ഹൈദരാബാദ് : പൂച്ചകളെ ഇഷ്‌പ്പെടുന്നവരാണോ നിങ്ങള്‍. നിങ്ങള്‍ക്കായി ഒരു ദിനം ഉണ്ടെന്ന് അറിയാമോ?... അതെ പൂച്ച പ്രേമിക്കള്‍ക്കായി ഒരു ദിനം ഉണ്ട്, ഓഗസ്റ്റ് എട്ട്.
പൂച്ചകള്‍ക്കായി ഒരു ദിവസം എന്ന ആശയം കൊണ്ടുവരുന്നത് ഇൻ്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയറാണ്. 2002 മുതലാണ് പൂച്ചദിനം ആചരിച്ച് തുടങ്ങുന്നത്. പൂച്ചകളുടെ സംരക്ഷണം ഉറപ്പാക്കാനും ആളുകള്‍ക്കിടയില്‍ പൂച്ചകളെക്കുറിച്ച് അവബോധം വളർത്താനുമാണ് പൂച്ച ദിനം ആചരിക്കുന്നത്.
2020 മുതൽ, ഇൻ്റർനാഷണൽ ക്യാറ്റ് കെയർ (ഐകാറ്റ്‌കെയർ) ആണ് അന്താരാഷ്ട്ര പൂച്ച ദിനത്തിന് നേതൃത്വം നല്‍കുന്നത്. പൂച്ചകളെ പരിപാലിക്കാൻ ആവശ്യമായ പിന്തുണയും സഹായവും ഐകാറ്റ്‌കെയർ നല്‍കുന്നു. പൂച്ചകള്‍ക്കായി ലോകത്തുളള പൂച്ച സ്‌നേഹികള്‍ ഒന്നിക്കുന്ന ദിനം കൂടിയാണിത്.
പൂച്ച വളർത്തലിന്‍റെ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍
- പ്രതിരോധശേഷി വർധിപ്പിക്കുന്നു: പൂച്ചകളുമായുള്ള സമ്പർക്കം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. പ്രത്യേകിച്ച് ചെറുപ്പം മുതല്‍ പൂച്ചകളുമായി സമ്പർക്കം പുലർത്തുന്ന കുട്ടികളില്‍ കാലക്രമേണ പ്രതിരോധശേഷി വർധിക്കാൻ ഇത് സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
- സമ്മര്‍ദം കുറയ്‌ക്കും: പൂച്ചയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നത് വഴി സമ്മർദം, ഉത്കണ്‌ഠ, വിഷാദം തുടങ്ങിയവ കുറയ്‌ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
- നല്ല ഉറക്കം: പൂച്ചകളുടേത് ശാന്തവും സമാധനം തരുന്നതുമായ സാന്നിധ്യമാണ്. അത് ശാന്തമായി ഉറങ്ങാന്‍ പറ്റുന്ന അന്തരീക്ഷം സൃഷ്‌ടിക്കുകയും അതുവഴി നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.
- മെച്ചപ്പെട്ട മാനസികാരോഗ്യം: പൂച്ചയുമായി ഇടപഴകുന്നത് സമ്മർദവും ഉത്കണ്‌ഠയും കുറയ്ക്കുക മാത്രമല്ല, സന്തോഷവും സംതൃപ്‌തിയും വർധിപ്പിക്കുകയും ചെയ്യും.
- ആയുസ് കൂട്ടുന്നു: പൂച്ച വളര്‍ത്തുന്നവര്‍ക്ക് ഹൃദ്രോഗമോ മറ്റ് രോഗങ്ങളോ ബാധിച്ച് മരിക്കാനുള്ള സാധ്യത പൂച്ചയില്ലാത്തവരേക്കാൾ കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
- ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു: പൂച്ച വളര്‍ത്തുന്നവരില്‍ രക്തസമ്മർദവും കൊളസ്ട്രോളും കുറവായിരിക്കുന്നത് കൊണ്ടുതന്നെ ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുളള സാധ്യത കുറവായിരിക്കും.
പൂച്ചകളെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?
