കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയ താലിബാൻ ഭരണകൂടത്തിന് കീഴിൽ വിദ്യാഭ്യാസം നിഷേധിച്ചത് പതിനാലു ലക്ഷം പെൺകുട്ടികൾക്കെന്ന് റിപ്പോർട്ട്. യുനെസ്കോയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പെൺകുട്ടികൾക്ക് ആറാം ക്ലാസിന് മുകളിലേക്ക് വിദ്യാഭ്യാസത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഏക രാജ്യമാണ് അഫ്‌ഗാനിസ്ഥാന്‍.
താലിബാന്‍റെ നടപടി ഒരു തലമുറയുടെ ഭാവി തന്നെ അപകടത്തിലാക്കുന്നതാണെന്ന് യുനെസ്കോ അറിയിച്ചു. 2021 ഓഗസ്റ്റ് 15ന് രാജ്യത്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു താലിബാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയത്. താലിബാൻ ഭരണം മൂന്ന് വർഷം പിന്നിടുമ്പോൾ 1.1 ദശലക്ഷം പെൺകുട്ടികൾക്കും ആൺകുട്ടികളും സ്‌കൂൾ വിദ്യാഭ്യാസം നിഷേധിച്ചതായി യുനെസ്‌കോ ചൂണ്ടിക്കാട്ടുന്നു.
സ്‌കൂളുകളിൽ നിന്നുമുള്ള വൻ തോതിലുള്ള കൊഴിഞ്ഞുപോക്കിന്‍റെ അനന്തര ഫലങ്ങൾ വലിയ തോതിൽ ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാത്ത ബാലവേലയിലേക്കും ശൈശവ വിവാഹങ്ങൾ വർധിക്കാനും ഇടയാക്കുമെന്നും യുനെസ്‌കോ വ്യക്തമാക്കുന്നു. മൂന്നു വർഷത്തിനുള്ളിൽ രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയെടുത്ത പുരോഗതിയാണ് താലിബാന്‍റെ തീരുമാനത്തിലൂടെ ഇല്ലാതായത്.
2021ന് ശേഷം സർവകലാശാലകളിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ എണ്ണം പകുതിയായതായും റിപ്പോർട്ടിൽ പറയുന്നു. 2019ൽ പ്രാഥമിക വിദ്യാഭ്യാസത്തിനെത്തിയ ആകെ വിദ്യാർഥികളുടെ എണ്ണം 68 ലക്ഷമായിരുന്നെങ്കിൽ 2022ല്‍ അത് 57 ലക്ഷമായി കുറഞ്ഞിരുന്നു. ആൺ കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്ന് അധ്യാപികമാർക്കും വിലക്കേർപ്പെടുത്തിയതോടെ അധ്യാപകരുടെ എണ്ണത്തിലും കുറവുണ്ടായി. നിലവിലെ സാഹചര്യത്തിൽ സാമൂഹിക- സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ കുട്ടികളെ സ്‌കൂളിലേക്കയക്കാൻ രക്ഷിതാക്കളും മടിക്കുന്നതായി റിപ്പോട്ടിൽ പറയുന്നു.
Also Read: 'ദുരന്തബാധിത മേഖലയിലെ വിദ്യാർഥികളുടെ പഠനം ഉറപ്പാക്കും'; വി ശിവൻകുട്ടി