ദേഷ്യം, ആശയക്കുഴപ്പം, സ്വഭാവ വൈകല്യങ്ങള്‍, വിട്ടുമാറാത്ത തലവേദന തുടങ്ങിയവ ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമറിന്‍റെ ലക്ഷണങ്ങള്‍ ആകാമെന്ന് വിദഗ്‌ധര്‍. ബ്രെയിന്‍ ട്യൂമര്‍ ദിനാചരണത്തിന് തൊട്ടുമുമ്പാണ് വിദഗ്‌ധരുടെ ഈ വെളിപ്പെടുത്തല്‍.
എല്ലാ വര്‍ഷവും ജൂണ്‍ എട്ട് ബ്രെയിന്‍ ട്യൂമര്‍ ദിനമായി ആചരിക്കുന്നു. ആ രോഗത്തെക്കുറിച്ചുള്ള ബോധവത്‌ക്കരണത്തിനായാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഈ രോഗം പഠന വൈകല്യം മുതല്‍ തീരുമാനമെടുക്കല്‍, ഏകാഗ്രത തുടങ്ങിയവയെ പോലും ബാധിക്കുന്നു. നമ്മുടെ തലച്ചോറിലുണ്ടാകുന്ന അസാധാരണവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍ അഥവ മസ്‌തിഷ്‌കാര്‍ബുദം. ഇവ ചിലപ്പോള്‍ മാരകവും ചിലപ്പോള്‍ അല്ലാത്തതും ആകും.
ബ്രെയിന്‍ ട്യൂമറുകളുടെ ലക്ഷണങ്ങള്‍ പലപ്പോഴും മാനസിക പ്രശ്‌നങ്ങളാണ്. ദേഷ്യം, ആശയക്കുഴപ്പം, സ്വഭാവ വൈകല്യങ്ങള്‍, പരസ്‌പര ബന്ധമില്ലാത്ത പുലമ്പലുകള്‍, വിശപ്പ്, വൈകാരിക സ്ഥിരതയില്ലായ്‌മ, എന്നിവയാണ് ബ്രെയിന്‍ ട്യൂമറിന്‍റെ ലക്ഷണങ്ങളെന്നും അപ്പോളോ ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ന്യൂറോ സര്‍ജന്‍ ഡോ. കെ ചന്ദ്രശേഖര്‍ പറയുന്നു.
ഇത്തരം ലക്ഷണങ്ങളുടെ സങ്കീര്‍ണതകള്‍ ബ്രെയിന്‍ ട്യൂമറിന്‍റെ ശക്തമായ സൂചനകളാകാം. എന്നാല്‍, ഇത്തരം മാനസിക നിലകള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാം. പലപ്പോഴും ബ്രെയിന്‍ ട്യൂമറിന്‍റെ ലക്ഷണങ്ങള്‍ മാനസിക രോഗങ്ങളായി ഗണിക്കപ്പെടുന്നുവെന്നും ഹിന്ദുജ ആശുപത്രിയിലെ സൈക്യാട്രി കണ്‍സള്‍ട്ടന്‍റ് ഡോ. കെര്‍സി ചാവ്‌ദ ചൂണ്ടിക്കാട്ടുന്നു.
തൊട്ടടുത്ത സമയം നടന്ന കാര്യങ്ങള്‍ ഓര്‍ക്കാനാകാതെ വരിക, പുതിയ ഓര്‍മ്മകള്‍ രൂപപ്പെടുക, സ്വഭാവത്തിലെയോ വ്യക്തിത്വത്തിലെയോ മാറ്റങ്ങള്‍, മനസിലാക്കാനും പറയാനുമുള്ള ബുദ്ധിമുട്ടുകള്‍, കാഴ്‌ച വൈകല്യങ്ങള്‍, സ്ഥിരമായ തലവേദന, സന്തുലനവും ഏകോപനവും നഷ്‌ടമാകല്‍, തുടങ്ങിയവയും ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമറിന്‍റെ ലക്ഷണങ്ങളാകാം. ഇവ പലപ്പോഴും പക്ഷേ മാനസിക രോഗമായി ഗണിക്കപ്പെടുന്നു.
ഇത്തരം ലക്ഷണങ്ങള്‍ക്ക് പലപ്പോഴും ആരും വേണ്ടത്ര ഗൗരവം നല്‍കാറില്ലെന്ന് ധര്‍മ്മശില നാരായണ ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. ആശിഷ് ശ്രീവാസ്‌തവ പറയുന്നു. അത് കൊണ്ട് തന്നെ പിന്നീടിത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ക്രമേണ വര്‍ധിക്കുന്ന തലവേദന, എപ്പോഴും തലവേദന വരിക, മതിയായ ഉറക്കം ലഭിക്കാതിരിക്കുക, ചിന്തിക്കാനും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടാകുക, കാഴ്‌ച മങ്ങുക, ദൂരെയുള്ള വസ്‌തുക്കളെ കാണാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ക്ഷീണവും അലസതയും തോന്നുക, ദിനചര്യകള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവ ബ്രെയിന്‍ ട്യൂമറിലേക്ക് വിരല്‍ ചൂണ്ടുന്നു. ഛര്‍ദ്ദി, തലകറക്കം, തളര്‍ച്ച, കാഴ്‌ചമങ്ങല്‍, നടക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയും ബ്രെയിന്‍ ട്യൂമറിന്‍റെ സാധാരണ ലക്ഷണങ്ങളാണ്.
എംആര്‍ഐ, സിടി, പിഇടി സ്‌കാനുകളിലൂടെ ഇത് കണ്ടെത്താനാകും. അര്‍ബുദ കോശങ്ങളല്ലാത്ത മൂന്നര സെന്‍റിമീറ്ററില്‍ താഴെ വലുപ്പമുള്ള ബ്രെയിന്‍ ട്യൂമറുകള്‍ റേഡിയോ തെറാപ്പി സാങ്കേതികതകളായ സൈബര്‍നൈഫ്, ഗാമാ നൈഫ് തുടങ്ങിയവ ഉപയോഗിച്ച് ചികിത്സിച്ച് മാറ്റാനാകുമെന്ന് സര്‍ ഗംഗ റാം ആശുപത്രിയിലെ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. അന്‍ഷു റോഹ്‌ത്തഗി പറയുന്നു. എംആര്‍ഐയുടെ സഹായത്തോടെയുള്ള ലേസര്‍ രശ്‌മികള്‍ ഉപയോഗിച്ചുള്ള നീക്കം ചെയ്യല്‍, ലേസര്‍ തെര്‍മല്‍ തെറാപ്പി എന്നിവയിലൂടെയും തലച്ചോറിലെ ട്യൂമറുകളെ കണ്ടെത്താനും ഇവയെ ചൂടും ലേസറും മറ്റും കൊണ്ട് നശിപ്പിക്കാനും സാധിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: യുവതിയുടെ വയറ്റിൽ 15 കിലോ ഭാരമുള്ള മുഴ; നീക്കം ചെയ്‌തത് 2 മണിക്കൂർ നീണ്ട ശസ്‌ത്രക്രിയക്കൊടുവിൽ