- വളർത്തു പൂച്ചയുടെ ശാസ്ത്രീയ നാമം 'ഫെലിസ് കാറ്റസ്' എന്നാണ്. ഫെലിഡേ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ് ഇവ.
- ഒരു പൂച്ചയുടെ ശരാശരി ആയുസ് 13 മുതൽ 17 വർഷം വരെയാണ്. ചില പൂച്ചകള്‍ 20 വര്‍ഷം വരെ ജീവിക്കാം. ലോക റെക്കോഡ് ഉടമയായ 'ക്രീം പഫ്' നീണ്ട 38 വർഷമാണ് ജീവിച്ചത്.
- ഈ കാലഘട്ടത്തിലെ മമ്മീകരിച്ച പൂച്ചകൾ, പൂച്ചകളുടെ ചരിത്രത്തെക്കുറിച്ച് അറിയാൻ ഡിഎൻഎ കണ്ടെത്താനും പഠിക്കാനും ശാസ്ത്രജ്ഞരെ സഹായിച്ചിട്ടുണ്ട്.
- അഞ്ച് മാസം പ്രായമാകുമ്പോൾ തന്നെ പൂച്ചകൾക്ക് പ്രത്യുല്‍പാദന ശേഷി ഉണ്ടാകുന്നു. കരുതല്‍ ലഭിച്ചാല്‍ നല്ല രീതിയില്‍ പ്രത്യുല്‍പാദനം നടത്താന്‍ പൂച്ചകള്‍ക്ക് കഴിയും. അതായത് ഒരു ജോടി പൂച്ചകൾക്ക് ഏഴ് വർഷത്തിനുള്ളിൽ 4,20,000 കുഞ്ഞുങ്ങളെ വരെ പ്രസിവിക്കാന്‍ കഴിയും.
- പൂച്ചയുടെ ശരാശരി ഗർഭകാലം 65 ദിവസമാണ്. ഏകദേശം ഒമ്പത് ആഴ്‌ച.
- ഇരുട്ടിൽ പൂച്ചകൾക്ക് മനുഷ്യരേക്കാൾ ആറിരട്ടി കാഴ്‌ച ശക്തി ഉണ്ടായിരിക്കും.
- കീടനിയന്ത്രണമായി റോമൻ വീടുകളില്‍ പൂച്ചകളെ ഉപയോഗിച്ചിരുന്നു.
- ജനിച്ച് വളരെ പെട്ടെന്ന് തന്നെ പൂച്ച കുട്ടികള്‍ മുരളാൻ പഠിക്കുന്നു. അവർ എവിടെയാണെന്ന് അറിയിക്കാനും ഭക്ഷണം ആവശ്യമുള്ളപ്പോൾ അത് അമ്മമാരെ അറിയിക്കാനുമാണിത്.
- മനുഷ്യരെ പോലെ പൂച്ചകൾക്കും അവരുടെ ജീവിതകാലത്ത് രണ്ട് സെറ്റ് പല്ലുകൾ ഉണ്ടാകും. ചെറുപ്പത്തിലെ ഉണ്ടാകുന്ന മൃദുലമായ പല്ലുകളും വളര്‍ന്നതിന് ശേഷമുണ്ടാകുന്ന കഠിനമായ പല്ലുകളും. ജനിച്ച മൂന്നാഴ്‌ചയ്ക്കുളളില്‍ തന്നെ ആദ്യ സെറ്റ് പല്ലുകള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ആറ് മുതൽ ഏഴ് മാസം വരെ പ്രായമാകുമ്പോഴേക്കും രണ്ടാമത്തെ സെറ്റ് പല്ലുകള്‍ ഉണ്ടായി തുടങ്ങും.
ഏറ്റവും കൂടുതൽ പൂച്ചകളുള്ള രാജ്യം ഏതാണ്? : പൂച്ചകളെയും നായകളെയും വളര്‍ത്തുന്നതില്‍ മുന്‍പന്തിയിലുളളത് അമേരിക്കയാണ്. ഏകദേശം 70 ദശലക്ഷം വളർത്തുനായകളും 74 ദശലക്ഷം വളർത്തു പൂച്ചകളുമാണ് അമേരിക്കയിലുളളത്.
