അർബുദം ബാധിച്ച് ഓരോ വർഷവും അനേകം പേർക്കാണ് ജീവൻ നഷ്‌ടമാകുന്നത്. അസാധാരണമായ കോശങ്ങളുടെ വളർച്ചയാണ് അർബുദത്തിന് കാരണമാകുന്നത്. ശരീരത്തിന്‍റെ എല്ലാഭാഗത്തേയും അർബുദം ബാധിക്കുന്നു . എന്നാൽ അപൂർവമായി മാത്രം കണ്ടുവരുന്ന എല്ലുകളിലെ അർബുദത്തെ വളരെയധികം ശ്രദ്ധയോടെ വേണം സമീപിക്കാൻ. താരതമ്യേന വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും എല്ലുകിലെ കാൻസർ ഏറ്റവുമധികം കണ്ടുവരുന്നത് കുട്ടികളിലാണെന്നുള്ളത് കൂടുതൽ ആശങ്കാജനകമാണ്.
അസ്ഥി അർബുദത്തിന്‍റെ കാരണങ്ങൾ
എല്ലുകളിലെ കാൻസർ ഗുരുതരമായതും സങ്കീർണ്ണവുമായ ഒരു രോഗമാണെന്ന് ഡെറാഡൂണിലെ ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് ഡോ ഹേം ജോഷി പറയുന്നു. എല്ലുകളിലെ ടിഷ്യുകളിൽ അസാധാരണവും അനിയന്ത്രിതവുമായി കോശങ്ങൾ വളരുന്നതാണ് ഇതിന് കാരണമാകുന്നത്. ഏതുസമയത്തും എല്ലുകളിൽ അർബുദം പിടിപെടാം. എന്നാൽ ഇത് പൊതുവെ കണ്ടുവരുന്നത് കുട്ടികളിലും യുവാക്കിലുമാണ്. മാത്രമല്ല സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് അസ്ഥി അർബുദം കൂടുതലായി കണ്ടുവരുന്നതെന്നും ഡോ. ഹേം ജോഷി പറഞ്ഞു.
അർബുദ കോശങ്ങൾ വളരുന്നയിടവും മറ്റ് ചില അവസ്ഥകളെയും ആശ്രയിച്ച് ഓസ്റ്റിയോസാർകോമ, യൂയിങ് സാർകോമ, കോണ്ട്രോസർകോമ, ചോർഡോമ എന്നിങ്ങനെ നാല് തരത്തിൽ തിരിച്ചിരിക്കുന്നു. ഇവയിൽ ഏറ്റവുമധികം കാണപ്പെടുന്ന ഓസ്റ്റിയോസാർകോമ യുവാക്കളിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിൽ പ്രായമായവരിൽ കോണ്ട്രോസർകോമയാണ് അധികമായി കണ്ടുവരുന്നത്. അസ്ഥി കാൻസറുകൾക്ക് നിരവധി ഘടകങ്ങൾ കാരണമാകുന്നുണ്ടെന്ന് ഡോ. ഹേം ജോഷി പറയുന്നു. അതെന്തൊക്കെയെന്ന് നോക്കാം
ജനിതക ഘടകങ്ങൾ: പാരമ്പര്യമായി ഉണ്ടാകാവുന്ന ഒന്നാണ് എല്ലുകളിലെ അർബുദം. കുടുംബത്തിൽ ആർക്കെങ്കിലും അസ്ഥി അർബുദം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റ് കുടുംബാംഗങ്ങളിലേക്കും വരാനുള്ള സാധ്യത കൂടുതലാണ്.
അയോണൈസിംഗ് റേഡിയേഷൻ: ഉയർന്ന തോതിലുള്ള റേഡിയേഷനുമായുള്ള സമ്പർക്കം അസ്ഥി അർബുദത്തിന് സാധ്യത വർദ്ധിപ്പിക്കുന്നു. റേഡിയേഷൻ തെറാപ്പി ചികിത്സകൾ അല്ലെങ്കിൽ നുക്ലീർ അപകടങ്ങൾ മൂലവും അസ്ഥി അർബുദമുണ്ടാകാം.
മറ്റ് അർബുദങ്ങൾ: ചില സാഹചര്യങ്ങളിൽ ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ ഉണ്ടാകുന്ന അർബുദം എല്ലുകളിലേക്കും പടർന്നേക്കാം. ഇങ്ങനെ വ്യാപിക്കുന്നവയെ മെറ്റാസ്റ്റാറ്റിക് ബോൺ കാൻസർ എന്നാണ് അറിയപ്പെടുന്നത്.
