കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇന്ന് ചെറുപ്പക്കാർക്കിടയിലും ഫാറ്റി ലിവർ സാധാരണയായി മാറികഴിഞ്ഞു. അനാരോഗ്യകരമായ ജീവിതശൈലി, വ്യായാമ കുറവ്, മദ്യപാനം, തെറ്റായ ഭക്ഷണക്രമം എന്നിവയെല്ലാമാണ് യുവാക്കൾക്കിടയിൽ ഫാറ്റി ലിവർ സാധ്യത വർധിക്കാനുള്ള പ്രധാന കാരണം. ഇതിനു പുറമെ മറ്റ് ഘടകങ്ങളും ഫാറ്റി ലിവർ സാധ്യത കൂട്ടുന്നു. എന്നാൽ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഫാറ്റി ലിവർ സാധ്യത തടയാൻ സാധിക്കും. അതെന്തൊക്കെയെന്ന് അറിയാം.
ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാനാകും. പോഷക സമൃദ്ധമായ ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാം
കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ കരൾ രോഗ സാധ്യത വർധിക്കും. അതിനാൽ അമിതവണ്ണമുള്ളവർ ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ട്.
വ്യായാമം
വ്യായാമം പതിവാക്കുക. രാവിലെയുള്ള വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
പുകവലി ഒഴിവാക്കുക
കരളിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് പുകവലി. ഇത് കാൻസർ ഉൾപ്പെടെയുള്ള കരൾ രോഗങ്ങൾക്ക് കാരണമാകുന്നു.
മദ്യപാനം
അമിതമായ മദ്യപാനവും കരളിന്‍റെ ആരോഗ്യം മോശമാക്കും. ഇത് ഫാറ്റി ലിവറിനു പുറമെ ലിവർ സിറോസിസ് പിടിപെടാൻ വരെ കാരണമാകുന്നു.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കരൾ രോഗ സാധ്യത വർധിപ്പിക്കും. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക. ഇതിനു പുറമെ സംസ്‌കരിച്ച ഇറച്ചി, റെഡ് മീറ്റ് എന്നിവയും ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.