പൂച്ച സ്‌നേഹികളായ ഇന്ത്യൻ സെലിബ്രിറ്റികൾ : പൂച്ചകള്‍ മനുഷ്യനൊപ്പം താമസിക്കാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. പൂച്ചകളെ ഇഷ്‌ടപ്പെടുന്ന ചില ഇന്ത്യൻ സെലിബ്രിറ്റികൾ ഇതാ.
- ആലിയ ഭട്ട്: ആലിയയുടെ ഏറ്റവും പ്രിയപ്പെട്ട പൂച്ചകളാണ് ഷീബയും എഡ്ഡിയും. തൻ്റെ ഇപ്പോഴത്തെ പൂച്ച എഡ്ഡിക്കൊപ്പമുള്ള ചിത്രങ്ങൾ ആലിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു.
- ദിഷ പടാനി: ദിഷ തൻ്റെ ജന്മദിനത്തിൽ സ്വയം സമ്മാനിച്ചത് എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? വെളുത്ത രോമങ്ങൾ നിറഞ്ഞ മനോഹരമായ ഒരു പൂച്ചക്കുട്ടി. ജാസ്‌മിനും കീറ്റിയും താരത്തിന്‍റെ പൂച്ചക്കുട്ടികളാണ്.
- ഷമിത ഷെട്ടി: കുട്ടിക്കാലത്ത് ഷമിതയ്ക്ക് പിക്‌സി, ലോക്കി, ലോല എന്നിങ്ങനെ മൂന്ന് വളര്‍ത്ത് പൂച്ചകളുണ്ടായിരുന്നു. ഇപ്പോഴത്തെ താരത്തിന്‍റെ പ്രിയപ്പെട്ട പൂച്ചയാണ് ഫീബി.
- ജാക്വലിൻ ഫെർണാണ്ടസ്: ജാക്വലിൻ എപ്പോഴും പൂച്ചയ്ക്ക് ഒപ്പമുളള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കാറുണ്ട്. മിയു മിയു, സൈസ, യോഡ എന്നിങ്ങനെയാണ് താരം തന്‍റെ പൂച്ചകളെ സ്‌നേഹത്തോടെ വിളിക്കുന്നത്.
പൂച്ചയുമായി യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങൾ ഇതൊക്കെയാണ്
- ജപ്പാൻ: പൂച്ചകളോടുള്ള സ്നേഹത്തിൻ്റെ കാര്യത്തിൽ ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. തഷിരോജിമ, ഓഷിമ തുടങ്ങിയ 'കാറ്റ് ദ്വീപുകൾ' തന്നെയുണ്ട് ജപ്പാനില്‍. അവിടെ എണ്ണത്തില്‍ മനുഷ്യരേക്കാൾ കൂടുതലുളളത് പൂച്ചകളാണ് എന്നതാണ് അതിശയിപ്പിക്കുന്ന വസ്‌തുത. ജാപ്പനീസുകാര്‍ പലപ്പോഴും അവരുടെ പൂച്ചകളുമായാണ് യാത്ര ചെയ്യുന്നത്. അതുക്കൊണ്ട് പൂച്ചകളോടൊപ്പമുള്ള യാത്രക്കാർക്ക് വേണ്ടിയുളള ആഡംബര ഹോട്ടലുകളും റിസോർട്ടുകളും അവിടെ കണ്ടെത്താനാകും.
- ഫ്രാൻസ്: പൂച്ച സൗഹൃദ സംസ്‌കാരത്തിന് പേരുകേട്ട പാരിസില്‍ ലൈബ്രറികളിലും ബേക്കറികളിലും റെസ്റ്റോറൻ്റുകളിലും പൂച്ചകൾ വിശ്രമിക്കുന്നത് കാണാന്‍ സാധിക്കും. ഫ്രാൻസിലെ നിയമങ്ങളും പൂച്ചകളുടെ യാത്രയ്ക്ക് അനുകൂലമായാണ് നിര്‍മിച്ചിരിക്കുന്നത്.
