ദിവസത്തിൽ പകുതിയിലധികം സമയവും മൊബൈലിന്‍റെയും കംപ്യുട്ടറിന്‍റെയും മുന്നിൽ ചിലവഴിക്കുന്നവരാണ് പലരും. കണ്ണിന്‍റെ ആരോഗ്യത്തിന് വലിയ ആഘാതമാണ് ഇത് സൃഷ്‌ടിക്കുന്നത്. എത്രത്തോളം സ്ക്രീൻ സമയം കുറയ്ക്കുന്നുവോ അത്രത്തോളം കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും. ഇത്കൂടാതെ പ്രായമാകുമ്പോൾ കണ്ണിന്‍റെ കാഴ്‌ച മങ്ങുന്നത് സാധാരണയാണ്. വിവിധ പാരിസ്ഥിതിക ഘടകങ്ങളും കണ്ണിന്‍റെ ആരോഗ്യം മോശമാക്കാൻ പങ്കു വഹിക്കുന്നു. കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ചിലത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
കണ്ണിന്‍റെ അസ്വസ്ഥതയുടെ കാരണങ്ങൾ
സ്‌ക്രീൻ സമയം: തുടർച്ചയായി സ്‌ക്രീനിലേക്ക് നോക്കിയിരിക്കുമ്പോൾ കണ്ണു ചിമ്മുന്നതിന്‍റെ ആവൃത്തി കുറയ്ക്കുന്നു. ഇത് കണ്ണുകളെ വരണ്ടതാക്കുന്നു.
വാർദ്ധക്യം: പ്രായം കൂടുമ്പോൾ അടുത്ത വസ്‌തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ കഴിവ് കുറഞ്ഞു വരുന്നത് സാധാരണയാണ്. എന്നാൽ ഇത് കണ്ണിന് വളരെയധികം ആയാസമുണ്ടാക്കുന്നു.
വരണ്ട അന്തരീക്ഷം: ഫാനുകൾ, എയർ കണ്ടീഷനിംഗ്, പുക, ശക്തമായ കാറ്റ് തുടങ്ങിയവ കണ്ണുകളിലുണ്ടാകുന്ന വരൾച്ച വർദ്ധിപ്പിക്കുന്നു.
മരുന്നുകളുടെ ഉപയോഗം: ചില മരുന്നുകൾ കഴിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇത് വരൾച്ചയ്ക്ക് കാരണമാകുകയും കണ്ണുകളുടെ ആരോഗ്യത്തെ ബധിക്കുകയും ചെയ്യുന്നു.
കണ്ണിന് ആശ്വാസം നൽകാനായി ചെയ്യേണ്ടവ
20-20-20 നിയമം പിന്തുടരുക: തുടർച്ചയായി 20 മിനിറ്റ് സ്ക്രീനിലേക്ക് നോക്കിയിരുന്നാൽ 20 അടി ദൂരെയുള്ള ഏതെങ്കിലും വസ്‌തുവിൽ 20 സെക്കൻഡ് നേരം നോക്കിയിരിക്കണം. ഇതാണ് 20-20-20 നിയമം. ഇത് കണ്ണിന്‍റെ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.
ഇടയ്ക്കിടെ കണ്ണ് ചിമ്മുക: ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴോ ടിവി കാണുമ്പോഴോ നിങ്ങളുടെ കണ്ണുകളിൽ നനവ് നിലനിർത്താൻ ശ്രദ്ധിക്കണം. അതിനായി ഇടയ്ക്കിടെ കണ്ണ് ചിമ്മുക.
കുട്ടികളിൽ ഔട്ട്‌ഡോർ കളി പ്രോത്സാഹിപ്പിക്കുക: കുട്ടികളിലെ മയോപിയയുടെ സാധ്യത കുറയ്ക്കാനും അവരുടെ കണ്ണുകൾക്ക് വിശ്രമം നല്‌കാനുമായി വീടിന് പുറത്തുള്ള കളി പ്രോത്സാഹിപ്പിക്കുക. ഇത് സ്ക്രീൻ സമയം കുറയ്ക്കാൻ സഹായിക്കും.
കൃത്രിമ കണ്ണുനീർ ഉപയോഗിക്കുക: കണ്ണിൽ നനവ് നിലനിർത്താനും വരൾച്ച ഒഴിവാക്കാനും കൃത്രിമ കണ്ണുനീർ തുള്ളികൾ ഉപയോഗിക്കാം.
ഈർപ്പം നിലനിർത്തുക: ഒരു ഹ്യുമിഡിഫയർ ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ വായു വളരെ വരണ്ടതാകാതെ സൂക്ഷിക്കുക.
സൺഗ്ലാസുകൾ ധരിക്കുക: യുവിഎ, യുവിബി എന്നീ റേഡിയേഷൻ 99 മുതൽ 100 ശതമാനം വരെ തടയാൻ ശേഷിയുള്ള സൺഗ്ലാസുകൾ ഉപയോഗിക്കുക. ഇത് ദോഷകരമായ അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും.
പതിവ് നേത്ര പരിശോധനകൾ: ഇടയ്ക്കിടെ നിങ്ങളുടെ കണ്ണ് പരിശോധിക്കുന്നത് നല്ലതാണ്. കൃത്യസമയത്ത് കണ്ണടയോ കോൺടാക്റ്റ് ലെൻസുകളോ അപ്ഡേറ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും.
ആരോഗ്യകരമായ ജീവിതശൈലി: ജലാംശം നിലനിർത്തുക, പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക. ഈ രീതികൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് കണ്ണിന്‍റെ ആയാസം കുറയ്ക്കാനും അസ്വസ്ഥത തടയാനും കാലക്രമേണ നിങ്ങളുടെ കാഴ്‌ചയെ സംരക്ഷിക്കാനും സാധിക്കും. ഏതെങ്കിലും വിധ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : കഴുത്ത് വേദനയാണോ പ്രശ്‌നം; പരിഹരിക്കാം ഈ 6 രീതികളിലൂടെ...