ലക്ഷണങ്ങൾ
ബാധിച്ചയിടത്തെയും എത്രത്തോളം ബാധിച്ചുവെന്നതിനെയും ആശ്രയിച്ച് അർബുദ ലക്ഷണങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കാമെന്ന് ഡോ. ഹേം ജോഷി പറയുന്നു. രോഗത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളിൽ ലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ് ഇതിലെ അപകടസാധ്യത വർധിപ്പിക്കുന്നത്. എന്നാൽ രോഗി തന്‍റെ ആരോഗ്യത്തെ കുറിച്ചും ശരീരത്തെ കുറിച്ചും ശ്രദ്ധ ചെലുത്തുന്നയാളാണെങ്കിൽ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- പൊതുവായി കാണപ്പെടുന്ന അസ്ഥി അർബുദത്തിലെ ചില സാധാരണ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.
- എല്ലുകളിലെ അർബുദത്തിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് സന്ധികളിലെ വേദന. വേദന രാത്രിയിലോ എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുമ്പോഴോ വർദ്ധിച്ചേക്കാം.
- അർബുദം പിടിപെട്ട ഭാഗത്ത് വീക്കം കാണപ്പെടാം. അത് ചർമ്മത്തിൽ ദൃശ്യമാകുകയോ അനുഭവപ്പെടുകയോ ചെയ്യാം.
- എല്ലുകൾ ബലം കുറയുകയോ പൊട്ടുകയോ ചെയ്യാം. ഇത് എല്ലുകൾ എളുപ്പത്തിൽ പൊട്ടാൻ കാരണമാകുന്നു.
- പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ നിരന്തരമായി ക്ഷീണം അനുഭവപ്പെടാം.
- പെട്ടന്ന് ശരീരഭാരം കുറയുന്നതും അസ്ഥി അർബുദത്തിന്‍റെ മറ്റൊരു ലക്ഷണമാണ്.
- സ്ഥിരമായോ ഇടയ്ക്കിടയ്ക്കുള്ള പനി, രാത്രിയിൽ അമിതമായ വിയർപ്പ് എന്നിവയും രോഗലക്ഷണങ്ങളാണ്.
രോഗനിർണയവും ചികിത്സയും
ഗുരുതരമായ രോഗമാണ് അസ്ഥി അർബുദമെങ്കിലും മാരകമായ അപകട സാധ്യതകൾ താരതമ്യേന കുറവാണെന്ന് ഡോ. ഹേം ജോഷി പറയുന്നു. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, മരുന്നുകൾ, കീമോതെറാപ്പി, മറ്റ് തെറാപ്പികൾ തുടങ്ങിയ ചികിത്സാരീതികളാണ് രോഗത്തെ ചെറുക്കാൻ പൊതുവായി സ്വീകരിക്കാറുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. അർബുദം ബാധിച്ച ഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് വഴി അസുഖത്തിൽ നിന്നും മുക്തരാകാൻ സാധിക്കും. ഇത് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെയും തടയുന്നു.
അസ്ഥി കാൻസറുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രത്തിൽ ആധുനിക ചികിത്സകൾ ലഭ്യമാണ്. കാൻസർ പിടിപെട്ട അസ്ഥികൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌ത ശേഷം അവിടെ കൃത്രിമ അസ്ഥികൾ പിടിപ്പിക്കാൻ സാധിക്കും. എന്നാൽ ഈ പ്രക്രിയ എല്ലാ സന്ദർഭങ്ങളിലും സാധ്യമാകണമെന്നില്ല എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. അതേസമയം അർബുദം ബാധിച്ച് കൈകളോ കാലുകളോ നഷ്‌ടപ്പെട്ടവർക്ക് കൃത്രിമ കൈകാലുകളുടെ സഹായം തേടാവുന്നതാണ്.
ക്യാൻസറിൽ നിന്നും പൂർണ്ണമായി മുക്തി നേടുകയെന്നത് ക്യാൻസറിൻ്റെ തരത്തെയും ബാധിച്ച ഇടത്തേയും ആശ്രയിച്ചിരിക്കുന്നു. മാത്രമല്ല പ്രാരംഭ ഘട്ടത്തിൽ രോഗം കണ്ടെത്തുകയും കൃത്യസമയത്ത് ചികിത്സ ആരംഭിക്കുകയും ചെയ്‌താൽ അർബുദത്തിൽ നിന്നും പൂർണ്ണമായും സുഖം പ്രാപിക്കാൻ സാധിക്കും. അതേസമയം അസ്ഥി അർബുദം വീണ്ടും ബാധിക്കാനുള്ള സാധ്യതയും കുറവാണെന്നും ഡോ. ഹേം ജോഷി പറഞ്ഞു.
Also Read: ഗ്യാസ്ട്രിക് പ്രശ്‌നത്താൽ കഷ്‌ടപ്പെടുന്നാവരാണോ നിങ്ങൾ? എങ്കിൽ ഈ ഭക്ഷണക്രമം ശീലമാക്കൂ ...