മുട്ട ചേർത്തുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ. ഒരു വർഷത്തേക്കാണ് നിരോധനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യവിഷബാധ സംഭവങ്ങൾ റിപ്പോട്ട് ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പച്ചമുട്ട ചേർത്ത ഉണ്ടാക്കുന്ന മയോണൈസിനാണ് നിരോധനം ഏർപ്പെടുത്തിയത്.
മയോണൈസിന്‍റെ നിർമാണം, വിൽപ്പന, സൂക്ഷിച്ചു വയ്ക്കൽ, കയറ്റുമതി, ഇറക്കുമതി എന്നിവയെല്ലാം നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷണത്തിന്‍റെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷിക്കുന്നതിനുമായി മയോണൈസിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാമെന്നും വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് മോമോസ് കഴിച്ച് 33 കാരി മരിച്ചിരുന്നു. ഖൈരതാബാദ് സ്വദേശിനി രേഷ്‌മ ബീഗമാണ് മരിച്ചത്. സംഭവത്തിൽ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്‌തിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലെ വഴിയോര തട്ടുകടയിൽ നിന്ന് ഇവർ മോമോസ് കഴിച്ചത്.
ചികിത്സയിൽ കഴിയുന്ന 20 പേരും ഈ കടയിൽ നിന്നുണ്ടാക്കി മയോണൈസ് കഴിച്ചവരാണ്. മോമോസിൽ നിന്നും മയോണൈസിൽ നിന്നുമാണ് ഭക്ഷയവിഷബാധ ഉണ്ടായതെന്ന് പരിശോധനയിൽ നിന്ന് വ്യക്തമായി. സംഭവത്തിൽ യുപി സ്വദേശിയായ തട്ടുകട ഉടമയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ വച്ചാണ് ഇയാൾ ഭക്ഷണം ഉണ്ടാക്കിയിരുന്നതെന്നും കണ്ടെത്തി.