ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിൻ്റെ വിദ്യാർഥി സംഘടനയായ 'ബംഗ്ലാദേശ് ഛത്ര ലീഗി'നെ നിരോധിച്ച് ഇടക്കാല സർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ബുധനാഴ്‌ച ഉത്തരവിറക്കി. ഷെയ്ഖ് ഹസീനയെ പുറത്താക്കിയ വിമോചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ പ്രതിഷേധങ്ങളെ തുടർന്നാണ് സംഘടനയെ നിരോധിച്ചിരിക്കുന്നത്.
ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ്റെ രാജി ഉൾപ്പെടെ അഞ്ച് ഇന ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ കഴിഞ്ഞ ദിവസം പ്രസിഡന്‍റിന്‍റെ വസതി ഉപരോധിച്ചിരുന്നു. ആൻ്റി ടെററിസം ആക്‌ട് 2009 ലെ സെക്ഷൻ 18, സബ് സെക്ഷൻ (1) ന് കീഴിലെ അധികാരങ്ങൾ ഉപയോഗിച്ചാണ് നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം വിവിധ സമയങ്ങളിലായി, പ്രത്യേകിച്ച് കഴിഞ്ഞ 15 വർഷത്തെ ഏകാധിപത്യ ഭരണത്തിന് കീഴിൽ, അവാമി ലീഗിൻ്റെ സഹോദര സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗ്, കൊലപാതകങ്ങൾ, പീഡനങ്ങൾ, ബലാത്സംഗം തുടങ്ങി പൊതു സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.
'ഇവയുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്യത്തെ പല പ്രമുഖ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘടനയുടെ നേതാക്കളുടെയും പ്രവർത്തകരുടെയും പേരിൽ പല ക്രിമിനൽ കുറ്റങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും' ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
2024 ജൂലൈ 15 മുതൽ നടന്ന വിദ്യാർഥി പ്രസ്ഥാന പ്രതിഷേധങ്ങൾക്കിടയിൽ ബംഗ്ലാദേശ് ഛത്ര ലീഗ് നേതാക്കാളും പ്രവർത്തകരും പ്രതിഷേധക്കാർക്കെതിരെയും പൊതുജനങ്ങൾക്കെതിരെയും സായുധ ആക്രമണം അഴിച്ച് വിട്ടതായും ഇത് നൂറുകണക്കിന് നിരപരാധികളായ ആളുകളുടെ ജീവൻ അപകടത്തിലാക്കിയതായും ഉത്തരവിൽ പറയുന്നുണ്ട്.
Also Read:പ്രസിഡൻ്റിന്‍റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിഷേധം; ഔദ്യോഗിക വസതി ഉപരോധിച്ചു