തിരുവനന്തപുരം: വ്യാജ ചികിത്സകര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മെഡിക്കല്‍ കൗണ്‍സില്‍ നൈതിക ചട്ടങ്ങള്‍ പ്രകാരം ഡോക്‌ടര്‍മാര്‍ അവരുടെ ബോര്‍ഡുകള്‍, കുറിപ്പടികള്‍, സീലുകള്‍ മുതലായവയില്‍ അംഗീകൃത ബിരുദങ്ങളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നമ്പറും ഉള്‍പ്പെടുത്താന്‍ ബാധ്യസ്ഥരാണെന്ന് ഐ എം എ അറിയിച്ചു. മലപ്പുറം കോട്ടക്കടവ് നടന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ ഓര്‍മ്മപ്പെടുത്തല്‍.
ഡോക്‌ടര്‍മാരെയും മറ്റ് ജീവനക്കാരെയും ജോലിക്ക് നിയോഗിക്കുമ്പോള്‍ അവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയും മുന്‍കാല പരിചയവും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് മാനേജ്‌മെന്‍റുകളുടെയും സര്‍ക്കാരിന്‍റെയും ഉത്തരവാദിത്തമാണ്.
നിലവില്‍ 33 മെഡിക്കല്‍ കോളേജുകളുള്ള കേരളത്തില്‍ വിദേശ സര്‍വകലാശാലകളില്‍ നിന്നടക്കം വര്‍ഷം ഏഴായിരത്തിലധികം എം ബി ബി എസ് ബിരുദധാരികള്‍ പഠിച്ചിറങ്ങുന്നു. എന്നിട്ടും വ്യാജന്‍മാരെയും മുറി വൈദ്യന്മാരെയും വെച്ചു ചികിത്സ നടത്താന്‍ കാണിക്കുന്ന ധാര്‍ഷ്ട്യം വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കൂടാതെ മോഡേണ്‍ മെഡിസിന്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റ് ചികിത്സാ ശാഖകളില്‍ നിന്നുള്ള ബിരുദധാരികളെ നിയോഗിക്കുന്നത് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വിദേശ സര്‍വകലാശാലകളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ മതിയായ രജിസ്‌ട്രേഷന്‍ ഇല്ലാതെ പരിശീലനം നല്‍കുക, പാരാ മെഡിക്കല്‍ ബിരുദദാരികള്‍ക്ക് ആശുപത്രികളില്‍ രോഗീ പരിചരണത്തിന് ചുമതല നല്‍കുക എന്നീ ദുഷ് പ്രവണതകളെ കണ്ടെത്തി അതിന് കൂട്ട് നില്‍ക്കുന്നവരെ ശിക്ഷിക്കാന്‍ കൗണ്‍സിലും സര്‍ക്കാരും തയ്യാറാകണം.
കേരള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്‌ത മുഴുവന്‍ ഡോക്‌ടര്‍മാരുടെയും കുറ്റമറ്റ പട്ടിക പ്രസിദ്ധീകരിക്കാന്‍ കൗണ്‍സില്‍ നടപടി എടുക്കണം. മെഡിക്കല്‍ കൗണ്‍സില്‍ വെബ് സൈറ്റില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് അതിന്‍റെ വിശ്വാസ്യത പരിശോധിക്കാന്‍ സാധ്യമായ സംവിധാനം നിലവില്‍ വരണം. അംഗീകൃത ബിരുദങ്ങളും രജിസ്‌ട്രേഷന്‍ നമ്പറും പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം കര്‍ശന ശിക്ഷ നിശ്ചയിക്കണമെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
ഈ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്താനും വ്യാജ ചികിത്സകരെ കണ്ടെത്തി അവരെ നിയമത്തിന്‍റെ മുമ്പിൽ കൊണ്ടുവരാനും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ മുഴുവന്‍ ഐ എം എ ശാഖകളെയും അംഗങ്ങളെയും സജ്ജരാക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡോ ജോസഫ് ബെനവന്‍, സെക്രട്ടറി ഡോ ശശിധരന്‍ എന്നിവര്‍ അറിയിച്ചു.