- നെതർലൻഡ്‌സ്: ആംസ്റ്റർഡാമിലെ ഒരു കനാൽ ബോട്ടിലെ 'ഡി പോസെൻബൂട്ട്' എന്ന പൂച്ച സങ്കേതം 'പൂച്ചകളോടുള്ള നെതർലൻഡ്‌സുകാരുടെ സ്നേഹത്തെ കാണിക്കുന്നതാണ്. പൂച്ചകളുമായി അവിടെ നിങ്ങള്‍ക്ക് യാത്ര ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.
- ഇറ്റലി: ഇറ്റാലിയൻ ജീവിതശൈലിയും നിയമങ്ങളും പൂച്ചകളെ സുഖകരമായി ജീവിക്കാന്‍ അനുവദിക്കുന്നതാണ്.
- ഓസ്ട്രേലിയ: മൃഗസ്നേഹികളുടെ പറുദീസയാണ് ഓസ്ട്രേലിയ. പൂച്ചകള്‍ സുഖകരമായി വിശ്രമിക്കുന്ന ധാരാളം പാർക്കുകളും ബീച്ചുകളും ഓസ്‌ട്രേലിയയിലുണ്ട്.
ജർമ്മനി, സ്വീഡൻ കാനഡ എന്നിവയും പൂച്ച സൗഹൃദമായ രാജ്യങ്ങളാണ്.
പൂച്ച ദിനം എങ്ങനെ ആഘോഷിക്കാം?
- പൂച്ചകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഒരു സംഭാവന നൽകുക. പൂച്ചയെ സ്നേഹിക്കുന്ന കുടുംബത്തെയും സുഹൃത്തുക്കളെയും ഇത്തരത്തില്‍ സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുക
- പൂച്ചകളുടെ ആരോഗ്യം, ക്ഷേമം, സംരക്ഷണം എന്നിവയെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം വളർത്തുക
- ഒരു പൂച്ചയെ ദത്തെടുത്ത് വളര്‍ത്തുക
- പൂച്ചയുമായി ബന്ധപ്പെട്ട നിങ്ങളുടെ സ്വന്തം ജീവിത കഥ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുക
- പൂച്ചയ്‌ക്കൊപ്പം കുറച്ച് അധികം സമയം ചെലവഴിക്കുക
- അവർക്ക് പ്രിയപ്പെട്ട ഭക്ഷണം നൽകുക അല്ലെങ്കിൽ അവരോടൊപ്പം കളിക്കുക
- പൂച്ചയെ അടിസ്ഥാനമാക്കിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുക
- #LoveForCats, #InternationalCatDay, #CelebrateCats പോലുള്ള അനുബന്ധ #ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഫോട്ടോകളോ വീഡിയോകളോ പോസ്റ്റ് ചെയ്‌ത് സോഷ്യൽ മീഡിയയിലുടെ മറ്റ് പൂച്ച പ്രേമികളുമായി ബന്ധപ്പെടുക. നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ @icatcare ടാഗ് ചെയ്യാനും കഴിയും.
നമ്മുടെ ജീവിതത്തിൽ പൂച്ചകളുടെ പ്രാധാന്യവും സ്വാധീനവും ആഘോഷിക്കുന്നതിനുള്ള അവസരമാണ് അന്താരാഷ്ട്ര പൂച്ച ദിനം. പൂച്ചക്കുട്ടിയുമായി കളിക്കാൻ എല്ലാവരും ഇഷ്‌ടപ്പെടുന്നു. അതിനാൽ ഈ ദിവസം ആഘോഷിക്കാനും ആസ്വദിക്കാനും സന്തോഷം പകരാനും പൂച്ചകളെ രക്ഷിക്കാനും നമുക്ക് ഒത്തുചേരാം.
Also Read: ഇന്ന് ലോക ഒആര്‍എസ് ദിനം: നിര്‍ജലീകരണത്തിന് ബെസ്റ്റ് സൊല്യൂഷന്‍; ഒആര്‍എസ് ജീവന്‍ തന്നെ രക്ഷിക്കും