തിരുവനന്തപുരം: ഓരോ വര്‍ഷവും 8 മുതല്‍ 10 ലക്ഷം വരെ പുതിയ പ്രമേഹ രോഗികളാണ് ഇന്ത്യയിലുണ്ടാകുന്നത്. ലോകത്ത് ശരീരവ്യായാമം ചെയ്യാത്തവരുടെ റാങ്കിങ്ങില്‍ പന്ത്രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യത്ത് ഭൂരിഭാഗം പേരും ശരീര വ്യായാമം ചെയ്യുന്നില്ലെന്നാണ് ഇതിന്‍റെ അര്‍ത്ഥമെന്ന് തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്‍റ് ഡോ കെ പി പൗലോസ് പറയുന്നു.
ഇന്‍സുലിന്‍ കണ്ടുപിടിച്ച ഡോ ഫ്രെഡറിക് ബാന്‍റിംഗിന്‍റെ ജന്മദിനമാണ് ലോക പ്രമേഹ ദിനമായി ആചരിച്ചു വരുന്നത്. 170 രാജ്യങ്ങളിലെ 230 പ്രമേഹരോഗ സംഘടനകള്‍ അംഗങ്ങളായ ഇന്‍റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നേതൃത്വം നല്‍കുന്ന പ്രമേഹരോഗ ദിനാചരണം 1991 നവംബര്‍ 14നാണ് ആരംഭിച്ചത്.
ഓരോ വര്‍ഷവും പ്രതിപാദ്യ വിഷയം വ്യത്യസ്‌തമായിരിക്കും. ഈ വര്‍ഷം 'ആഗോള ആരോഗ്യ ശാക്തികരണം' ആണ് വിഷയമെന്നും ഡോ പൗലോസ് വ്യക്തമാക്കി. അനിയന്ത്രിത പ്രമേഹരോഗികളില്‍ ബ്ലഡ് പ്രഷര്‍, കൊളസ്ട്രോൾ, ഹൃദ്രോഗം, ദുര്‍മേദസ്, പാദപ്രശ്‌നങ്ങള്‍ എന്നിവ കൂടുതലായി കാണാനാകും.
ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ഏതാണ്ട് പത്ത് കോടിയാണ്. പ്രതിവര്‍ഷം 8 ലക്ഷത്തോളം പ്രമേഹരോഗികളാണ് മരണമടയുന്നത്.
ഐ സി എം ആറിന്‍റെ നേതൃത്വത്തില്‍ നടത്തിയ (2023) ഗവേഷണത്തില്‍ കേരളത്തില്‍ 23% പ്രമേഹരോഗികളും 18% പൂര്‍വ്വ പ്രമേഹരോഗികളും 44% ബിപി രോഗികളും, 50% കൊളസ്ട്രോളുള്ളവരും 47% ദുര്‍മേദസുള്ളവരുമാണ് (നഗരങ്ങളില്‍). വ്യായാമം ചെയ്യാത്തവര്‍ 71% വുമാണെന്ന് ഗവേഷണത്തില്‍ പറയുന്നു. ശരീര വ്യായാമം ചെയ്യാത്തവരുടെ റാങ്കിങ്ങില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്.
ദുര്‍മേദസ് ഇന്ത്യയില്‍ കുട്ടികളിലും കൂടുതലായി വരുന്നുണ്ട്. 75% പ്രമേഹരോഗികളും അവികസിത, വികസ്വര (പ്രതിശീര്‍ഷ വരുമാനം കുറവുള്ള) രാജ്യങ്ങളിലാണ്. സാമ്പത്തിക ബാദ്ധ്യത മൂലമുള്ള ആരോഗ്യ സംവിധാനങ്ങളുടെ കുറവു കൊണ്ട് പല രാജ്യങ്ങളിലും പ്രമേഹ രോഗികള്‍ക്കും സമീകൃത ആഹാരമോ, മരുന്നുകളോ, ചികിത്സയോ കിട്ടുന്നില്ലെന്നും ഡോ പൗലോസ് പറയുന്നു.
പ്രമേഹ രോഗികള്‍ക്ക് അപ്രാപ്ര്യമായ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഏത് സമയത്തും രോഗികള്‍ക്ക് ചികിത്സ കിട്ടുന്ന സൗകര്യങ്ങള്‍ ഉള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വേണ്ടത്ര ഡോക്‌ടര്‍മാരോ, മരുന്നുകളോ, ലബോറട്ടറികളോ, നൂതന രോഗനിര്‍ണ്ണയ സജ്ജീകരണങ്ങളോ ഇല്ലെന്ന് ഡോ പൗലോസ് പറയുന്നു.
കേരളത്തില്‍ 1000ല്‍ താഴെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ട്. ഇതു മൂലം പാവപ്പെട്ടവര്‍ പോലും പ്രൈവറ്റ് ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പൊതുജനങ്ങള്‍ക്ക് വിശ്വാസ്യമായി ആശ്രയിക്കുവാന്‍ സാധിക്കാവുന്ന രീതിയില്‍ വിപുലപ്പെടുത്തി വികസിപ്പിച്ചാല്‍ മാത്രമെ ആഗോള ആരോഗ്യ ശക്തികരണം സാധിക്കുകയുള്ളൂ. അതിനു വേണ്ടിയുള്ള നടപടികള്‍ ഗവണ്‍മെന്‍റും സ്വകാര്യ സംഘടനകളും ഈ പ്രമേഹരോഗ ദിനത്തില്‍ ആരംഭിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read : പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഇത് മാത്രം മതി; ഗുണങ്ങളറിയാം