കൊൽക്കത്ത (ധാക്ക): മെയ് 13 ന് കൊൽക്കത്തയില്‍ നിന്ന് കാണാതായ മുതിർന്ന ബംഗ്ലാദേശ് എംപി അൻവാറുൾ അസിമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ അറിയിച്ചു. മെയ് 12 ന് ഇന്ത്യയിലെത്തി ഒരു ദിവസത്തിന് ശേഷം കാണാതായ അവാമി ലീഗ് എംപിയുടെ മൃതദേഹം ബുധനാഴ്‌ച കൊൽക്കത്തയിലെ ന്യൂടൗൺ ഏരിയയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് കണ്ടെടുത്തത്.
അറസ്‌റ്റിലായവരെല്ലാം ബംഗ്ലാദേശികളാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഇത് കൊലപാതകമായിരുന്നുവെന്നും അസദുസമാൻ ഖാൻ പറഞ്ഞു. ഇന്ത്യൻ പൊലീസ് കേസുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്ന് തവണ എംപിയായ അവാമി ലീഗ് കാളിഗഞ്ച് ഉപജില്ലാ യൂണിറ്റ് പ്രസിഡന്‍റായ അൻവാറുൾ ചികിത്സയ്ക്കായാണ് ഇന്ത്യയിലെത്തിയത്.
കേസിൽ കൊൽക്കത്ത പൊലീസ് സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ നടപടിക്രമങ്ങൾക്കായി അസിമിന്‍റെ കുടുംബാംഗങ്ങളും കൊൽക്കത്തയിൽ എത്തും, അവരുടെ വിസ നടപടികൾ പുരോഗമിക്കുകയാണ്.
എസ്‌ടി എഫ്, ഐബി ഡിറ്റക്‌ടക്‌ടീവുകളും തെരച്ചിലിൽ പങ്കെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. കൊൽക്കത്തയിൽ എത്തിയ ശേഷം അസിം ഉപയോഗിച്ചിരുന്ന കാറും കണ്ടെത്തിയിട്ടുണ്ട്. അസിമിനൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ട് പേർ സംഭവത്തിന് ശേഷം രാജ്യം വിട്ടിരിക്കാമെന്നാണ് പ്രാഥമിക പൊലീസ് അന്വേഷണത്തിൽ ലഭിച്ച സൂചന.
അസിമിനെ കണ്ടെത്താൻ ന്യൂട്ടണിലെയും ബാരാനഗറിലെയും ചില ഭാഗങ്ങളിൽ പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. മെയ് 12ന് ദർശന അതിർത്തിയിലൂടെ പശ്ചിമ ബംഗാളിലേക്ക് വന്ന എംപി സുഹൃത്തായ ഗോപാൽ ബിശ്വാസിന്‍റെ ബാരാനഗറിലെ വീട്ടിലേക്ക് പോയതായി കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു."ചികിത്സയ്ക്കായി മെയ് 12 ന് കൊൽക്കത്തയിൽ വന്ന അദ്ദേഹം നഗരത്തിന്‍റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ബാരാനഗറിലെ സുഹൃത്തിന്‍റെ സ്ഥലത്ത് താമസിച്ചു. മെയ് 13 ന് ആരെയോ കാണാൻ പോയ അദ്ദേഹം മടങ്ങിവന്നില്ല. പിന്നീട് സുഹൃത്ത് പോലീസിൽ പരാതി നൽകിയതാണ്. " ഉദ്യോഗസ്ഥൻ പറഞ്ഞു.