമ്മേളനത്തിനിടെ ജോ ബൈഡന് നാക്കുപിഴ സംഭവിച്ചത് വന്‍ ചര്‍ച്ചയായി. യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കിയെ, പ്രസിഡന്‍റ് പുടിൻ എന്നാണ് ബൈഡൻ അഭിസംബോധന ചെയ്‌തത്. എന്നാൽ, തെറ്റ് മനസിലാക്കി ബൈഡൻ ഉടൻ തിരുത്തി.
അതേസമയം, ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ന്യൂയോർക്ക് ടൈംസ് രംഗത്തെത്തി. അമേരിക്കയെ നയിക്കാൻ ട്രംപ് അയോഗ്യനെന്ന് ന്യൂ യോർക്ക് ടൈംസിന്‍റെ പത്രാധിപ സമിതി അഭിപ്രായപ്പെട്ടു. ട്രംപിന്‍റെ സ്വഭാവവും പ്രവൃത്തികളും അമേരിക്കൻ ജനാധിപത്യത്തിനും ഭരണഘടനക്കും ഭീഷണിയാണെന്നാണ് ടൈംസിന്‍റെ മുഖപ്രസംഗം.
രാജ്യതാൽപര്യങ്ങൾക്കെതിരെയാണ് ട്രംപ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം സങ്കുചിത താല്‍പര്യങ്ങൾ മാത്രമാണ് ട്രംപിന് മുഖ്യമെന്നും ടൈംസ് വിമര്‍ശിച്ചു. Unfit to Lead എന്ന ലേഖനത്തിലാണ് ട്രംപിനെതിരായ പരാമർശങ്ങൾ. ട്രംപിന്‍റെ രണ്ടാമൂഴം തിരസ്‌കരിക്കാൻ വോട്ടർമാരോട് ന്യൂയോർക്ക് ടൈംസ് ആഹ്വാനവും ചെയ്തിട്ടുണ്ട്.