ഡിയർബോണ്‍: മിഷിഗൺ പ്രൈമറികളിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും വിജയം. ചൊവ്വാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ ഇരുവരും ജയിച്ചതിനാൽ മത്സരം ഒന്നുകൂടി മുറുകി എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഡെമോക്രാറ്റിക് പ്രൈമറിയിൽ അവശേഷിക്കുന്ന പ്രധാന എതിരാളിയായ മിനസോട്ട പ്രതിനിധി ഡീൻ ഫിലിപ്‌സിനെയാണ് ബൈഡൻ പരാജയപ്പെടുത്തിയത്. അതേസമയം മിഷിഗണിൽ അണ്‍കമ്മിറ്റഡ് വോട്ടിന്‍റെ വർധന ബൈഡന് വെല്ലുവിളിയായികൊണ്ടിരിക്കുകയാണ്.
എന്താണ് അണ്‍കമ്മിറ്റഡ് വോട്ട്: മിഷിഗണിലെ ബാലറ്റിൽ വോട്ടർമാർക്ക് ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാൾക്ക് വോട്ട് ചെയ്യാം. അല്ലെങ്കിൽ മറ്റൊരു ഓപ്‌ഷനായ അണ്‍കമ്മിറ്റഡ് തെരഞ്ഞെടുക്കാം. വോട്ടർമാർ അണ്‍കമ്മിറ്റഡ് തെരഞ്ഞെടുക്കുന്നത് പൊതുവേ സ്ഥാനാർത്ഥിയോടുളള അതൃപ്‌തി അറിയിക്കാനാണ്.
എന്നാൽ സ്ഥാനാർത്ഥിയോട് താൽപ്പര്യമില്ലെങ്കിലും അദ്ദേഹത്തിന്‍റെ പാർട്ടിയെ വോട്ടർമാർ അനുകൂലിക്കുന്നുണ്ട്. അതിനാൽ സ്ഥാനാർത്ഥിയോട് പ്രതിബന്ധതയില്ലെങ്കിലും ഈ വോട്ടുകൾ എണ്ണപ്പെടുന്നതാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബൈഡന് അണ്‍കമ്മിറ്റഡ് വോട്ടുകൾ വർധിക്കാനുളള പ്രധാന കാരണം ഇസ്രായേൽ-ഹമാസ് യുദ്ധമാണ്. ഈ യുദ്ധം തുടരുന്നത് ബൈഡന്‍റെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപരമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സൗത്ത് കരോലിന, നെവാഡ, ന്യൂ ഹാംഷെയർ എന്നിവിടങ്ങളിൽ ബൈഡന് ഇതിനകം തന്നെ വിജയിക്കാനായിട്ടുണ്ട്.
അതേസമയം ട്രംപിനെ സംബന്ധിച്ചിടത്തോളം റിപ്പബ്ലിക്കൻ പ്രൈമറി കലണ്ടറിലെ ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളും അദ്ദേഹം ഇപ്പോൾ തൂത്തുവാരിയിരിക്കുകയാണ്. അവസാനത്തെ പ്രധാന പ്രൈമറി ചലഞ്ചറായ ഇന്ത്യൻ-അമേരിക്കൻ സ്ഥാനാര്‍ത്ഥിയും മുൻ യുഎൻ അംബാസഡറുമായ നിക്കി ഹാലിയ്‌ക്കെതിരെ സൗത്ത് കരോലിനയിൽ ട്രംപ് വിജയിക്കുകയും ചെയ്‌തു.
ശനിയാഴ്‌ച നടന്ന വോട്ടെടുപ്പിൽ 20 ശതമാനം പോയിന്‍റിനായിരുന്നു നിക്കി ഹാലിയെ ട്രംപ് പരാജയപ്പെടുത്തിയിരുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ ആവശ്യമായ 1,215 പ്രതിനിധികളെ മാർച്ച് പകുതിയോടെ സജ്ജമാക്കാനായുളള പ്രചാരണം ട്രംപ് നടത്തിവരികയാണ്.
അതേസമയം സബർബൻ വോട്ടർമാരോടും കോളജ് ബിരുദമുള്ളവരോടും ട്രംപ് മോശം പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്. ട്രംപിനെതിരെ ഒന്നോ അതിലധികമോ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ക്രിമിനൽ ചാർജുകൾ നേരിടുന്ന ട്രംപ് ശിക്ഷിക്കപെടുകയാണെങ്കിൽ പ്രസിഡന്‍റ് ആകാൻ അദ്ദേഹത്തിന് യോഗ്യതയിലെന്ന് മൂന്നിലൊന്ന് ജനങ്ങളും വിശ്വസിക്കുന്നതായി എക്‌സിറ്റ്‌പോൾ സർവേയിൽ തെളിഞ്ഞിരുന്നു.