ധാക്ക : ഷെയ്ഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ ഏറെ പ്രതിസന്ധിയിലായതോടെ ഹസീനയേയും സഹോദരി രഹാനയേയും അറസ്റ്റ് ചെയ്‌ത് തിരികെ അയക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്‌സിബിഎ) അധ്യക്ഷന്‍ എ എം മെഹബൂബ് ഉദ്ദിന്‍ ഖൊകോണ്‍. ധാക്ക ട്രൈബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ഇന്ത്യയിലെ ജനങ്ങളുമായി നല്ലൊരു ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഖൊകോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിരവധി പേരുടെ ജീവന്‍ നഷ്‌ടമാകാന്‍ കാരണം ഹസീനയാണെന്നും അദ്ദേഹം ആരോപിച്ചു. ബിഎന്‍പി അനുകൂല അഭിഭാഷകരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലും അഴിമതികളിലും ഉള്‍പ്പെട്ടിട്ടുള്ള സുപ്രീം കോടതി ജഡ്‌ജിമാര്‍ ഒരാഴ്‌ചയ്ക്കകം രാജി വയ്ക്കണമെന്നും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)യുടെ ജോയിന്‍റ് സെക്രട്ടറി ജനറല്‍ കൂടിയായ ഖൊകോണ്‍ ആവശ്യപ്പെട്ടതായി ധാക്ക ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്‌തു. അറ്റോര്‍ണി ജനറല്‍ എ എം അമിന്‍ ഉദ്ദിന്‍, അഴിമതി വിരുദ്ധ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍, ദശീയ മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങിയവയുടെ തലവന്‍മാര്‍ എന്നിങ്ങനെ ഹസീന സര്‍ക്കാര്‍ നിയമിച്ച ഉന്നതര്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്‌ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശ് കടുത്ത രാഷ്‌ട്രീയ അസ്ഥിരതയില്‍ പെട്ടിരിക്കുകയാണ്. ഈ മാസം അഞ്ചിന് ഹസീന രാജി വച്ച് നാട് വിട്ടതോടെയാണ് പ്രതിസന്ധികള്‍ കടുത്തത്. ഹസീനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് രാജി വയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്.
രാജ്യത്തെ പാര്‍ലമെന്‍റ് പിരിച്ച് വിട്ടതായി പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിന് അതോടെ വഴി തുറന്നു. ഇതിനിടെ ബിഎന്‍പി അധ്യക്ഷയും മുന്‍ പ്രധാനമന്ത്രിയുമായ ഖലീദ സിയയെ മോചിപ്പിച്ചു.
തിങ്കളാഴ്‌ച വൈകുന്നേരമാണ് ഹസീന ഇന്ത്യയിലെത്തിയത്. ഇപ്പോഴും ഇവര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് ഇന്ത്യന്‍ അധികൃതര്‍ നല്‍കുന്ന സൂചന. രാജ്യത്തെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആന്‍റി ഡിസ്ക്രിമിനേഷന്‍ സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് നിര്‍ദേശിച്ചു. ലണ്ടനില്‍ ഹസീന അഭയം തേടിയെങ്കിലും ബംഗ്ലാദേശിലെ കേസുകളില്‍ സംരക്ഷണം നല്‍കാനാകില്ലെന്ന് അവര്‍ നിലപാടെടുത്തതോടെ ആ ഉദ്യമം ഹസീന ഉപേക്ഷിച്ചു. ഇന്ത്യയില്‍ തന്നെ തത്കാലം തുടരാനാണ് ഉദ്ദേശ്യം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച തുടരുകയാണ്.
Also Read: ബംഗ്ലാദേശ് സംഘര്‍ഷം; ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക, ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസ്