ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ആറ് കുട്ടികളടക്കം 205 പേരെ ധാക്കയില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് ബംഗ്ലാദേശ് തലസ്ഥാനത്ത് നിന്ന് എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനം തിരിച്ചത്.
205 പേരെയാണ് വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചത്. ഇതില്‍ 199 പേര്‍ മുതിര്‍ന്നവരും ആറ് പേര്‍ കുഞ്ഞുങ്ങളുമാണ്. യാത്രക്കാരില്ലാതെയാണ് ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്ക് വിമാനം പോയത്. പെട്ടെന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം എയര്‍ ഇന്ത്യ കൈക്കൊണ്ടത്.
ധാക്കയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം രാവിലെത്തെയും വൈകിട്ടത്തെയും സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. വിസ്‌താരയും ഇന്‍ഡിഗോയും ബംഗ്ലാദേശ് തലസ്ഥാനത്തേക്കുള്ള സര്‍വീസുകള്‍ സാധാരണ പോലെ തുടരും. ഇന്‍ഡിഗോയ്ക്ക് ദിവസവും ഡല്‍ഹി മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് ധാക്കയിലേക്ക് ഓരോ സര്‍വീസുകള്‍ മാത്രമാണ് ഉള്ളത്. കൊല്‍ക്കത്തയില്‍ നിന്ന് ധാക്കയിലേക്ക് ഇന്‍ഡിഗോയ്ക്ക് പ്രതിദിനം രണ്ട് സര്‍വീസുകളും ഉണ്ട്. അതേസമയം വിസ്‌താര കഴിഞ്ഞ ദിവസം ബംഗ്ലാദേശ് തലസ്ഥാനത്തേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
തൊഴില്‍ സംവരണം സംബന്ധിച്ച വിഷയത്തില്‍ അയല്‍ രാജ്യം കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയില്‍ അമര്‍ന്നിരിക്കുകയാണ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് അവര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്‌തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ടത്തെ സര്‍വീസ് ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. നേരത്തെ ബുക്ക് ചെയ്‌തവര്‍ക്ക് ഒറ്റത്തവണയായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുമെന്നും കമ്പനി വ്യക്തമാക്കി. ഈ മാസം നാലിനും ഏഴിനും ബുക്ക് ചെയ്‌തിട്ടുള്ളവര്‍ക്ക് ഈ സൗകര്യം കിട്ടും. ഓഗസ്റ്റ് അഞ്ചിനോ അതിന് മുമ്പോ ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്കാണ് ഈ സൗകര്യം കിട്ടുക.
അതിനിടെ ബംഗ്ലാദേശിൽ നിലവിലുള്ള പാർലമെന്‍റ് പിരിച്ചുവിട്ട പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും. യൂനുസിന്‍റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥി നേതാക്കളുടെ ആവശ്യം. മന്ത്രിസഭയിലെ അംഗങ്ങളെ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് പ്രസിഡന്‍റിന്‍റെ മാധ്യമ സെക്രട്ടറി മുഹമ്മദ് ജോയ്‌നാൽ അബേദിൻ അറിയിച്ചു.
ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ സൂക്ഷ്‌മ വായ്‌പ–നിക്ഷേപ പദ്ധതി നടപ്പാക്കിയ ഗ്രാമീൺ ബാങ്കിന്‍റെ സ്ഥാപകനാണ് യൂനുസ്. നിലവിൽ വിദേശത്തുള്ള യൂനുസ് സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്.
Also Read: ബംഗ്ലാദേശ് സംഘര്‍ഷം; ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക, ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസ്