ആർക്കും എപ്പോൾ എവിടെ വേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒരു വ്യായാമനാണ് നടത്തം. എന്നാൽ നടത്തത്തെ കുറിച്ച് ചിലർക്കെങ്കിലും ചില സംശയങ്ങൾ ഉണ്ടാകാം. ഒരു ദിവസത്തിൽ ഏത് സമയത്താണ് നടത്തം കൂടുതൽ ഗുണം ചെയ്യുക? രാവിലെയുള്ള നടത്തമാണോ അതോ വൈകുന്നേരങ്ങളിൽ നടക്കുന്നതാണോ നല്ലത് ? അങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങള്‍ നോക്കാം.
ദിവസേനയുള്ള നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നടത്തിലൂടെ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ശരീരത്തെ ഫിറ്റാക്കാനും, ബിപി നിയന്ത്രണവിധേയമാക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉന്മേഷം നൽകാനും നടത്തം നിങ്ങളെ സഹായിക്കും.
ദിവസത്തിൽ ഏത് സമയത്ത് നടക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നതെന്ന് നോക്കാം. ഏതാനും പഠനങ്ങൾ പറയുന്നത് വ്യത്യസ്തത സമയങ്ങളിൽ നടക്കുന്നതിന്‍റെ ഗുണം വ്യത്യസ്‍തമാണെന്നാണ്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് രാവിലെയും വൈകുന്നേരവുമുള്ള നടത്തമാണ്. എന്നാൽ ഇതിൽ ഏതു സമയത്ത് നടക്കുന്നതാണ് മികച്ചതെന്ന് അറിയാം.
പ്രഭാത നടത്തത്തിൻ്റെ ഗുണങ്ങൾ: മിക്ക ആളുകളും അതിരാവിലെ നടക്കുന്നവരാണ്. സൂര്യന്‍റെ വെയിലേറ്റ് നടക്കുന്നത് ആരോഗ്യപരമായി വളരെ ഗുണങ്ങൾ നൽകുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാൻ രാവിലെയുള്ള നടത്തമാണ് നല്ലത്. പ്രതിരോധ ശേഷി വർധിപ്പിക്കാനും എല്ലുകൾക്ക് ബലം നൽകാനും ഇത് സഹായിക്കും. ഇതിനു പുറമെ ശരീരത്തിലെ മെറ്റബോളിസത്തിൻ്റെ നിരക്ക് കൂട്ടുകയും ഇതിലൂടെ കലോറി എളുപ്പത്തിൽ ബേൺ ചെയ്യാനും സാധിക്കും. നല്ല ഉറക്ക ശീലം ലഭിക്കാനും പ്രഭാത നടത്തം സഹായിക്കുന്നുവെന്ന് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നു.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഗുണം സമ്മർദ്ദം ഇല്ലാതാക്കാനും മാനസിക ആരോഗ്യം നിലനിർത്താനും ഇതിലൂടെ കഴിയും എന്നതാണ്. രാവിലെയുള്ള അന്തരീക്ഷ വായുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാൽ തണുപ്പ് കാലങ്ങളിലെ പ്രഭാത നടത്തം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തണുത്ത കാറ്റ് മൂലം സന്ധി വേദനകൾ വർദ്ധിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. 2014-ൽ ജേർണൽ ഓഫ് ഫിസിക്കൽ ആക്‌ടിവിറ്റി ആൻഡ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പ്രഭാത നടത്തം മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിരുന്നു.
സായാഹ്ന നടത്തത്തിൻ്റെ ഗുണങ്ങൾ: ഒരു ദിവസം മുഴുവനുമുള്ള സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ കുറക്കാൻ വൈകുന്നേരങ്ങളിലെ നടത്തം നല്ലതാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 2010 ൽ സ്‌പോർട്‌സ് സയൻസ് ആൻഡ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ദഹനം മെച്ചപ്പെടുത്താനും, മാംസപേശികൾക്ക് ആവശ്യത്തിന് വിശ്രമം നൽകാനും, നല്ല ഉറക്കം ലഭിക്കാനും സായാഹ്ന നടത്തം നല്ലതാണ്. എന്നാൽ പകൽ സമയത്ത് പുറത്തുവിടുന്ന മാലിന്യങ്ങൾ കാരണം മലിനീകരണത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ നടന്ന ക്ഷീണം കാരണം വിശപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. അതിനാൽ സായാഹ്ന നടത്തതിനെക്കാൾ ആരോഗ്യത്തിന് ഏറെ നല്ലത് പ്രഭാത നടത്തമാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്