ന്യൂയോര്‍ക്ക് : ബാള്‍മോട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നതിനെ തുടര്‍ന്ന് നദിയില്‍ കാണാതായ ആറ് പേരെ കണ്ടെത്താനായില്ല. അപകടത്തിന് പിന്നാലെ പെറ്റാസ്‌കോ നദിയില്‍ വീണ സംഘം മരിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ട്.
ഇന്നലെയാണ് (മാര്‍ച്ച് 26) ചരക്ക് കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്നത്. സിംഗപ്പൂര്‍ കപ്പലായ ദാലിയാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്‍റെ തൂണില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.
22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്നാണ് ലഭിക്കുന്ന വിവരം. 4679 ടണ്‍ ചരക്കുമായി ബാള്‍ട്ടിമോറില്‍ നിന്നും കൊളംബോയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
അപകടത്തിന് പിന്നാലെ കപ്പലിന് തീപിടിക്കുകയും ഡീസല്‍ നദിയില്‍ കലരുകയും ചെയ്‌തു. അപകട സമയത്ത് പാലത്തിലൂടെ സഞ്ചരിച്ചവരും പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും നദിയിലേക്ക് വീണു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായിരുന്നുവെന്നാണ് നേരത്തെ ലഭിച്ച റിപ്പോര്‍ട്ടുകള്‍.
അപകടത്തിന് പിന്നാലെ ഇന്നലെ മണിക്കൂറുകളോളം നീളുന്ന രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലും ആറ് പേരെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.