ടെൽ അവീവ്: ഹെല്ലനിസ്റ്റിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന കുട്ടിയുടേതെന്ന് കരുതപ്പെടുന്ന 2,300 വർഷം പഴക്കമുള്ള സ്വർണ്ണ മോതിരം ജറുസലേമിലെ പുരാവസ്‌തു ഗവേഷകർ കണ്ടെത്തി. ചുവന്ന രത്‌നം പതിപ്പിച്ച മോതിരം കോട്ടങ്ങളൊന്നും സംഭവിക്കാതെ പുതിയത് പോലെയാണ് ഇരിക്കുന്നതെന്ന് ഇസ്രായേൽ ആൻ്റിക്വിറ്റീസ് അതോറിറ്റി (ഐഎഎ) പറഞ്ഞു.
പുരാവസ്‌തു ഗവേഷകയായ തെഹിയ ഗംഗേറ്റ് ഡേവിഡ് ആണ് മോതിരം കണ്ടെത്തിയത്. മോതിരത്തിൻ്റെ വലിപ്പം കുറവായതിനാൽ തന്നെ കുട്ടിയുടേതായിരിക്കുമെന്ന് ഗവേഷകർ അനുമാനിക്കുന്നു. ബിസി 300-നടുത്ത് പഴക്കമുള്ള മോതിരം ലോഹ വളയത്തിനു മുകളിൽ കനം കുറഞ്ഞ സ്വർണ്ണ ഇലകൾ വച്ചാണ് രൂപകല്പ്പന ചെയ്‌തിരിക്കുന്നത്.
ബിസി നാലാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ മൂന്നാം നൂറ്റാണ്ടിൻ്റെ ആരംഭം വരെ ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലുളളവർ അലങ്കാരപ്പണികൾ നടത്തിയ സ്വർണ്ണത്തേക്കാൾ ഇഷ്‌ടപ്പെട്ടിരുന്നത് കല്ലുകൾ പതിപ്പിച്ച സ്വർണ്ണത്തോടായിരുന്നുവെന്ന് ഐഎഎയുടെ പ്രസ്‌താവനയിൽ പറയുന്നു.
അക്കാലത്ത് ഈ പ്രദേശം അലക്‌സാണ്ടറിൻ്റെ മാസിഡോണിയൻ സാമ്രാജ്യത്തിൻ്റെ അധീനതയിലായിരുന്നുവെന്നും ജെറുസലേമിലെ നിവാസികൾ ഹെല്ലനിസ്റ്റിക് ശൈലിക്കും സ്വാധീനത്തിനും വിധേയരായിരുന്നു എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ വെളിപ്പെടുത്തുന്നതെന്ന് ഗവേഷകർ പറഞ്ഞു.
Also Read : ന്യൂ കാലിഡോണിയയിൽ രാഷ്‌ട്രീയ ചർച്ചകള്‍ക്കായി അടിയന്തരാവസ്ഥ പിൻവലിക്കുമെന്ന് ഫ്രാൻസ്